സംവാദത്തിന് തയ്യാര്‍; സമയവും സ്ഥലവും നിങ്ങള്‍ക്ക് നിശ്ചയിക്കാം - അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് കപില്‍ സിബല്‍

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സി.എ.എ വിഷയത്തില്‍ രാജ്യത്തോട് നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സംവാദത്തിന് തയ്യാര്‍; സമയവും സ്ഥലവും നിങ്ങള്‍ക്ക് നിശ്ചയിക്കാം - അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സമയവും സ്ഥലവും നിശ്ചയിക്കൂ, സംവാദത്തിന് തയ്യാറാണ് എന്നാണ് സിബല്‍ വ്യക്തമാക്കിയത്.

യു.പിയിലെ ലഖ്‌നൗവില്‍ നടന്ന ചടങ്ങിലാണ് പൗരത്വഭേദഗതി നിയമത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ഗാന്ധി, മമതബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നീ നേതാക്കളെ അമിത് ഷാ വെല്ലുവിളിച്ചത്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സി.എ.എ വിഷയത്തില്‍ രാജ്യത്തോട് നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ എങ്ങനെയാണ് ഇവരെ രാജ്യം വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.

'രാഹുല്‍ജിയെയും അഖിലേഷ് ജിയെയും ആഭ്യന്തരമന്ത്രി സംവാദത്തിനായി വിളിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഞാന്‍ വെല്ലുവിളിക്കുന്നുു. അവര്‍ക്ക് സമയവും സ്ഥലവും നിശ്ചയിക്കാം' - സിബല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സി.എ.എയില്‍ ഒമ്പത് നുണകള്‍ താന്‍ അവതരിപ്പിക്കാം. ഈ നിയമം വിവേചനപരമല്ല എന്നതാണ് ആദ്യത്തെ നുണ. ആഭ്യന്തര മന്ത്രി നിയമം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. ആദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്ത് പൗരത്വം നല്‍കുന്നത്.

എന്‍.ആര്‍.സിയുമായി സി.എ.എയ്ക്ക് ബന്ധമില്ല എന്നതാണ് രണ്ടാം നുണ. ആദ്യം സി.എ.എ, പിന്നീട് എന്‍.ആര്‍.സി എന്ന് അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ട്. എന്‍.ആര്‍.സിയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് അടുത്ത നുണ. എന്നാല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ എന്‍.ആര്‍.സി കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഇന്ത്യയ്ക്കാരനും ഭയപ്പെടേണ്ടതില്ല എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. എന്നാല്‍ അസമിലെ എന്‍.ആര്‍.സിയില്‍ നിന്ന് മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബം പോലും പുറത്താണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ സനാഉല്ലയുടെ പേരുമില്ല. രേഖകളില്ലാത്ത ദരിദ്രര്‍ എങ്ങനെയാണ് തങ്ങളുടെ പൗരത്വം തെളിയിക്കുക? തടങ്കല്‍ പാളയങ്ങളില്ലെന്നാണ് നരേന്ദ്രമോദി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആറ് തടങ്കല്‍പാളയങ്ങള്‍ രാജ്യത്തുണ്ട്. പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രാജ്യം വിശ്വസിക്കുക- അദ്ദേഹം ചോദിച്ചു.

Next Story
Read More >>