ഇമാമായി കാന്തപുരം; പിന്നില്‍ ജിഫ്‌രി തങ്ങളും പാണക്കാട് തങ്ങളും- സുന്നീ ഐക്യം പുലരുമോ?

ലീഗുമായി അകലം പാലിക്കുന്ന കാന്തപുരം വിഭാഗത്തിന്റേതിന് സമാനമായ സ്വഭാവമാണ്, ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷനായ ശേഷം സമസ്തക്ക് ലീഗുമായി ഉള്ളത് എന്ന് വിമര്‍ശമുണ്ട്.

ഇമാമായി കാന്തപുരം; പിന്നില്‍ ജിഫ്‌രി  തങ്ങളും പാണക്കാട് തങ്ങളും- സുന്നീ ഐക്യം പുലരുമോ?

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ശനിയാഴ്ച വൈകിട്ട് യു.ഡി.എഫ് കോഴിക്കോട്ട് കടപ്പുറത്ത് നടത്തിയ മഹാസംഗമത്തില്‍ ശ്രദ്ധ കവര്‍ന്നത് സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ഇ.കെ വിഭാഗം നേതാവ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് പതിറ്റാണ്ടുകളായി അകലെ നില്‍ക്കുന്ന ഇരുവിഭാഗം സമസ്തയുടെയും സമുന്നത നേതാക്കളുടെ അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്കാണ് കടപ്പുറം വേദിയായത്.

>സംഘടനാ വൈരം മറന്ന ഒത്തുചേരല്‍

രണ്ടാംനിരയിലുള്ള നേതാക്കള്‍ പല തവണ കൂടിയിരുന്നിട്ടുണ്ട് എങ്കിലും ഇരു സംഘടനയുടെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ വേദി പങ്കിട്ടത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. ചടങ്ങിന്റെ തുടക്കത്തില്‍ തന്നെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായ കാന്തപുരം വേദിയില്‍ എത്തിയിരുന്നു. സ്വാഗതഭാഷണത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് സംസാരിച്ചു കൊണ്ടിരിക്കെ ജിഫ്‌രി തങ്ങളുമെത്തി. കാന്തപുരത്തിന്റെ വലതുവശത്തുള്ള സീറ്റില്‍ ഇരുന്നു. മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ കുശലം പറഞ്ഞു. പിന്നീടെത്തിയ സാദിഖലി ശിഹാബ് തങ്ങളെ ഇരുവരും എണീറ്റു നിന്ന് ആശ്ലേഷിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ പോയ ശേഷം ഇരുവരും ചിരിച്ചു സംസാരിക്കുകയും ചെയ്തു.


പാണക്കാട് തങ്ങള്‍ക്ക് ശേഷമാണ് ജിഫ്‌രി തങ്ങള്‍ പ്രസംഗിച്ചത്. തൊട്ടുപിന്നാലെ കാന്തപുരവും. ഹൈദരലി തങ്ങളെ കൈപിടിച്ചു ആശ്ലേഷിച്ച ശേഷമാണ് കാന്തപുരം പ്രസംഗപീഠത്തിേലക്ക് നീങ്ങിയത്.

>ഇമാമായി കാന്തപുരം

സമ്മേളനത്തിനിടെ മഗ്‌രിബ് (സന്ധ്യ) നമസ്‌കാരം നിര്‍വഹിച്ച വേളയില്‍ കാന്തപുരമായിരുന്നു ഇമാം. (നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍). തൊട്ടുപിന്നില്‍ ജിഫ്‌രി തങ്ങള്‍, ഹൈദരലി തങ്ങള്‍, മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍, ലീഗ് നേതാവ് എം.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവരും.

ഈ ചിത്രം സമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പങ്കുവയ്ക്കപ്പെട്ടു. മോദിക്കും അമിത് ഷായ്ക്കും നന്ദി, ഇത്തരമൊരു കൂടിച്ചേരല്‍ ഒരുക്കിയതിന് എന്ന അര്‍ത്ഥത്തിലായിരുന്നു പങ്കുവയ്ക്കലുകള്‍. ഇരുസുന്നി സംഘടനകള്‍ക്കിടയിലും ഇത് ഏറെ ചര്‍ച്ചയായി.

>രസകരമായ ചരിത്രം

1985ല്‍ ഇതുപോലെ ഒരു സമ്മേളന വേദിയില്‍ വച്ച് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി അന്നത്തെ സമസ്ത ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വേദി പങ്കിട്ടതില്‍ കാന്തപുരത്തിന് പ്രതിഷേധമുണ്ടായിരുന്നു. അത് പിന്നീട് പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു.

