റുപേ കാര്‍ഡു കൊണ്ട് പ്രസാദം വാങ്ങി, പരമോന്നത ബഹുമതി സ്വീകരിച്ചു-യു.എ.ഇ അവിസ്മരണീയമാക്കി മോദി

വ്യാപാര ബന്ധവുമായി ബന്ധപ്പെട്ട് രാഷ്ട്രനേതാക്കള്‍ ആശയനവിനിമയം നടത്തി

റുപേ കാര്‍ഡു കൊണ്ട് പ്രസാദം വാങ്ങി, പരമോന്നത ബഹുമതി സ്വീകരിച്ചു-യു.എ.ഇ അവിസ്മരണീയമാക്കി മോദി

ദുബായ്: നാലു വര്‍ഷത്തിനിടെ യു.എ.യിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനം അവിസ്മരണീയമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അറബ് രാജ്യത്ത് വന്‍ വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്. വിവിധ വിഷയങ്ങളില്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയ മോദിക്ക് യു.എ.ഇ തങ്ങളുടെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സമ്മാനിക്കുകയും ചെയ്തു.

റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍, എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് തുടങ്ങിയ ലോക നേതാക്കള്‍ക്ക് നേരത്തെ ഓര്‍ഡര്‍ ഓഫ് സായിദ് ലഭിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട മോദി ഗള്‍ഫ് രാഷ്ട്രത്തിലെത്തിയത്. ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള മോദിയുടെ സന്ദര്‍ശനം ലോകം താത്പര്യത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഇന്ത്യന്‍ നീക്കത്തെ തുടക്കത്തില്‍ തന്നെ പിന്തുണച്ച രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു യു.എ.ഇ.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാംപ് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ചേര്‍ന്ന് പ്രധാനമന്ത്രി അവതരിപ്പിച്ചു.

വ്യാപാര ബന്ധവുമായി ബന്ധപ്പെട്ട് രാഷ്ട്രനേതാക്കള്‍ ആശയനവിനിമയം നടത്തി. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. 60 ബില്യണ്‍ യു.എസ് ഡോളറാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിവര്‍ഷ വ്യാപാരം. യു.എ.ഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാഷ്ട്രവും ഇന്ത്യയാണ്.

33 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യു.എ.ഇയിലുള്ളത്. ഇതില്‍ സിംഹഭാഗവും മലയാളികളാണ്.

യുഎഇയില്‍ റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും മോദി നടത്തി. റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്‌മെന്റും ധാരണാപത്രം ഒപ്പുവെച്ചു. കടയില്‍ നിന്ന് പ്രസാദം വാങ്ങിയാണ് റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ഈ പ്രസാദം നാളെ ബഹ്‌റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ മോദി സമര്‍പ്പിക്കും.

റുപേ കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യത്തെ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമാണ് യു.എ.ഇ. സിംഗപൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്കു പുറമേ, റുപേ കാര്‍ഡ് ഉപയോഗിക്കാനാകുന്നത്.

Next Story
Read More >>