ഒരിക്കലും നടക്കുമെന്ന് കരുതിയില്ല; 20 വര്‍ഷത്തിന് ശേഷം ഉമ്മയെ കണ്ട് ഫലസ്തീനി യുവാവ്

ബാല്‍ക്കണിയില്‍ വെച്ച് മകനെ കണ്ട വേളയില്‍ അവര്‍ കരഞ്ഞ് അവന്റെ പേരുവിളിച്ചു.

ഒരിക്കലും നടക്കുമെന്ന് കരുതിയില്ല; 20 വര്‍ഷത്തിന് ശേഷം ഉമ്മയെ കണ്ട് ഫലസ്തീനി യുവാവ്

കൈറോ: ഗാസ മുനമ്പില്‍ നിന്ന് ചികിത്സയ്ക്കായി ഉമ്മ ഈജിപ്തിലേക്ക് യാത്ര തിരിക്കുമ്പോള്‍, ഫലസ്തീന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ അംജദ് നാഗിക്ക് ഒമ്പതു വയസ്സാണ്. ആ യാത്രയ്ക്കു ശേഷം ഉമ്മ നെവിനെ സെഹിറിന് ഒരിക്കല്‍പോലും ഗാസയിലേക്ക് തിരിച്ചു വരാനായില്ല. ഉമ്മയെ കാണാന്‍ വേണ്ടി യാഗിയും പല തവണ ശ്രമിച്ചു. ഗാസയില്‍ നിന്ന് പുറത്തു കടക്കാനുള്ള 14 ശ്രമങ്ങളാണ് പരാജയപ്പെട്ടത്. 2007ല്‍ ഇസ്രയേല്‍ യാത്രാ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ ഇനി ഒരിക്കല്‍ പോലും മാതാവിനെ കാണില്ലെന്നു തന്നെ യാഗി നിനച്ചു.

എന്നാല്‍ വിധി അവര്‍ക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. 20 വര്‍ഷത്തിന് ശേഷം, പെറ്റ മകനെ ആ ഉമ്മ കണ്‍കുളിര്‍ക്കെ കണ്ടു. മകന്‍ ഉമ്മയെയും. രണ്ടു ദശാബ്ദത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് യാഗി ജോര്‍ദാന്‍ വഴി ഈജിപ്തിലെത്തിയത്. നിലെ ഡെല്‍റ്റയിലെ ഉമ്മയുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു വികാര നിര്‍ഭരമായ ആ കൂടിക്കാഴ്ച.

ബാല്‍ക്കണിയില്‍ വെച്ച് മകനെ കണ്ട വേളയില്‍ അവര്‍ കരഞ്ഞ് അവന്റെ പേരുവിളിച്ചു. മകനെ ഇരുകൈയും നീട്ടി ആലിംഗനം ചെയ്തു പുണര്‍ന്നു.

'ഉമ്മയെ, കുടുംബത്തെ കാണാതെ, ആ സ്വപ്‌നം സാക്ഷാത്കരിക്കാതെ മരിക്കുമോ എന്നായിരുന്നു ഭയം' - 2009ല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സൈനിക മുറയില്‍ പരിക്കേറ്റ യാഗി പറഞ്ഞു.

Read More >>