ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍

റോഡ് നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോർഡർ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കിൽ ജോർദാൻ വിസ വേണം, ആളൊഴിഞ്ഞ ഒരതിർത്തി ചെക്ക്‌പോസ്റ്റ്, തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ ഓഫീസ് കെട്ടിടങ്ങൾ, തോക്കു ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരൊന്നുമില്ല.

ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍

ചെങ്കടലിന്റെ മണമുള്ള കാറ്റ് പുറത്തടിച്ച് വീശുന്നുണ്ട്, ചുവപ്പും കറുപ്പും വെളുപ്പും നിറത്തിലുള്ള പാറക്കെട്ടുകൾ തല ഉയർത്തി നിൽക്കുന്നു. അവ പൊടുന്നനെ മരുഭൂമിയുടെ വന്യമായ തീഷ്ണതയിലേക്ക് വഴിമാറുന്നു. മരുഭൂമിയിൽ കടലിനോട് സമാന്തരമായി നിർമ്മിക്കപ്പെട്ട റോഡിന്റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്നത് പോലത്തെ പാത.

ഈ അറ്റം കാണാ പാതയിലൂടെ വരണ്ടുണങ്ങിയ മരുഭൂമിയിലെ കാഴ്ചകൾ കണ്ട് ''ക്യാമൽ ക്രോസിംഗ്'' നെ ഭയന്ന് അതിവേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. മരുപ്പാതകളും മലമ്പാതകളും താണ്ടി അഖലിൽ എത്തിയപ്പോൾ തോന്നി ഇവിടെ വന്നിരുന്നില്ലായിരുന്നെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നെന്ന്.മരുഭൂമിയുടെ ഉള്ളുണർ്ത്തുന്ന കാഴ്ചകളുടെ അത്ഭുതലോകമാണ് മുൻപിൽ. പ്രകൃതിയുടെ വിരൽപ്പാടുകൾ പതിഞ്ഞുക്കിടക്കുന്ന പ്രദേശം. അതിനപ്പുറം രാജ്യ, ഭൂഖണ്ടാതിരുകൾ വരെ ഉൾപ്പെടുന്ന തന്ത്രപ്രാധാനയിടം.

റോഡ് നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോർഡർ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കിൽ ജോർദാൻ വിസ വേണം, ആളൊഴിഞ്ഞ ഒരതിർത്തി ചെക്ക്‌പോസ്റ്റ്, തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ ഓഫീസ് കെട്ടിടങ്ങൾ, തോക്കു ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരൊന്നുമില്ല.

ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് പോയിക്കഴിഞ്ഞാൽ ആദ്യം എത്തിച്ചേരുന്നത് ജോർദാനിലെ ഒരേയൊരു തുറമുഖ നഗരമായ അഖബയിലാണ്, മുൻപിൽ നീലപ്പരവതാനി പോലെ കിടക്കുന്ന കടലിന്റെ പേരും അത് തന്നെയാണ്, അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ അതിരുടുന്നത് മുഖാമുഖമായി നിൽക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോർദാൻ, ഇസ്രയേൽ. ഒരു രാജ്യത്തിരുന്ന് മറ്റ് മൂന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെ.

ഈജിപ്തിന്റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാൻ വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും. ഹഖൽ സൗദിയുടെ വടക്ക് കിഴക്കൻ പ്രവിശ്യയായ തബൂക്കിന്റെ പരിധിയിൽപ്പെടുന്ന ഒരു ചെറിയ നഗരം. സൗദി ഗവണ്മെന്റ് ടുറിസത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഹഖലിന്റെ ഈ തീരങ്ങളിൽ ഒരുപാട് റിസോർട്ടുകളും ടുറിസ്റ്റു ബംഗ്ലാവുകളുമുണ്ട്.

ഹഖലിന്റെ രാത്രിക്ക് പറഞ്ഞറീക്കാൻ പറ്റാത്ത സൗന്ദര്യമാണത്ര. പവിഴപ്പുറ്റുകൾ നിറഞ്ഞ തെളിഞ്ഞ വെള്ളമുള്ള ബീച്ചിൽ രാത്രിയാവാൻ വേണ്ടി കാത്തിരുന്നു. സമയം 7.30 ആയിട്ടും സീനായ് കുന്നുകൾക്ക് മീതെ സൂര്യൻ പോകാൻ മടിച്ചുനിൽക്കുന്നു.അതിമനോഹരമാണാക്കഴ്ച സീനായുടെ കുന്നിൻ വിടവുകളിലൂടെ ചക്രവാളത്തിലേക്കിറങ്ങിപ്പോവുന്ന അസ്തമയ സൂര്യൻ. വിദൂരതയിൽ സീനായ് കുന്നുകളെ നോക്കി, തഴുകിത്തലോടി കടന്നു പോവുന്ന തണുത്ത കാറ്റേറ്റ് ചരിത്രം സംഭവിച്ചടുത്തിരുന്ന് ആ ചരിത്രത്തിലൂടെ കടന്ന് പോവുക എന്നത് അനിർവചിനിയമായ ഒരവസ്ഥയാണ്.

മൂസ നബിക്ക് വേദഗ്രന്ഥം നൽകപ്പെട്ട കഥ മുതൽ ഇങ്ങ് ഇസ്രായേൽ അധിനിവേശം വരെയുള്ള കഥകൾ. പിന്നീട് ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് ഈ തീരങ്ങൾ സാക്ഷിയായി.പുറമേക്ക് ശാന്തമായി കിടക്കുകയാണങ്കിലും നിരന്തരമായ സംഘർഷങ്ങൾക്ക് ഇന്നും വേദിയാവുന്നു അഖബ ഉൾക്കടൽ.സീനയിൽ ഇസ്രയേൽ നേടിയ അധിപത്യം മുതൽ ഗാസ മുനമ്പും, ബൈത്തുൽ മുഖദ്ദിസുംവരെ അങ്ങെനെ മധ്യപൗര്യസ്ഥ ദേശത്തിന്റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം.

ഓരോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട് സൗദിയുടെ തീരത്തുള്ള കുന്നുകൾക്ക് മുകളിൽ വരെ ദേശിയ പതാകയും, ഖുർആൻ സൂക്തങ്ങളും ആലേഖനം ചെയ്ത് അതിന്ന് ലൈറ്റിംഗ് ചെയ്തിരിക്കുന്നു. പ്രകാശത്തിൽ കുളിച്ച് നിൽകുന്ന ഈ കാഴ്ചകൾ തന്നെയാണ് ഹഖലിന്റെ രാത്രിയെ മനോഹരമാക്കുന്നത്.

ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരത്ത് കൂടി മടങ്ങുമ്പോൾ ഒന്ന് നീന്തിയിട്ടു പോകാമെന്നു പറഞ്ഞ് വിളിച്ചതാണ് മനോഹരമായ പവിഴ മണൽ വിരിച്ച ബീച്ചുകൾ, ആ ക്ഷണം 'പിന്നീടൊരിക്കലേക്ക് മാറ്റിവെച്ച് മടങ്ങുകയാണ് ജിദ്ദയിലേക്ക്.

Read More >>