നാലാം ടെസ്റ്റ് സമനിലയിൽ, ഓസ്ട്രേലിയയിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യ

മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം

നാലാം ടെസ്റ്റ് സമനിലയിൽ, ഓസ്ട്രേലിയയിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയിൽ ആ‍ദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയിലെ നാലാം ടെസ്റ്റ് മഴ മൂലം മുടങ്ങിയതിനാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ നാലു മൽസരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം.

നാലാം ടെസ്റ്റിൻെറ അവസാനദിവസത്തെ ആദ്യ സെഷൻ മഴ കാരണം വെെകിയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമായത്. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ ആതിഥേയർ ഇന്ത്യയോട് ഫോളോ ഓണ്‍ വഴങ്ങിയിരുന്നു.31 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്ട്രേലിയ സ്വന്തം മണ്ണില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ൽ ഇംഗ്ലണ്ടിനോടായിരുന്നു കം​ഗാരുക്കൾ അവസാനമായി ഫോളോ ഓണ്‍ ചെയ്തത്.

ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 300 റണ്‍സിന് പുറത്തായി. 322 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ ഇന്ത്യ ആതിഥേയരെ ഫോളോ ഓണിന് ക്ഷണിച്ചു. നാലാം ദിനം നേരത്തെ കളിയവസാനിപ്പിച്ചപ്പോള്‍ അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാനായില്ല.

പുജാര വന്മതിൽ

ടൂര്‍ണമെന്റിലുടെനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. സിഡ്‌നിയില്‍ 373 പന്തുകള്‍ നേരിട്ട് 22 ബൗണ്ടറികള്‍ ഉള്‍പ്പെടെ 193 റണ്‍സ് നേടിയ പുജാരയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ച്വറിയുള്‍പ്പെടെ 84.83 ശരാശരിയില്‍ 521 റണ്‍സാണ് പുജാര അടിച്ചെടുത്തത്. റിഷഭ് പന്തിന്റെ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. 189 പന്തില്‍ 159 റണ്‍സാണ് റിഷഭ് സ്വന്തമാക്കിയത്. ഇതില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. അര്‍ദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ (81), മായങ്ക് അഗര്‍വാള്‍ (77) എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് കരുത്തായിഫാസ്റ്റ് ബൗളര്‍മാര്‍ തിളങ്ങി

ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമായി. ടൂര്‍ണമെന്റില്‍ 21 വിക്കറ്റുമായി ബൂംറ തിളങ്ങിയപ്പോള്‍ ഷമി 16 വിക്കറ്റും പിഴുതു.

കൈക്കുഴകൊണ്ട് മായാജാലം തീര്‍ക്കുന്ന കുല്‍ദീപ് യാദവാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നാലാം ടെസ്റ്റില്‍ എറിഞ്ഞിട്ടത്. 31.5 ഓവറുകളെറിഞ്ഞ് 99 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ ഒരു വിക്കറ്റും സ്വന്തമാക്കി.

അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ

ചരിത്ര നേട്ടത്തിനുവേണ്ട ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ചേതേശ്വര്‍ പുജാരയുടെ (123,72) പ്രകടനമാണ് ഇന്ത്യയെ തുണച്ചത്.

പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തിരിച്ചടിച്ചു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കിയ ഓസീസ് ബൗളര്‍മാര്‍ 146 റണ്‍സിനാണ് വിജയിച്ചത്. പരമ്പര 1-1.

മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കളി കൈക്കലാക്കി. 137 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ചേതേശ്വര്‍ പുജാരയുടെ (106) സെഞ്ച്വറിക്കൊപ്പം ജസ്പ്രീത് ബൂംറയുടെ തകര്‍പ്പന്‍ ബൗളിങ്ങും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി.

ഓസ്‌ട്രേലിയയില്‍ ഏഷ്യന്‍ ടീമിന്റെ ആദ്യ പരമ്പര

ഓസ്‌ട്രേലിയന്‍ ഏഷ്യന്‍ ടീം ആദ്യമായാണ് ടെസ്റ്റ് പരമ്പര നേടുന്നത്. കഴിഞ്ഞ 71 വര്‍ഷങ്ങള്‍ക്കിടെ 31 പരമ്പരകളിലായി 98 മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നടന്നിട്ടുണ്ടെങ്കിലും പരമ്പര നേടാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ മാത്രമാണ് ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീമുകള്‍.


വിമര്‍ശകരുടെ വായടപ്പിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും നിര്‍ണ്ണായകമായിരുന്നു ഈ പരമ്പര. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും തോറ്റ ഇന്ത്യന്‍ ടീമിനെതിരേ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളുടെ ഭാരവുമായാണ് കോലിപ്പട ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഏഷ്യയില്‍ നിന്ന് 28 നായകന്മാർ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് 29ാമനായ കോലി നേടിയെടുത്തത്.

Read More >>