അഗ്നി വിഴുങ്ങിയ ജീവിത ചിത്രങ്ങള്‍

ഫോട്ടോഗ്രാഫര്‍ വിനോദ് ചേറ്റട എന്ന ദര്‍ശന്‍ വിനോദിന്റെ നെഞ്ചില്‍ ഇന്നും നെരിപ്പോടുപോലെ നീറുന്നുണ്ട് ഒരു ഓര്‍മ. 2007 ഏപ്രിലില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തില്‍ വിനോദിന് തന്റെ എല്ലാമെല്ലാമായ കേമറകളും അതിലേറെ പ്രിയപ്പെട്ട ചിത്രങ്ങളും നഷ്ടമായി.

അഗ്നി വിഴുങ്ങിയ ജീവിത ചിത്രങ്ങള്‍

നിധിന്‍ സുധാകരന്‍

കണ്ണുകളേക്കാള്‍ കേമറകളെ സ്‌നേഹിക്കുന്നവരാണ് ഫോട്ടോഗ്രാഫര്‍മാര്‍. അവര്‍ക്ക് അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരു നിമിഷം കൊണ്ട് സ്വന്തം കേമറകള്‍ കത്തിയെരിയുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരികയെന്നത് ഏറെ ദുഃഖകരമാണ്. ഫോട്ടോഗ്രാഫര്‍ വിനോദ് ചേറ്റട എന്ന ദര്‍ശന്‍ വിനോദിന്റെ നെഞ്ചില്‍ ഇന്നും നെരിപ്പോടുപോലെ നീറുന്നുണ്ട് അത്തരം ഒരു ഓര്‍മ. 2007 ഏപ്രിലില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തില്‍ വിനോദിന് തന്റെ എല്ലാമെല്ലാമായ കേമറകളും അതിലേറെ പ്രിയപ്പെട്ട ചിത്രങ്ങളും നഷ്ടമായി. നാലു പതിറ്റാണ്ടായി പകര്‍ത്തിയ ചിത്രങ്ങളാണ് തീ വിഴുങ്ങിയത്. അടിയന്തരാവസ്ഥക്കാലത്തെ ചിത്രങ്ങള്‍ അടക്കം അതിലുണ്ടായിരുന്നു.


1975ല്‍ 18ാം വയസ്സിലാണ് വിനോദ് ഫോട്ടോഗ്രഫി രംഗത്തേക്കു വരുന്നത്. സഹോദരങ്ങളായ തിലകകുമാര്‍ (കലാ ഫോട്ടോസ്), പ്രദീപ്കുമാര്‍ (അള്‍ട്ര സ്റ്റുഡിയോ), രഘു (ബോബൈ ഫോട്ടോസ്) എന്നിവരും വിനോദിനൊപ്പമുണ്ടായിരുന്നു. കേമറകളോടുള്ള അടങ്ങാത്ത പ്രണയം ഇവരുടെ അടുത്ത തലമുറയും ഫോട്ടോഗ്രഫിയുടെ വഴിതന്നെ തിരഞ്ഞെടുത്തു. ജ്യേഷ്ഠാനുജന്‍മാരുടെ ആറ് മക്കളില്‍ മൂന്നുപേര്‍ അരുണ്‍(ഫോട്ടോഗ്രഫര്‍ കേരളകൗമുദി), അതുല്‍(എ.ഡി ഫോട്ടോഗ്രഫി), അവിനാഷ് (ബോംബെ ഫോട്ടോസ്) എന്നിവര്‍ കേമറക്കാഴ്ചകളുടെ പുറകേതന്നെ.

ഗള്‍ഫ് നാടുകളില്‍നിന്നു വരുന്നവര്‍ കൊണ്ടുവരുന്ന കേമറകളായിരുന്നു അന്ന് കേമറകളിലെ മാറ്റങ്ങളെ തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം. ഗള്‍ഫുകാര്‍ ഉപയോഗിച്ച സെക്കന്‍ഡ് ഹാന്‍ഡ് കേമറകള്‍ വാങ്ങിയാണ് ഇവര്‍ ഫോട്ടോഗ്രഫിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയത്. അപ്പോഴും കേരളത്തിലെ സ്റ്റുഡിയോകളില്‍ ഉപയോഗിച്ചിരുന്നത് ലാര്‍ജ് ഫോര്‍മാറ്റ് ഫീല്‍ഡ് കേമറയാണ്. ഈ കേമറകള്‍ നിര്‍മ്മിച്ചതാകട്ടെ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന വാഗേശ്വരി കേമറ വര്‍ക്‌സ് കമ്പനിയും. ഷീറ്റ് ഫിലിമുകളിലായിരുന്നു അന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവ ഫോട്ടോകളാക്കി മാറ്റുന്നത് ഒന്നിലേറെ കലാകാരന്മാര്‍ ചേര്‍ന്നായിരുന്നു. റീ ടച്ചിങ് (ഇന്നത്തെ ഫോട്ടോ എഡിറ്റിങ്) അന്ന് നടത്തിയത് ചിത്രകലയില്‍ പ്രാമുഖ്യം നേടിയവരായിരുന്നെന്നും വിനോദ് ഓര്‍ക്കുന്നു.

