പശുരക്ഷാ ഗുണ്ടകളും മോദിഭരണകാലത്തെ പുതിയ സാമൂഹിക സംഘർഷങ്ങളും

. ബ്രാഹ്മണ്യത്തിന്റെ വംശീയ മേന്മയെ അതീതവത്കരിക്കുന്ന കല്പനകളാണ് പശുരക്ഷാ ഗുണ്ടകൾ നടപ്പിലാക്കുന്നത് .ഇതിനു ഭരണകൂടത്തിന്റെയും ഹൈന്ദവ പൊതുബോധത്തിന്റെയും പിന്തുണയുണ്ട് - കെ കെ ബാബുരാജ് എഫ്ബിയില്‍ എഴുതിയ കുറിപ്പ്‌

പശുരക്ഷാ ഗുണ്ടകളും മോദിഭരണകാലത്തെ പുതിയ സാമൂഹിക സംഘർഷങ്ങളും

കെ കെ ബാബുരാജ്‌

ദേശസുരക്ഷ എന്ന പരിപാവനമായ വാക്കിനുമുമ്പിൽ പ്രതിപക്ഷവും ചെറുകക്ഷികളും ന്യൂനപക്ഷ പ്രസ്ഥാനങ്ങളും നിർവീര്യമാകുമെന്നതിനാൽ ,എൻ ഐ എ ക്കു അമിതാധികാരം കൊടുത്തുകൊണ്ടുള്ള നിയമം ഏറെക്കുറെ ഏകകണ്ഠമായി പാസ്സായതിൽ അത്ഭുതപ്പെടുന്നില്ല .

എന്നാൽ ,ദേശമെന്നത് എല്ലാവരെയും ഉൾകൊള്ളുന്നതല്ലെന്നും അതിനെ വംശമെന്ന് ചുരുക്കിയെഴുതുന്നതാണ് എക്കാലത്തെയും അധീശത്വ രാഷ്ട്രീയമെന്നും പോൾ ഗിൽറോയിയെപോലുള്ള സാമൂഹിക ചിന്തകർ നിരീക്ഷിക്കുന്നു .ബ്രിട്ടീഷ് ദേശമെന്നും ജനതയെന്നും പറയുമ്പോൾ അവിടെ പരമ്പരാഗതമായി അധികാരം കൈയാളിയിരുന്ന വെള്ളക്കാർ മാത്രമാണ് സന്നിഹിതരാകുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് .അതേപോലെ ,ഭാരതം എന്നത് ഇവിടുത്തെ പരമ്പരാഗത അധികാരികളായ ബ്രാഹ്മണരെയും ക്ഷത്രിയരെയും അവരുടെ പദവിയുള്ള സവര്ണരെയും സന്നിഹിതമാക്കുന്ന ഒരു പരികല്പനയാണ് .ഇതേസമയം അവർണരും ന്യൂനപക്ഷങ്ങളും അസന്നിഹിതരും ആകുന്നു .മറ്റൊരുവിധത്തിൽ പറഞ്ഞാൽ ,ഹിന്ദുത്വ ഭരണം പ്രതിപക്ഷത്തെ ശിഥിലീകരിക്കുകയും ,വിമതരെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിനൊപ്പം മേല്പറഞ്ഞ' അസന്നിഹിതരെ'ലക്ഷ്യം വെക്കുന്നുണ്ട് .അതിനുവേണ്ടിയാണ് ഭരണകൂടാധികാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത് .

ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് മോദിഭരണകാലത്തെ പുതിയ സാമൂഹിക സംഘർഷങ്ങൾ എന്നു തോന്നുന്നു .ഇന്നലെയും ബീഹാറിൽ പശുരക്ഷാ ഗുണ്ടകൾ മൂന്നുപേരെ കൊലപ്പെടുത്തി.പ്രധാനമന്ത്രി അടക്കമുള്ളവർ ഇത്തരം കാര്യങ്ങളെ അപലപിക്കുന്നതായി അവകാശപ്പെടുമ്പോളും ഇവ നിർബാധം തുടരുക മാത്രമല്ല ,അക്രമികൾക്ക് സുരക്ഷ കിട്ടുന്നുമുണ്ട് .ഇതിനുകാരണം അക്രമിക്കപ്പെടുന്നവർ സവര്ണരോ ബ്രാഹ്മണരോ അല്ലെന്നതാണ് .

ദേശത്തെ ജീവശാസ്ത്ര പരമായി ദുഷിപ്പിക്കുന്നവരായിട്ടാണ് ഹൈന്ദവപൊതുബോധം ബീഫുകഴിക്കുന്നവരെ അല്ലെങ്കിൽ പശുവിനെ മാതാവായി കാണാത്തവരെ ചിത്രീകരിക്കുന്നത് .ബുദ്ധിസത്തെ അമർച്ച ചെയ്യാനായി ബ്രാഹ്മണ സാഹിത്യത്തെ ബഹുജനവത്കരിച്ചതിനൊപ്പം തങ്ങൾ പശുമാംസം കഴിക്കുന്നത് നിറുത്തുകയുമാണ് ബ്രാഹ്മണർ ചെയ്തത് .അല്ലാത്തവരെ അപരരായി നിർണ്ണയിക്കുകയും ചെയ്തു .ഇന്ന് ബീഫിന് എതിരെ മാത്രമല്ല മാംസാഹാരം കഴിക്കുന്നതു തന്നെ അധഃപതനത്തിന്റെ അടയാളമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ് ഹിന്ദുത്വം പാഠപുസ്തകങ്ങളിലൂടെയും മറ്റും നടത്തുന്നത് . ബ്രാഹ്മണ്യത്തിന്റെ വംശീയ മേന്മയെ അതീതവത്കരിക്കുന്ന ഇത്തരം കല്പനകളാണ് പശുരക്ഷാ ഗുണ്ടകൾ നടപ്പിലാക്കുന്നത് .ഇതിനു ഭരണകൂടത്തിന്റെയും ഹൈന്ദവ പൊതുബോധത്തിന്റെയും പിന്തുണയുണ്ട് .


Read More >>