അര്‍ജന്റീന x ബ്രസീല്‍ സെമി പോരാട്ടം നാളെ

ലോകോത്തര നിലവാരമുള്ള കളിക്കാർ ഉണ്ടെങ്കിലും ടൂർണ്ണമെന്റിൽ പ്രതീക്ഷയ്‌ക്കൊത്തുയരാൻ ഇരുടീമുകളുടെയും ആക്രമണനിരയ്ക്ക് കഴിഞ്ഞിട്ടില്ല.

അര്‍ജന്റീന x ബ്രസീല്‍ സെമി പോരാട്ടം നാളെ

കോപ്പ അമേരിക്കയിൽ നാളെ ക്ലാസിക്ക് സെമി. ബ്രസീലിനെതിരെ അർജന്റീന. പുലർച്ചെ ആറുമണിക്കാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയവരാണ് ബ്രസീൽ. ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ പരാഗ്വെയെ തോല്പിച്ചു. ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായെത്തിയ അർജന്റീന ക്വാർട്ടറിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വെനസ്വേലയെ പരാജയപ്പെടുത്തി.

സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങുക. അർജന്റീന നിരയിൽ നായകൻ മെസ്സിക്ക് വേണ്ടത്ര കളി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ആക്രമണ നിരയിൽ സെർജിയോ അഗ്യൂറോയും മാർട്ടിനെസും നീലപ്പടക്ക് കരുത്താണ്. റോബർട്ടോ ഫിർമിനോ, വില്യൻ, ഗബ്രിയേൽ ജീസസ്, എവർട്ടൺ എന്നിവർ മഞ്ഞപ്പടയ്ക്കും.

ലോകോത്തര നിലവാരമുള്ള കളിക്കാർ ഉണ്ടെങ്കിലും ടൂർണ്ണമെന്റിൽ പ്രതീക്ഷയ്‌ക്കൊത്തുയരാൻ ഇരുടീമുകളുടെയും ആക്രമണനിരയ്ക്ക് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഈ പോരായ്മ വ്യക്തമായി. ക്വാർട്ടറിൽ മാത്രമാണ് അർജന്റീനയുടെ മുന്നേറ്റ നിരക്ക് കരകയറാനായത്. ബ്രസീലിന്റെ സ്ഥിതിയും സമാനം. ആദ്യ മത്സരത്തിൽ ബൊളിവിയക്കെതിരെ ശരാശരി പ്രകടനം മാത്രം. വെനിസ്വലക്കെതിരെ നിറം മങ്ങിയ പ്രകടനം. പെറുവിനെതിരേ മുന്നേറ്റമുണ്ടായെങ്കിലും ക്വാർട്ടറിൽ വീണ്ടും താഴേയ്ക്ക്. പരാഗ്വെയ്‌ക്കെതിരേ ഷൂട്ടൗട്ട് വരെ കാത്തുനിൽക്കേണ്ട അവസ്ഥ. പരാഗ്വേയ്‌ക്കെതിരെ ശ്രമിച്ച എട്ട് ഗോളുകളും ലക്ഷ്യത്തിലെത്തിക്കാനായില്ല.

മദ്ധ്യനിരയിൽ ബ്രസീലിന്റെ നില ഭേദമാണ്. കുട്ടീഞ്ഞോയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്. കാസിമിറോ, ആർതർ എന്നിവർ നല്ല രീതിയിലുള്ള പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. അർജന്റീനിയൻ മദ്ധ്യനിര പരിചയസമ്പന്നരല്ല. ഡി മരിയയാകട്ടെ നിറംമങ്ങി. പ്രതിരോധ നിരയിൽ ശക്തരാണ് ബ്രസീൽ. തിയാഗോ സിൽവ, മാർക്വിനസ്, ഡാനി ആൽവസ്, യൂയിസും എന്നിവരടങ്ങിയ നിര ബ്രസീലിനെ സംരക്ഷിക്കുന്നു. ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കറും മികച്ച ഫോമിലാണ്. പ്രതിരോധത്തിൽ താരതമ്യേന ദുർബ്ബലമാണ് അർജന്റീന.

11 വർഷത്തിനുശേഷമാണ് ബ്രസീലും അർജന്റീനയും നേർക്കുനേർ വരുന്നത്. ഇതിനുമുമ്പ് ഏറ്റുമുട്ടിയത് 2008ബീജിങ് ഒളിമ്പിക്‌സ് സെമിയിൽ. അന്ന് ജയിച്ചത് അർജന്റീന. എതിരില്ലാത്ത മൂന്നു ഗോളിന്. കോപ്പയിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയത് 2007 ഫൈനലിൽ. 3-0ന് ബ്രസീൽ വിജയിച്ചു. ആകെ 110 തവണ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടി. ഇതിൽ 40 തവണ ബ്രസീലും, 38 തവണ അർജന്റീനയും വിജയിച്ചു. 32 മത്സരങ്ങൾ സമനിലയിലായി. ലോകകപ്പിന്റെ എണ്ണത്തിൽ ബ്രസീൽ മുന്നിലെങ്കിൽ കോപ്പയിൽ അർജന്റീനയ്ക്കാണ് കൂടുതൽ കിരീട നേട്ടം, 14 തവണ. ബ്രസീലിന് എട്ട് തവണ.

വ്യാഴാഴ്ചയാണ് രണ്ടാം സെമി. ചിലിയും പെറുവും തമ്മിൽ. ഞായറാഴ്ച ലൂസേഴ്‌സ് ഫൈനൽ. തിങ്കളാഴ്ച ഫൈനൽ.

Read More >>