യുവതിയെ കൊന്ന കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ

ഉദയംപേരൂർ സ്വദേശിനിയും പ്രേംകുമാറിന്റെ ഭാര്യയുമായ വിദ്യയാണ് സെപ്തംബറിൽ കൊല്ലപ്പെട്ടത്

യുവതിയെ കൊന്ന കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ സംഭവത്തിൽ ഭർത്താവും കാമുകിയും പിടിയിൽ. ഉദയംപേരൂർ സ്വദേശി പ്രേംകുമാറും കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. ഉദയംപേരൂർ സ്വദേശിനിയും പ്രേംകുമാറിന്റെ ഭാര്യയുമായ വിദ്യയാണ് സെപ്തംബറിൽ കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവും കാമുകിയും പിടിയിലായത്. തന്റെ ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാർ നേരത്തെ പൊലീസിൽ പരാതി നല്കിയിരുന്നു. തിരുനെൽവേലിയിൽ റോഡരികിൽ നിന്ന് കണ്ടെത്തി പൊലീസ് മറവുചെയ്ത അജ്ഞാത മൃതദേഹം വിദ്യയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭർത്താവിന്റേയും കാമുകിയുടേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വച്ചാണ് വിദ്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സെപ്തംബർ മൂന്നിനാണ് വിദ്യയുടെ മൃതദേഹം തിരുനെൽവേലിയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാർ നല്കിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. വിദ്യയുടെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഫോൺ ബീഹാറിലാണെന്ന വിവരം ലഭിച്ചതല്ലാതെ അന്വേഷണം മുന്നോട്ടുപോയില്ല. അതിനിടയിലാണ് തിരുനെൽവേലിയിൽ അജ്ഞാത മൃതദേഹം മറവുചെയ്തതായി പൊലീസിന് വിവരം കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പ്രേംകുമാറിനെ ബന്ധപ്പെടാൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെടുകയും ഭർത്താവ് മുങ്ങിയതാണെന്ന് പൊലീസ് മനസ്സിലാക്കുകയും ചെയ്തു. അതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

കാമുകിയോടൊപ്പം ജീവിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആദ്യം മിസ്സിങ് കേസായി റജിസ്റ്റർ ചെയ്തത് പിന്നീട് കൊലപാതമായി മാറുകയായിരുന്നു. പ്രേംകുമാറും സുനിത ബേബിയും തിരുനെൽവേലിയിൽ ജീവിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം കാര്യക്ഷമമായത്. പ്രതികളെ എവിടെവച്ചാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചിട്ടില്ല. പ്രേംകുമാറിനെയും സുനിതയെയും കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Next Story
Read More >>