1980കളോടെ കേരളത്തില്‍ മാമിയ, റോളിഫ്‌ലക്‌സ്, റോളി കോഡ്, അടക്കമുള്ള കേമറകള്‍ എത്തിത്തുടങ്ങി. അന്ന് കൂടുതല്‍പേരും ഉപയോഗിച്ചിരുന്നത് യാഷികയുടെ മാറ്റ് 124 ജി കേമറകളായിരുന്നു. കൈയില്‍ ഒതുങ്ങുന്ന വലിപ്പത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവയായിരുന്നു ഇവ. ഇതോടെ കേമറകള്‍ സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങാന്‍ തുടങ്ങി. 1982 ഓടെ കോഴിക്കോട് നഗരത്തില്‍ കളര്‍ലാബുകള്‍ വന്നുതുടങ്ങി. ഇതോടെയാണ് പൊതുപരിപാടികളുടെ ചിത്രങ്ങള്‍ പകര്‍ത്താനും അവ പ്രസിദ്ധീകരിക്കാനും കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞതെന്നും വിനോദ് പറയുന്നു.

നാഷണല്‍ കളര്‍ലാബായിരുന്നു അന്ന് കോഴിക്കോട്ടെ പ്രധാന ലാബുകളിലൊന്ന്. ഇതോടെയാണ് പൊതുപരിപാടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അവ പ്രസിദ്ധീകരിക്കാനും കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞതെന്നു വിനോദ് പറയുന്നു. അടുത്ത ഘട്ടത്തില്‍ റോള്‍ ഫിലീമുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ കേമറകള്‍ രംഗപ്രവേശം നടത്തിയിരുന്നു. ഇതോടെ മാര്‍ക്കറ്റില്‍ നിക്കോണു കാനോണും ശക്തി പ്രാപിച്ചു തുടങ്ങി. ഫിലീം റോളുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ് ഇതിന്റെ പ്രധാന പ്രത്യേകത. എന്നാല്‍ ഇന്നത്ത രീതിയില്‍ എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഏകദേശം 12 വര്‍ഷം മുമ്പാണ് ഡിജിറ്റല്‍ കേമറളിലേക്കും പ്രിന്റിങ്ങിലേക്കും ഫോട്ടോഗ്രഫി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന ്ഏറെ ആധുനിക സംവിധാനങ്ങളും കളര്‍ ലാബുകളും നഗരത്തിലുണ്ട്. എന്നാല്‍ തങ്ങള്‍ ഫോട്ടോഗ്രഫി രംഗത്തേക്ക് കടക്കുന്ന കാലത്ത് വിരലില്‍ എണ്ണാവുന്ന മാത്രമായിരുന്ന ഇവിടെയുണ്ടായിരുന്നത്. കോഴിക്കോട് നഗത്തില്‍ ആദ്യമായി ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവര്‍ത്തിച്ച സ്റ്റുഡിയയോ പീതാമ്പരന്‍ സ്റ്റുഡിയോയായിരുന്നു. ശേഷം നാഷണല്‍ ബോബെ, ആര്‍.എന്‍ സ്റ്റുഡിയോ തുടങ്ങിയവ ഈ രംഗത്തേക്ക് കടന്നുവന്നു-അദ്ദേഹം പറയുന്നു. മദര്‍ തെരേസ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളുടെയും സന്തോഷ് ട്രോഫി അടക്കമുള്ള അന്നത്തെ വലിയ പരിപാടികളും അദ്ദേഹം പകര്‍ത്തിയിരുന്നതായും അദ്ദേഹം ഓര്‍ത്തു. എന്നാല്‍ ആ ചിത്രങ്ങളൊന്നും തന്റെ കയ്യില്‍ ഇന്നില്ല എന്നതാണ് അദ്ദേഹത്തെ ദുഖത്തിലാഴ്ത്തുന്നു.Read More >>