ചന്ദ്രയാന്‍ 2 ജൂലൈയിൽ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ജി.എസ്. എൽ.വി എം.കെ-3 റോക്കറ്റിലായിരിക്കും ചന്ദ്രയാന്‍ 2 കുതിയ്ക്കുക

ചന്ദ്രയാന്‍ 2 ജൂലൈയിൽ  വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ

ഇന്ത്യയുടെ ചാന്ദ്ര പ്രര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ജൂലൈ ഒമ്പതിനും 16നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. നേരത്തെ 2019 ഏപ്രിലിൽ വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിക്ഷേപണത്തിനുള്ള ഘട്ടങ്ങൾ പൂർത്തിയാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ജി.എസ്. എൽ.വി എം.കെ-3 റോക്കറ്റിലായിരിക്കും ചന്ദ്രയാന്‍ 2 കുതിയ്ക്കുക. മിഷന് ആവശ്യമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ജൂലൈയില്‍ തയാറാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബര്‍ ആറിന് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് തവണയാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചത്. ചന്ദ്രയാന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു 800 കോടി രൂപ ചെലവില്‍ നിരീക്ഷണ പേടകം അയയ്ക്കുന്നത്. ചന്ദ്രനിലെ മണ്ണിന്‍റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2008ലായിരുന്നു ഐ.എസ്.ആർ.ഒ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്.

നേരത്തെ ചന്ദ്രന്‍റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്.



Read More >>