ഉള്‍ക്കരുത്ത് 'പടവ് വെട്ടി'; ജലസമൃദ്ധിയില്‍ മനംനിറഞ്ഞ് ബേബിയും ലില്ലിയും

30 നാള്‍ കൊണ്ട് വീട്ടുമുറ്റത്ത് ആഴക്കിണർ - കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് ബേബിയും ലില്ലിയും കിണര്‍ കുഴിക്കാനിറങ്ങിയത്. പണിക്കാരെ വച്ച് കിണര്‍കുത്താനുള്ള സാമ്പത്തികശേഷിയൊന്നും ഈ കുടുംബത്തിനില്ല. പാചകത്തിനും കുടിക്കാനും മറ്റാവശ്യങ്ങൾക്കും വെള്ളം വേണമെങ്കിൽ ഏറെ ദൂരെനിന്ന് തലച്ചുമടായി കൊണ്ടുവരണം. കിണർ കുഴിക്കാൻ കരാറുകാരൻ 65,000 രൂപ ആവശ്യപ്പെട്ടപ്പോൾ ബേബിയുടെ മനസൊന്ന് പിടഞ്ഞു. ഇവർക്ക് ഇത് ഭീമമായ തുകയായിരുന്നു.

ഉള്‍ക്കരുത്ത്

സന്ദീപ്.എസ്.നായര്‍

കണ്ണൂർ: വേനലെത്തുന്നതോടെ ചെറുപുഴ കന്നിക്കളത്തെ കൊളപ്പുറത്ത് ബേബിയുടെയും ഭാര്യ ലില്ലിയുടെയും മനസ്സില്‍ ആധി പെരുകിത്തുടങ്ങുമായിരുന്നു. നാഴികകള്‍ താണ്ടി കുടിവെള്ളമെത്തിക്കുന്നതിന്റെ കഷ്ടപ്പാടുകള്‍ തന്നെയാണ് ഇക്കാലമത്രയും ഇരുവരെയും പൊള്ളിച്ചിരുന്നത്. എന്നാല്‍ ഈ വേനല്‍ ബേബിക്കും ലില്ലിക്കും ജലസമൃദ്ധിയുടെ ആഹ്ലാദക്കാലമാണ്. മനക്കരുത്തിന്റെ ബലത്തില്‍ ദമ്പതികള്‍ 30 ദിവസംകൊണ്ട് പടവുകള്‍ വെട്ടി തീര്‍ത്തത് 17 കോല്‍ ആഴമുള്ള കിണര്‍. പൊരിവെയില്‍ വകവയ്ക്കാതെ, രാപകലെന്യേ ഇരുവരും കൈമെയ് മറന്ന് അദ്ധ്വാനിച്ചപ്പോള്‍ വീട്ടുമുറ്റത്ത് തെളിനീര്‍സമൃദ്ധി.

കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് ബേബിയും ലില്ലിയും കിണര്‍ കുഴിക്കാനിറങ്ങിയത്. പണിക്കാരെ വച്ച് കിണര്‍കുത്താനുള്ള സാമ്പത്തികശേഷിയൊന്നും ഈ കുടുംബത്തിനില്ല. പാചകത്തിനും കുടിക്കാനും മറ്റാവശ്യങ്ങൾക്കും വെള്ളം വേണമെങ്കിൽ ഏറെ ദൂരെനിന്ന് തലച്ചുമടായി കൊണ്ടുവരണം. കിണർ കുഴിക്കാൻ കരാറുകാരൻ 65,000 രൂപ ആവശ്യപ്പെട്ടപ്പോൾ ബേബിയുടെ മനസൊന്ന് പിടഞ്ഞു. ഇവർക്ക് ഇത് ഭീമമായ തുകയായിരുന്നു.


കാരണം സമ്പാദിച്ചതെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനും മകളുടെ വിവാഹത്തിനും വേണ്ടി ചെലവാക്കിയിരുന്നു. ഒടുവിൽ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പണിയായുധങ്ങള്‍ വാങ്ങി ബേബി തന്നെ കിണര്‍ കുഴിക്കാനിറങ്ങി. സർവ്വസഹായവുമായി ലില്ലിയും ഒപ്പംചേർന്നു. ആഴംകൂടുന്തോറം മണ്ണ് വലിക്കൽ ഏറെ ബുദ്ധിമുട്ടായി. ഒടുവില്‍ കിളക്കലും മണ്ണുവലിക്കലും ബേബി ഏറ്റെടുത്തു. മണ്ണ് മുകളിലെത്തിയാൽ ലില്ലി അതെടുത്ത് അടുത്ത പറമ്പിലിടും. ഇതിനിടയിൽ പാചകവും ലില്ലി നോക്കണം. റബ്ബർ ടാപ്പിങ് തൊഴിലാളിയായ ബേബി രാവിലെ നാലിന് പുറപ്പെട്ടാൽ ഉച്ചയ്ക്കേ തിരിച്ചെത്തുകയുള്ളൂ. ഉച്ചയ്ക്ക് ശേഷം ഇരുവരും കിണറുപണിക്കിറങ്ങും. സന്ധ്യവരെ തുടരും. തുടർന്നു കുളിച്ചു പ്രാർത്ഥനയും അത്താഴവും കഴിഞ്ഞ് വീണ്ടും കിണറ്റിലിറങ്ങും. ചിലപ്പോൾ രാത്രി പന്ത്രണ്ടുവരെ പണിനീളും.

ഇടക്കിടെ കിണറിന്റെ അടിത്തട്ടിൽ ബേബി തലചേര്‍ത്തുകിടക്കും, അടിത്തട്ടിൽ ഉറവയുടെ ശബ്ദം ഉണ്ടോ എന്നറിയാന്‍. ശബ്ദം കേട്ടാലും ഇല്ലെങ്കിലും ബേബി ഭാര്യയോട് വിളിച്ചു പറയും; ലില്ലീ, വെള്ളം അടുത്തെത്തി എന്ന്. കിണര്‍പണിക്കിടെ പല ദിവസവും ബേബിയുടെ ടാപ്പിങ് ജോലി മുടങ്ങി. നിത്യച്ചെലവുകള്‍ പ്രതിസന്ധിയിലായതോടെ ആകെയുള്ള സമ്പാദ്യമായ എട്ട് ആടുകളിൽ അഞ്ചെണ്ണത്തെ വിറ്റു. ഇങ്ങനെ പ്രതിസന്ധികളിലൊന്നും തളരാതെ മുപ്പതാംദിവസം, കഴിഞ്ഞ ഓശാന ഞായറിൽ കിണറിലെ അരികുകളിൽ ഉറവപൊട്ടി തെളിനീരൊഴുകാന്‍ തുടങ്ങി. ഒരിക്കലും ഇതിനെ വെള്ളമെന്ന് പറയില്ലെന്നും തങ്ങൾക്കിത് അമൃതാണെന്നും ബേബി 'തത്സമയ'ത്തോട് പറഞ്ഞു.

Read More >>