ക്രിക്കറ്റ് ബോര്‍ഡിലും പിടിമുറുക്കി ബി.ജെ.പി; അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ സെക്രട്ടറി, ഠാക്കൂറിന്റെ സഹോദരന്‍ ട്രഷറര്‍

ക്രിക്കറ്റ് ബോര്‍ഡിലെ കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ ലോധ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊണ്ടൊന്നും ആയില്ല എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ക്രിക്കറ്റ് ബോര്‍ഡിലും പിടിമുറുക്കി ബി.ജെ.പി; അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ സെക്രട്ടറി, ഠാക്കൂറിന്റെ സഹോദരന്‍ ട്രഷറര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്രക്കറ്റ് ഭരണസംവിധാനത്തില്‍ പിടിമുറുക്കി ഭരണകക്ഷിയായ ബി.ജെ.പി. ഈ മാസം അവസാന വാരം നിലവില്‍ വരുന്ന പുതിയ ബി.സി.സി.ഐ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ സെക്രട്ടറിയാകും. ബി.ജെ.പി നേതാവും കേന്ദ്ര ധനസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് സെക്രട്ടറി. നേരത്തെ, ബി.സി.സി.ഐ പ്രസിഡണ്ടായിരുന്നു ഠാക്കൂര്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പുതിയ ബി.സി.സി.ഐ പ്രസിഡണ്ട്. സമവായ സ്ഥാനാര്‍ത്ഥി ആയാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡണ്ടായിരുന്നു അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഈ തസ്തികയില്‍ ഇതുവരെ ആളെ നിയമിച്ചിട്ടില്ല. ഒക്ടോബര്‍ നാലിന് മുംബൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ എ.ജി.എം യോഗത്തില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ഭാരവാഹി അല്ലാത്ത ജെയ്ഷായുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ടു വച്ചത്.

>കുടുംബക്കാരുടെ കൂത്തരങ്ങ്

ക്രിക്കറ്റിലെ ഭരണസംവിധാനം ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായി മുന്‍ ചീഫ് ജസ്റ്റിസ് ലോധയുടെ നേതൃത്വത്തില്‍ സുപ്രിംകോടതി ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന, വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഭരണസമിതിയാണ് നിലവില്‍ ബി.സി.സി.ഐക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുന്‍ സി.എ.ജിയാണ് വിനോദ് റായ്.

ക്രിക്കറ്റ് ഭരണത്തിലെ കെടുകാര്യസ്ഥത ഇല്ലാതാക്കാന്‍ ലോധ കമ്മിഷന്‍ ശക്തമായ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു എങ്കിലും ക്രിക്കറ്റ് ബോര്‍ഡിലെ കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ അതു കൊണ്ടൊന്നും ആയില്ല എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

രാജ്യത്തെ പല ക്രിക്കറ്റ് ബോര്‍ഡുകളും ഇപ്പോഴും തറവാട് സ്വത്തു പോലെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കി വാണ എന്‍ ശ്രീനിവാസന്‍, നിരഞ്ജന്‍ ഷാ, അനുരാഗ് ഠാക്കൂര്‍, അമിത് ഷാ, പരിമല്‍ നാഥ്‌വാനി, ചിരായു അമിന്‍ എന്നിവര്‍ ഒന്നും ഇപ്പോള്‍ നേതൃത്വത്തില്‍ ഇല്ല എങ്കിലും ഇവരുടെ ബന്ധുക്കള്‍ സജീവമായി പിന്നണിയില്‍ ഉണ്ട്.

ഐ.സി.സി, ബി.സി.സി.ഐ പ്രസിഡണ്ട് പദം വഹിച്ച എന്‍ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥാനാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡണ്ട്. നാലു ദശാബ്ദം ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന നിരഞ്ജന്‍ ഷായുടെ മകന്‍ ജയ്‌ദേവ് ഷാ ആണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്.

ഹിമാചലില്‍ നിന്നുള്ള അരുണ്‍ ധുമല്‍, മുന്‍ സെക്രട്ടറി അനുരാഗ് ഠാക്കൂറിന്റെ ഇളയസഹോദരന്‍. ജെയ് ഷാ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും.

മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് പരിമള്‍ നാഥ്‌വാനിയുടെ മകന്‍ ധന്‍രാജ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. മുന്‍ വൈസ് പ്രസിഡണ്ട് ചിരായു അമിന്റെ മകന്‍ പ്രണവ് ബറോഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടാണ്. അന്തരിച്ച ജയന്ത് ലെലെയുടെ മകന്‍ അജിത് സെക്രട്ടറിയും.

നിലവിലെ ഐ.സി.സി ചെയര്‍മാനും മുന്‍ ബി.സി.സി.ഐ പ്രസിഡണ്ടുമായിരുന്ന ശശാങ്ക് മനോഹറിന്റെ മകന്‍ അദ്വൈത് വിധര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടായിരുന്നു. യു.പി ക്രിക്കറ്റ് ബോര്‍ഡ ഭരിക്കുന്നത് മുന്‍ പ്രസിഡണ്ട് ഗൗരി ഹരിയുടെ മകന്‍ യധുപതി സിന്‍ഗാനിയ. രണ്ടു പതിറ്റാണ് യു.പി ക്രിക്കറ്റ് ബോര്‍ഡ് ഭരിച്ചയാളാണ് ഗൗരി ഹരി.

ഛത്തീസ് ഗഡില്‍ മുന്‍ അദ്ധ്യക്ഷന്‍ ബല്‍വേവ് സിങ് ഭാട്ടിയയുടെ മകന്‍ പരബ്ജിത് ആണ് പുതിയ അദ്ധ്യക്ഷന്‍. മുംബൈ, ഗോവ, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അസോസിയേഷനുകളില്‍ എല്ലാം ബന്ധുനിയമനങ്ങളുണ്ട്.

സൗരവ് ഗാംഗുലി പ്രസിഡണ്ടായ ബംഗാളില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ദെബാശിഷാണ് പുതിയ ട്രഷണര്‍. മൂത്ത സഹാദരനും ക്രിക്കറ്റരുമായ സ്‌നേഹാശിഷ് ഉന്നതാധികാര സമിതി അംഗമാണ്. ഭരണസംവിധാനത്തിലെ വന്‍തോക്കുകളില്‍ ഒരാളായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിനേഷ് ഡാല്‍മിയ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയാണ്.

>ദാദ വരുന്നു

ക്രിക്കറിലെ മഹാരഥന്മാരായ കളിക്കാരില്‍ ഒരാളും ടീം ഇന്ത്യ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് പുതിയ ബി.സി.സി.ഐ പ്രസിഡണ്ടായി വരുന്നത്.

തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. രണ്ടാഴ്ച നീണ്ട തിരക്കിട്ട കൂടിയാലോചനകള്‍ക്കും ലോബ്ബിയിങിനും ഒടുവിലാണ് 47കാരനായ സൗരവ് ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ് സൗരവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള എന്‍ ശ്രീനിവാസന്റെ പിന്തുണയോടെ ബ്രിജേഷ് പട്ടേലാണ് തസ്തികയിലേക്കുണ്ടായിരുന്ന മറ്റൊരാള്‍. എന്നാല്‍ മിക്ക സംസ്ഥാന യൂണിറ്റുകളും ഗാംഗുലിയോട് താത്പര്യം പ്രകടിപ്പിച്ചത് ബ്രിജേഷിനെ പിന്മാറാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു.

Read More >>