സമസ്തക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

യൂത്ത് ലീഗിന്റെ യുവജന യാത്രയില്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ വേദിയില്‍ അദ്ദേഹവുമൊത്ത് സെല്‍ഫിയെടുക്കാന്‍ സഹോദരിമാര്‍ മത്സരിക്കുന്നതും യുവജന യാത്രയെ വരവേല്‍ക്കാന്‍ വനിതാ ലീഗുകാര്‍ അണിനിരന്നതും സമസ്തയിലെ ലീഗ് പ്രേമികള്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിക്കുന്നു.

സമസ്തക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

വനിതാ മതേതര സംഗമത്തില്‍ മുസ്ലിം സ്ത്രീകള്‍ പങ്കുകൊണ്ടത് രാഷ്ട്രീയമില്ലെന്ന് പറയുകയും ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുകയും മുസ്ലിം ലീഗിനെ കണ്ണടച്ച് പിന്തുണക്കുകയും ചെയ്യുന്ന സമസ്തയുടെ നിലപാടിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്ന് കെടി ജലീല്‍. സ്ത്രീകള്‍ കാഴ്ചവസ്തുക്കളാകരുത് എന്നാണ് ഇസ്ലാമിക പക്ഷമെങ്കില്‍ ലീഗിലും യുഡിഎഫിലും അണിനിരക്കുന്ന സ്ത്രീകള്‍ക്ക് ഇത് ബാധകമാക്കി ഒരു മതവിധി എന്തേ ഇക്കൂട്ടര്‍ പുറപ്പെടുവിക്കാത്തതെന്നും അദ്ദേഹം മന്ത്രി ചോദിച്ചു.

വനിതാമതിലില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തത് ഇസ്ലാമിക വിരുദ്ധവും വനിതാ മതിലിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച വനിതാ മതേതര സംഗമത്തില്‍ മുസ്ലിം സ്ത്രീകള്‍ പങ്കുകൊണ്ടത് മതപരമായി അനുവദനീയമാകുന്നതും ചെയ്യുന്നതിലെ ഗുട്ടന്‍സ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇസ്ലാമില്‍ ലീഗിന് ഒരു നിയമവും ലീഗേതരര്‍ക്ക് വേറൊരു നിയമവുമാണോയെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ ചോദിക്കുന്നു.

ആര്‍ക്കും ഏത് രാഷ്ട്രീയവും പിന്തുടരാന്‍ അവകാശമുള്ള നാടാണ് നമ്മുടേത്. ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ കിട്ടുന്നതോ, എതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ ലഭിക്കാതെ പോകുന്നതോ അല്ല ഇസ്ലാം മത വിശ്വാസത്തിലെ മെമ്പര്‍ഷിപ്പ്. ലീഗിന്റെ ദുഷ്‌ചൈതികളെയോ മതവിരുദ്ധ പ്രവൃത്തികളെയോ ഇവര്‍ എതിര്‍ത്തതായി കണ്ടിട്ടില്ല. പലിശ വന്‍പാപമാണെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ധനമിടപാടു സ്ഥാപനങ്ങളുമായി നമുക്ക് ബന്ധപ്പെടേണ്ടി വരുമെന്നത് ശരിയാണ്. എന്നാല്‍ പലിശ ഇടപാടു സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഭാഗമാകുന്ന ലീഗ് നിലപാടിനെ പാതിരാ പ്രസംഗകരാരും വിമര്‍ശിച്ചതായി കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ ഭരിക്കാതെ ഒരു രാഷട്രീയ പാര്‍ട്ടിക്ക് കേരളത്തില്‍ നിലനില്‍ക്കാനും യുഡിഎഫിന്റെ ഭാഗമാകാനും കഴിയുമെന്നിരിക്കെ എന്ത് കൊണ്ടാണ് ഒരു വന്‍പാപത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സമസ്തയിലെ ഇടതുപക്ഷ വിരുദ്ധര്‍ ലീഗിനോട് കല്‍പിക്കാത്തത്? യൂത്ത് ലീഗിന്റെ യുവജന യാത്രയില്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ വേദിയില്‍ അദ്ദേഹവുമൊത്ത് സെല്‍ഫിയെടുക്കാന്‍ സഹോദരിമാര്‍ മത്സരിക്കുന്നതും യുവജന യാത്രയെ വരവേല്‍ക്കാന്‍ വനിതാ ലീഗുകാര്‍ അണിനിരന്നതും സമസ്തയിലെ ലീഗ് പ്രേമികള്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിക്കുന്നു.


Read More >>