നെഞ്ചു തകർന്ന ലങ്ക; ശ്രീലങ്ക വീണ്ടും ഭീകരതയുടെ കരിമ്പടം പുതയ്ക്കുകയാണ്

ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ട സമയത്താണ് രാഷ്ട്ര നേതാക്കൾ പരസ്പരം വിഴുപ്പലക്കുന്നത്. ശ്രീലങ്കയെ കരകയറ്റേണ്ട ഉത്തരവാദിത്തം എല്ലാ മനുഷ്യ സ്നേഹികൾക്കുമുണ്ട്. നെഞ്ചു തകർന്നു നിൽക്കുന്ന ലങ്കയെ ചേർത്തുപിടിക്കാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങൾ ഏറ്റെടുക്കണം

നെഞ്ചു തകർന്ന ലങ്ക; ശ്രീലങ്ക വീണ്ടും ഭീകരതയുടെ കരിമ്പടം പുതയ്ക്കുകയാണ്

തമിഴ് ഭീകരതയുടെ കരാള വർഷങ്ങൾക്കു ശേഷം സമാധാനത്തിന്റെ കാലം ആസ്വദിച്ചുകൊണ്ടിരുന്ന ശ്രീലങ്ക വീണ്ടും ഭീകരതയുടെ കരിമ്പടം പുതയ്ക്കുകയാണ്. തമിഴ്-സിംഹള സംഘർഷങ്ങളാണ് ഏറെക്കാലം ശ്രീലങ്കയുടെ ഉറക്കം കെടുത്തിയത്. തമിഴ് ഈഴം വിടുതലൈപ്പുലികൾ (എൽ.ടി.ടി.ഇ) ശ്രീലങ്കയിൽ തമിഴർക്ക് ഒരു രാജ്യം എന്ന ആവശ്യവുമായി രക്തരൂഷിത പോരാട്ടങ്ങളാണ് നടത്തിയത്. സിംഹളരുടെ ആധിപത്യ സിദ്ധാന്തമാണ് തമിഴർ ഇടയാൻ കാരണമായത്. തുല്യനീതി ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭങ്ങൾ ഒരു രാജ്യം തന്നെ വേണമെന്ന ആവശ്യമായി പരിണമിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം പേർ ഈ ആക്രമണ പരമ്പരകളിൽ കൊല്ലപ്പെട്ടു. മുസ്‌ലിംകൾ എതിരായതിനാൽ അവരെയും എൽ.ടി.ടി.ഇ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ ചാവേർ സ്‌ഫോടനങ്ങൾ നടത്തിയത് എൽ.ടി.ടി.ഇയാണ്. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം നിരവധി നേതാക്കളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും ജീവനെടുത്ത തമിഴ് ഭീകരതയിൽനിന്ന് ഏറെ സമയമെടുത്താണ് ശ്രീലങ്ക മോചിതമായത്. ഇന്ത്യയുടെ കണ്ണീർതുള്ളി പോലെ കേരളത്തിനു തൊട്ടുതാഴെയായി ഭൂപടത്തിൽ ഇടം പിടിച്ച ലങ്ക പ്രകൃതി രമണീയത കൊണ്ടും കേരളം പോലെ മനോഹരമാണ്. 2009ൽ എൽ.ടി.ടി.ഇ പൂർണ്ണമായും തകർപ്പെടുകയും നേതാവ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെടുകയും ചെയ്ത ശേഷം രാജ്യത്ത് ടൂറിസം ഉൾപ്പെടെ വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. വികസനത്തിന്റെ പുതിയ പച്ചപ്പിലേക്ക് ശ്രീലങ്ക അടിവെച്ച് നീങ്ങുന്ന സമയത്താണ് വീണ്ടും സ്‌ഫോടന പരമ്പരകൾ അരങ്ങേറിയത്.

എൽ.ടി.ടി.ഇ ഇല്ലാതായതോടെ സിംഹളരുടെ വംശവെറി മുസ്‌ലിംകൾക്കു നേരെയായി. കഴിഞ്ഞ വർഷം കാൻഡിയിൽ ഇത് വർഗ്ഗീയ സംഘർഷത്തിന് കാരണമായി. ഇതോടെ മുസ്‌ലിംകൾക്കിടയിൽ തീവ്രവാദ സംഘടനകൾ മുളപൊട്ടി. നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയത്തുൽ മില്ലത്ത് ഇബ്രാഹിം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ് സിംഹളരിൽനിന്നുള്ള ഭീഷണി ചെറുക്കാനായി ജന്മമെടുത്തത്. ആത്മീയ തീവ്രതയുള്ള ഗ്രൂപ്പുകളും സുരക്ഷിത താവളമെന്ന നിലയിൽ ശ്രീലങ്കയിൽ സ്ഥാപനങ്ങളുണ്ടാക്കി. യെമനിലെ ദാറുൽഹദീസിനു സമാനമായ ആത്മീയ കേന്ദ്രങ്ങൾ ശ്രീലങ്കയിലും ഉയർന്നു. കേരളത്തിൽനിന്നു പോലും ഇവിടേക്ക് പലായനമുണ്ടായി.

