ആർ.ടി.ഐ ശമ്പള ബില്ലിനെതിരെ പ്രതിഷേധം

വിവരാവകാശ കമ്മിഷനു മൂക്കുകയറിടുന്നതാണ് പുതിയ ബില്ലെന്നാണ് വിമര്‍ശനം

ആർ.ടി.ഐ ശമ്പള ബില്ലിനെതിരെ പ്രതിഷേധം

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വിവരാവകാശ ഭേദഗതി ബിൽ കടുത്ത പ്രതിഷേധത്തിനിടെ ലോക്‌സഭ പാസാക്കി. രാജ്യസഭയിലും പാർലമെന്റിനു പുറത്തും ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്നു മാറ്റി വച്ച ബില്ലാണ് ഒരു വർഷത്തിനു ശേഷം ലോക്‌സഭയിൽ അവതരിപ്പിച്ചത്. രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോദി സർക്കാർ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും ഇടതു പക്ഷ പാർട്ടികളും ബഹിഷ്‌കരിച്ച വോട്ടെടുപ്പിൽ 224 പേർ ബില്ലിനെ അനുകൂലിച്ചു; 9 പേർ എതിർത്തു.

ആർ.ടി.ഐ ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവരാവകാശ പ്രവർത്തകരും രംഗത്തെത്തി. വിവരാവകാശ കമ്മിഷനു മൂക്കുകയറിടുന്നതാണ് പുതിയ ബില്ലെന്നു വിവരാവകാശ പ്രവർത്തകർ പറഞ്ഞു. പുതിയ ബിൽ പ്രകാരം കമ്മിഷണർമാരുടെ കാലവധി സർക്കാറിനു നിശ്ചയിക്കാം. നിലവിൽ ഇതു അഞ്ചു വർഷമാണ്. ഇത് മൂന്നു വർഷമായി ചുരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ശമ്പളത്തിനു തുല്യമാണ് വിവരാവകാശ കമ്മിഷണർമാരുടെ ശമ്പളം. എന്നാൽ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷനുള്ള ഉന്നത പദവിക്ക് തുല്യമായ പദവിയോ ശമ്പളമോ കാലാവധിയോ നൽകാൻ പറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ബിൽ രാജ്യ സഭ കൂടി പാസ്സാക്കിയാൽ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ശമ്പളം, കാലവധി അടക്കം കേന്ദ്രത്തിനു നിയന്ത്രിക്കാനാവും. സംസ്ഥാനങ്ങളുടെ അധികാരവും കുറയ്ക്കുന്ന നടപടിയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നു വിവരാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

ബിൽ വിവരാവകാശ നിയമത്തിന്റെ അടിത്തറ തകർക്കാനുള്ള നടപടിയാണ്. ഫെഡറലിസത്തിനു എതിരാണിതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻമാരെ അടക്കം നിയന്ത്രിക്കാനും നിയമിക്കാനുമുള്ള അധികാരം നേടുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമെന്നു കോമൺ വെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റിവ് വാദിക്കുന്നു. കേന്ദ്ര കമ്മിഷണർമാർക്ക് ഇന്ത്യയുടെ ഏകീകൃത ഫണ്ടിൽ നിന്നും സംസ്ഥാന കമ്മിഷണർമാർക്ക് സംസ്ഥാന ഏകീകൃത ഫണ്ടിൽ നിന്നുമാണ് ശമ്പളം നൽകുന്നത്. രാഷ്ട്രപതി ഭരണമല്ലെങ്കിൽ സർക്കാറിനു ഇതിൽ ഇടപെടാൻ അധികാരമില്ല. എന്നാൽ പുതിയ നിയമം ഇതിനെ അട്ടിമറിക്കും. കമ്മിഷന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനാണു സർക്കാരിന്റെ ശ്രമമെന്നു ശശി തരൂർ എം.പി ആരോപിച്ചു. കാലാവധിയും ശമ്പളവും സർക്കാർ നിശ്ചയിച്ചാൽ, കമ്മിഷൻ ഭരണകൂടത്തിന്റെ ചൊൽപ്പടിക്കു നിൽക്കേണ്ടി വരുമെന്നാണ് മുഖ്യ ആക്ഷേപം.

Read More >>