മുത്തങ്ങയിലും തൊവരിമലയിലും ഭൂസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കൂട്ടുനിന്നത് ഒരേ പരിസ്ഥിതി സംഘടന. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിക്കൂട്ടില്‍?

ഭൂമിയുടെ പ്രശ്‌നം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

മുത്തങ്ങയിലും തൊവരിമലയിലും ഭൂസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കൂട്ടുനിന്നത് ഒരേ പരിസ്ഥിതി സംഘടന. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിക്കൂട്ടില്‍?

വയനാട്ടില്‍ ആദിവാസികളടക്കമുള്ള ഭൂരഹിതര്‍, ഭൂമി പിടിച്ചെടുക്കല്‍ സമരവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിലപാടുകള്‍ക്കെതിരേ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. ആദിവാസികളെ മറയാക്കി എടക്കല്‍ ഗുഹാ പരിസരത്തെ തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച പോലിസിനും വനംവകുപ്പിനും അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള നിലപാടുകളാണ് ഇപ്പോള്‍ പൊതുമണ്ഡലത്തിലും സമരാനുകൂലികള്‍ക്കുമിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. തൊവരിമലയയിലെ ഭൂമി ഹാരിസന്റെ കൈവശമുള്ള മിച്ചഭൂമിയാണെന്നും അത് ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുമുള്ളതാണെന്നും സമരക്കാര്‍ അവകാശപ്പെടുന്നത് പച്ചക്കള്ളമാണെന്നാണ് കഴിഞ്ഞ ദിവസം സമിതി നടത്തിയ പത്രപ്രസ്താവന. അക്കാര്യം ഉന്നയിച്ച് കല്‍പ്പറ്റയില്‍ ഒരു പൊതുയോഗവും നടത്തിയിരുന്നു. വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിച്ച് വനഭൂമി കൈയേറുന്ന സംഭവങ്ങള്‍ അരനൂറ്റാണ്ടായി നടക്കുന്നുണ്ട്. ആദിവാസിസംഘടനകളും അത് തുടരുന്നു. ഹാരിസണ്‍ മലയാളം, പോഡാര്‍ പ്ലാന്റേഷന്‍ തുടങ്ങിയ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള ഭൂമി ഏകദേശം 20000 ഏക്കര്‍ വരുമെന്നും എന്തുകൊണ്ടാണ് ഈ ഭൂമി കൈയേറാത്തതെന്നുമാണ് പ്രകൃതിസംരക്ഷണ സമിതിയുടെ ചോദ്യം. തോട്ടമുടമകളുമായുള്ള ഒത്തുകളിയാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു.

ഈ പറഞ്ഞ എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് ദീര്‍ഘകാലമായി സമരരംഗത്തുള്ള സിപിഎംഎല്‍ നേതാവും സമരത്തിനു നേതൃത്വം കൊടുക്കുന്നവരില്‍ പ്രമുഖനുമായ എം കെ ദാസന്‍ പറയുന്നു. അദ്ദേഹം പറയുന്നതനുസരിച്ച് തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിര്‍ത്തിയതായിരുന്നു. 1970 അച്ചുതമേനോന്‍ സര്‍ക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉള്‍പ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തത്. വയനാട് ജില്ലയില്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലായി 5000 ഏക്കറോളം ഭൂമി ഇങ്ങനെ എറ്റെടുത്തിരുന്നു. വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് പിടിച്ചെടുത്തതെങ്കിലും അതവരെയും അതിന്റെ സംരക്ഷണാവകാശം വനംവകുപ്പിനെ ഏല്‍പ്പിച്ചു. വനനിയമമനുസരിച്ച് ഈ ഭൂമിയില്‍ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിതര്‍ക്കും 20 ശതമാനം മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുകൊടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചതെന്ന് സമരസമിതി പറയുന്നു. വനംവകുപ്പ് ഈ ഭൂമിയുടെ കസ്റ്റോഡിയന്‍ മാത്രമാണ്. വനംവകുപ്പിന്റെ കൈവശമുള്ള എല്ലാ ഭൂമിയും റിസര്‍വ് വനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ഭൂമിയുടെ പേരില്‍ കേസുകളൊന്നുമില്ലെന്ന ആരോപണവും സമരസമിതി തള്ളിക്കളഞ്ഞു. വയനാട്ടില്‍ സര്‍ക്കാരിനെതിരേ ഏകദേശം 100 ഓളം കേസുകള്‍ ഹാരിസണ്‍ നടത്തുന്നുണ്ടെന്ന കാര്യം പരിസ്ഥിതി- മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. പി ജി ഹരിയും ശരിവയ്ക്കുന്നു.

ഭൂമിയുടെ പ്രശ്‌നം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഇതേ മാതൃക അവര്‍ മുമ്പും പയറ്റിയിട്ടുണ്ടെന്നും സാമൂഹ്യപ്രവര്‍ത്തകനായ സി പി റഷീദ് ചൂണ്ടിക്കാട്ടുന്നു. മുത്തങ്ങ സമരകാലത്ത് ആനകളുടെ സഞ്ചാരപഥങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നത് ഇതേ പരിസ്ഥിതി സംഘടനയാണ്.

സ്വകാര്യ തോട്ടങ്ങള്‍ ഒഴിവാക്കിയതല്ലെന്നും തോട്ടം തൊഴിലാളികളും ആദിവാസികളും തമ്മില്‍ ഉണ്ടായേക്കാവുന്ന തൊഴില്‍ സംഘര്‍ഷത്തെ ഒഴിവാക്കാനായിരിക്കുമിതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. വനാവകാശ നിയമം അട്ടിമറിച്ച് ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത സംഘടനയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയെന്നും എം കെ ദാസന്‍ ആരോപിക്കുന്നു.

ഡോ. പി ജി ഹരി മറ്റും പരിസ്ഥിതി സമിതിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. അതീവ പരിസ്ഥിതി ലോലപ്രദേശമായ മരണിക്കര മടക്കിമലിലെ ഭൂമി വയനാട് മെഡിക്കല്‍ കോളജിനായി ഏറ്റെടുത്തപ്പോള്‍ ഒരു സമരത്തിനും വയനാട് പ്രകൃതി സംരക്ഷണ സമിതി തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യാന്ത്രിക പരിസ്ഥിതിവാദികളായ ഇത്തരം സംഘടനകള്‍ ആദിവാസികളുടെ പക്ഷത്തുനിന്നുണ്ടാകുന്ന സമരങ്ങളോട് ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നവരാണെന്നും മറ്റ് കൈയേറ്റങ്ങളോട് ഇതേ ശത്രുത കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read More >>