നിഗൂഢത നീങ്ങി: ലിയണാർഡോ ഡാവിഞ്ചിയുടെ സാൽവദോർ മുണ്ടി സൽമാൻ രാജകുമാരന്റെ കൈയിൽ തന്നെ

ചിത്രം 2017 ൽ 450 മില്യൺ ഡോളറിന് വിറ്റുപോയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സൗദി യുവരാജാവ് മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ചിത്രം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

നിഗൂഢത നീങ്ങി: ലിയണാർഡോ ഡാവിഞ്ചിയുടെ സാൽവദോർ മുണ്ടി സൽമാൻ രാജകുമാരന്റെ കൈയിൽ തന്നെ

റിയാദ്: ലോകപ്രശസ്ത ചിത്രകാരൻ ലിയണാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രരചനയായ സാൽവദോർ മുണ്ടി സൗദി യുവരാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ആഡംബര നൗകയിലെന്ന് റിപ്പോർട്ട്. ചിത്രം 2017 ൽ 450 മില്യൺ ഡോളറിന് വിറ്റുപോയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സൗദി യുവരാജാവ് മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ചിത്രം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

റെക്കോഡ് തുകയ്ക്ക് വിറ്റുപോയത് മുതൽ സാൽവദോർ മുണ്ടി ഈ ലോകത്തിന് മുന്നിൽ നിന്ന് അപ്രത്യക്ഷമാണ്. വിശ്വവിഖ്യാതമായ ചിത്രത്തെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്നത് നിഗൂഢമാണ്. ഇപ്പോൾ ഈ കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട് ഡീലർ കെന്നി സ്‌കച്ചടറാണ് സൽവദോർ മുണ്ടി എവിടെയാണെന്നതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാങ്ങിയ ഉടൻ തന്നെ രാജകുമാരന്റെ വിമാനത്തിൽ കയറ്റി അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര നൗകയിലേക്ക് മാറ്റിയെന്നാണ് വെളിപ്പെടുത്തൽ.

അൽ ഉല ഗവർണറേറ്റിനെ കൾച്ചറൽ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റിയതിനു ശേഷം ഈ ചിത്രരചനയെ ഇങ്ങോട്ടേക്കു മാറ്റുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. യേശുദേവനെയാണ് സാൽവദോർ മുണ്ടിയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈകൊണ്ട് ലോകത്തിന് അനുഗ്രഹം ചൊരിയുകയും മറ്റേ കയ്യിൽ സുതാര്യമായ ഭൂഗോളവും പിടിച്ചു നിൽക്കുന്ന യേശുദേവനെയാണ് കാണുന്നത്. എന്നാൽ ലിയണാർഡോ ഡാവിഞ്ചിയുടെ ചിത്രമല്ല ഇതെന്നും ചിലർ വിലയിരുത്തുന്നുണ്ട്. ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രം പ്രിൻസ് ബാദർ ബിൻ അബ്ദുള്ള ബിൻ മുഹമ്മെദ് ബിൻ ഫർഹാൻ അൽ സൗദിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. എന്നാൽ ബാദർ വെറും ഇടനിലക്കാരൻ മാത്രമാണെന്നും ചിത്രത്തിന്റെ യഥാർത്ഥ ഉടമ മുഹമ്മെദ് ബിൻ സൽമാനാണെന്നും വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.

Read More >>