വരാനിരിക്കുന്നത് സ്വാകാര്യവല്‍ക്കരണത്തിന്റെ 'മഹാവിസ്‌ഫോടനം'; രാഷ്ട്രീയനേതൃത്വത്തെ മുക്കിലിരുത്തി നിതി ആയോഗ് ഉദ്യോഗസ്ഥന്റെ നയപ്രഖ്യാപനം

രാഷ്ട്രീയനേതൃത്വം ഔദ്യോഗികമായി ചാര്‍ജ്ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നിതി ആയോഗ് ഉദ്യോഗസ്ഥന്റെ നയപരമായ തീരുമാനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം

വരാനിരിക്കുന്നത് സ്വാകാര്യവല്‍ക്കരണത്തിന്റെ

മോദിയുടെ രണ്ടാം വരവില്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ വമ്പിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ സൂചന നല്‍കി നിതി ആയോഗ് അധ്യക്ഷന്‍ രാജീവ് കുമാര്‍. രാഷ്ട്രീയനേതൃത്വം ഔദ്യോഗികമായി ചാര്‍ജ്ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നിതി ആയോഗ് ഉദ്യോഗസ്ഥന്‍ വിവിധ വകുപ്പുകളെ ബാധിക്കുന്ന നയപരമായ തീരുമാനം പുറത്തുവിട്ടത്. 57 കാബിനറ്റ് മന്ത്രിമാരോടൊപ്പം മോദി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിനു പിന്നാലെയാണ് നിതി ആയോഗ് അധ്യക്ഷന്റെ പ്രഖ്യാപനം. റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് രാജീവ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. സാമ്പത്തികപരിഷ്‌കാരങ്ങളുടെ മഹാവിസ്‌ഫോടനം എന്നാണ് രാജീവ് കുമാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

നിക്ഷേപകര്‍ സന്തോഷത്തിലാണെന്നും വരും നാളുകളില്‍ അവര്‍ക്കനുകൂലമായ പരിഷ്‌കാരങ്ങള്‍ കാണാമെന്നും അദ്ദേഹം സൂചിപ്പിച്ചു. തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ വ്യവസായശാലകള്‍ക്കാവശ്യമായ ഭൂമിയുടെ ശേഖരം, കൂടുതല്‍ രംഗങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കല്‍ ഇതൊക്കെയാണ് വരാനിരിക്കുന്ന പരിഷ്‌കാരങ്ങളെന്നാണ് സൂചന.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ തന്നെ തൊഴില്‍നിയമ ഭേദഗതിയുണ്ടാകാണ് സാധ്യത. വേതനം, തൊഴില്‍ബന്ധം, സാമൂഹ്യസുരക്ഷ തുടങ്ങിയ നാല്‍പ്പത്തിനാലോളം നിയമങ്ങള്‍ ഭേദഗതിവരുത്തിക്കൊണ്ടാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്.

വിദേശനിക്ഷേപര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ഭൂമി നല്‍കുന്നതിനായി ഉപയോഗിക്കാതെ കിടക്കുന്ന പൊതുഭൂമി കണ്ടെത്തി ഭൂബാങ്ക് ഉണ്ടാക്കും. അതോടെ വിദേശികള്‍ക്ക് വ്യവസായാവശ്യങ്ങള്‍ക്കുള്ള ഭൂമി എളുപ്പം നല്‍കാന്‍ കഴിയും.

സര്‍ക്കാര്‍ നിയന്ത്രണത്തിലുളള 42 കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുളള നിര്‍ദ്ദേശവും ഇതിലുള്‍പ്പെടുന്നു. ഭരണനിര്‍വ്വഹണരംഗത്തുനിന്ന് ഉദ്യോഗസ്ഥരുടെ പങ്ക് ചുരുക്കിക്കൊണ്ടുവരികയാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എയര്‍ ഇന്ത്യയും വിറ്റഴിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

നികുതിപിരിവ്, ബാങ്ക് തുടങ്ങിയ മേഖലകളിലും പരിഷ്‌കാരങ്ങളുണ്ടാവും. സ്വകാര്യവല്‍ക്കണ പദ്ധതികളെ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read More >>