1985 ജൂലൈ 13ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിറ്റി മുസ്‌ലിംലീഗ് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനത്തിലാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സമുദായത്തിലെ മറ്റു സംഘടനാ നേതാക്കളുമായി വേദി പങ്കിട്ടത്. വിഖ്യാത പണ്ഡിതന്‍ മൗലാനാ അലി മിയാന്‍ ആയിരുന്നു ആ സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രം.

ശരീഅത്ത് വിവാദകാലത്തേതിന് സമാനമായ സംഭവ വികാസങ്ങളാണ് സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന് അകത്ത് സംഭവിക്കുന്നത്. സംഘടനാ ഭേദമെന്യേ ഐക്യപ്പെട്ടുള്ള മുന്നേറ്റമാണ് അതില്‍ പ്രധാനം.

> ഇരുസമസ്തകളും ഒന്നിക്കുമോ?

ഏറെക്കാലമായി ഇരുസംഘടകളിലും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണത്. 1989ലെ പിളര്‍പ്പിന് ശേഷം പല തവണ ഇരുചേരികളെയും ഒന്നിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്.

2018ല്‍ സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഡോ. ഇ.എന്‍ അബ്ദുല്ലത്തീഫ് കണ്‍വീനറുമായ അനുരജ്ഞന സമിതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ ശ്രമങ്ങള്‍ ചില ഓളങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഫലവത്തായില്ല.


ഐക്യത്തില്‍ രാഷ്ട്രീയ കക്ഷിയായ മുസ്‌ലിംലീഗിന് കൂടി വലിയ പങ്കു നിര്‍വഹിക്കാനാകും. പരമ്പരാഗതമായി ലീഗിനോട് ചായ്‌വ് പുലര്‍ത്തുന്നവരാണ് സമസ്ത ഇ.കെ വിഭാഗത്തിലെ സിംഹഭാഗവും. അനുയായികള്‍ പ്രത്യേകിച്ചും.

എന്നാല്‍ കാന്തപുരം വിഭാഗം അങ്ങനെയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. എന്നാല്‍ ഷംസുദ്ദീന്‍ വിജയിച്ചെന്നു മാത്രമല്ല, പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കാന്തപുരം വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനമെഴുതുകയും ചെയ്തിരുന്നു.

> രാഷ്ട്രീയം സംസാരിക്കുന്ന അദ്ധ്യക്ഷന്‍

ലീഗുമായി അകലം പാലിക്കുന്ന കാന്തപുരം വിഭാഗത്തിന്റേതിന് സമാനമായ സ്വഭാവമാണ്, ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷനായ ശേഷം സമസ്തക്ക് ലീഗുമായി ഉള്ളത് എന്ന് വിമര്‍ശമുണ്ട്. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രകടമായ ലീഗ് ചായ്‌വ് കാണിക്കുന്ന നേതാവാണ് എങ്കില്‍ ജിഫ്‌രി തങ്ങള്‍ പല വേദികളിലും പരോക്ഷമായി ലീഗിനെതിരെ സംസാരിച്ചിട്ടുണ്ട്.


പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഈയിടെ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംസാരിച്ചതും പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ലീഗ് നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് അതിനെതിരെ ഉണ്ടായത്.

പരമ്പരാഗതമായി സമസ്ത പ്രസിഡണ്ടുമാര്‍ ഒന്നും സാധാരണഗതിയില്‍ രാഷ്ട്രീയം സംസാരിക്കാറില്ല. അതില്‍ നിന്ന് വഴിമാറിയാണ് ജിഫ്‌രി തങ്ങളുടെ സഞ്ചാരം.

ഭരണകര്‍ത്താവ് ചെയ്യേണ്ട കര്‍ത്തവ്യമാണ് മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത് എന്നായിരുന്നു മലപ്പുറത്ത് ജിഫ്‌രി തങ്ങള്‍ പിണറായിയെ പ്രശംസിച്ചത്. പൗരത്വ വിഷയത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് മാതൃകപരമായ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലീഗ് അനുകൂലികള്‍ കൂടിയായ സമസ്ത അണികള്‍ക്കിടയില്‍ ഇത് വന്‍വിമര്‍ശനമാണ് ഉണ്ടാക്കിയത്.

Next Story
Read More >>