2 കോടി ജനസംഖ്യയുള്ള ശ്രീലങ്കയിൽ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. 12 ശതമാനം ഹിന്ദുക്കളും തദ്ദേശീയ വിഭാഗങ്ങളുമുണ്ട്. മുസ്‌ലിംകൾ 10 ശതമാനവും ക്രിസ്തീയ വിശ്വാസികൾ ആറു ശതമാനവുമാണ്. ഈസ്റ്റർ ദിനത്തിൽ സ്‌ഫോടന പരമ്പര നടത്തിയതിന്റെ ഉത്തരവാദിത്തം ഐ.എസ് എന്ന ആഗോള ഭീകരസംഘടനയാണ് ഏറ്റെടുത്തത്. പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഐ.എസ് ആസൂത്രണം ചെയ്തതാണ് ഈ ക്രൂരതയെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 359 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഒന്നിനു പിറകെ ഒന്നായി ക്രിസ്ത്യൻ പള്ളികളിലും സ്റ്റാർ ഹോട്ടലുകളിലും സ്‌ഫോടനങ്ങൾ നടന്നു.

രാജ്യത്തിന്റെ ഇന്റലിജൻസ് സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടതിന്റെ തെളിവാണ് സ്‌ഫോടനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. കൊളംബോയിലെ ഭീകരാക്രമണ സാദ്ധ്യതയെപ്പറ്റി ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസി നേരത്തെ ശ്രീലങ്കയ്ക്ക് വിവരം നൽകിയിരുന്നു. കോയമ്പത്തൂരിലെ ഐ.എസ് ബന്ധമുള്ള കേസിൽനിന്നാണ് എൻ.ഐ.എക്ക് ഈ തുമ്പ് ലഭിച്ചത്. എന്നാൽ വേണ്ടത്ര ജാഗ്രത കൈക്കൊള്ളാൻ ശ്രീലങ്കൻ സർക്കാറിന് കഴിഞ്ഞില്ല. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി മനുഷ്യർ ചിതറിവീഴുന്നത് കണ്ടുനിൽക്കേണ്ടി വന്നു.

വംശീയ വെറിയാണ് ശ്രീലങ്കയെ ഈ കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സിംഹള ദേശീയതയാണ് ഇതിന്റെ അടിസ്ഥാനം. തമിഴരെ എല്ലാ മേഖലകളിൽനിന്നും അകറ്റി നിർത്തി ഒറ്റപ്പെടുത്തിയതോടെ അവർ പ്രതിരോധ മാർഗ്ഗം തേടുകയായിരുന്നു. അത് തീവ്രവാദത്തിനും രക്തച്ചൊരിച്ചിലിനും നിരപരാധികളുടെ ജീവൻ നഷ്ടമാകുന്നതിനും കാരണമായി.

പ്രസിഡന്റും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും ചേർന്നു നടത്തിയ അധികാര വടംവലിയുടെ ഭരണഘടനാ പ്രതിസന്ധിക്കു ശേഷം ശ്രീലങ്ക നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. മൂന്നു പതിറ്റാണ്ടിന്റെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഭരണാധികാരികൾ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിനു മുമ്പുള്ള ആലസ്യത്തിലാണ്. ഏഷ്യയിൽ പുതിയ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള ബാദ്ധ്യത ശ്രീലങ്കയുടെ അയല്‍ രാജ്യമായ ഇന്ത്യക്കുമുണ്ട്.

പ്രതിപക്ഷ നേതാവ് മഹീന്ദ രജപക്‌സെ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനുള്ള ഒരുക്കങ്ങളിലാണ്. മുൻ സൈനിക മേധാവി ശരത് ഫോൻസേകയെ മാറ്റിയതാണ് സ്‌ഫോടനങ്ങൾക്ക് കാരണമെന്നു പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ നീക്കങ്ങൾ നടത്തുന്ന തിരക്കിലാണ് ഇദ്ദേഹം. ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ട സമയത്താണ് രാഷ്ട്ര നേതാക്കൾ പരസ്പരം വിഴുപ്പലക്കുന്നത്. ശ്രീലങ്കയെ കരകയറ്റേണ്ട ഉത്തരവാദിത്തം എല്ലാ മനുഷ്യ സ്നേഹികൾക്കുമുണ്ട്. നെഞ്ചു തകർന്നു നിൽക്കുന്ന ലങ്കയെ ചേർത്തുപിടിക്കാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങൾ ഏറ്റെടുക്കണം.

Read More >>