ധ്യാനത്തിനു പോകുന്നവര്‍ ക്യാമറ യൂണിറ്റിനെ കൊണ്ടുപോകാറില്ല

"ആത്മീയ ധ്യാനങ്ങൾക്ക്" പോകുന്നവർ ഫോട്ടോസെഷൻ നടത്താനുള്ള കാമറ യൂണിറ്റുകളുമായി പോകാറില്ല. പൂജ മുതൽ ധ്യാനസ്ഥലത്തേക്ക് നടക്കുന്നതും ധ്യാനത്തിൽ ഇരിക്കുന്നതും വരെ ഫോട്ടോകളെടുത്ത് മാദ്ധ്യമങ്ങൾക്ക് എത്തിച്ചു നൽകിയ ശേഷം അത് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതിലെ കുതന്ത്രവും കപട ആത്മീയതയും വഞ്ചനയും തിരിച്ചറിയാൻ സാമാന്യ ബോധമേ നമുക്ക് ആവശ്യമുള്ളൂ

ധ്യാനത്തിനു പോകുന്നവര്‍ ക്യാമറ യൂണിറ്റിനെ  കൊണ്ടുപോകാറില്ല

സാമൂഹ്യമാദ്ധ്യമം / ഇസ്ഹാഖ് ഈശ്വരമംഗലം

ഗുഹയിലെ ഏകാന്തതയിൽ ധ്യാനനിരതനായി ഇരിക്കാൻ പോയ വിവരവും ഇരുന്നതും കുറച്ചു നാളുകൾ കഴിഞ്ഞാണ് നാം അറിഞ്ഞിരുന്നതെങ്കിൽ തീർച്ചയായും പ്രധാനമന്ത്രിയെ ആദരിച്ചേനെ. രജനീകാന്ത് ഉൾപ്പടെ അനേകം പ്രശസ്‌തരും അപ്രസക്തരും കേദാർനാഥ് പോലുള്ള അനേകം ക്ഷേത്രങ്ങളിൽ പൂജയിലും ധ്യാനത്തിലും പങ്കെടുക്കാറുള്ളത് നമുക്കൊക്കെ അറിയാം.

അവരെയൊക്കെ നാമേറെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, ഇത്തരം "ആത്മീയ ധ്യാനങ്ങൾക്ക്" പോകുന്നവർ ഫോട്ടോസെഷൻ നടത്താനുള്ള കാമറ യൂണിറ്റുകളുമായി പോകാറില്ല. പൂജ മുതൽ ധ്യാനസ്ഥലത്തേക്ക് നടക്കുന്നതും ധ്യാനത്തിൽ ഇരിക്കുന്നതും വരെ ഫോട്ടോകളെടുത്ത് മാദ്ധ്യമങ്ങൾക്ക് എത്തിച്ചു നൽകിയ ശേഷം അത് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതിലെ കുതന്ത്രവും കപട ആത്മീയതയും വഞ്ചനയും തിരിച്ചറിയാൻ സാമാന്യ ബോധമേ നമുക്ക് ആവശ്യമുള്ളൂ. "ക്യാമറാകണ്ണുകളെ മടക്കി അയച്ചു; 12200 അടി മുകളിൽ രുദ്ര ഗുഹയിൽ ഏകാകിയായി നാളെ രാവിലെവരെ മോദിയുടെ ധ്യാനം" എന്ന വാർത്താ വരികൾ കൃത്യമായ - ആസൂത്രിതമായ ഹെഡ് ലൈനാണ്. ഇത് വായിക്കുമ്പോൾ കേരളീയരുടെ മഹാ-ഭൂരിപക്ഷത്തിന് തമാശയാണ് തോന്നുക, ചിരിയാണ് വരിക. പക്ഷെ, ഉത്തരേന്ത്യ അങ്ങിനെയല്ല, അവരിൽ ഭൂരിഭാഗവുമിന്ന് രാത്രി മുഴുവൻ പ്രാർത്ഥനയിൽ ആയിരിക്കും. കാരണം, ഈ വികലമനസ്സുകൾക്ക് മോദി അവതാരമാണ്. കലിയുഗത്തിലെ പ്രകാശമായി അവതരിച്ച ദേവനാണ്. ഈ പറഞ്ഞതൊക്കെ മനസ്സിലാക്കാൻ ഉത്തരേന്ത്യ വരെ ഒന്ന് പോയാൽ മതി.

ഈ ഫോട്ടോയുടെ പ്രചാരണം വലിയ ഇലക്ഷൻ തന്ത്രമാണ്. അന്ധവിശ്വാസവും ഫാസിസ്റ്റ് അടിമത്വവും പേറുന്ന, ബഹു ഭൂരിപക്ഷം ഉത്തരേന്ത്യൻ ജനതയുടെ മനസ്സുകളിലും ഈ ഫോട്ടോകൾ ചലനങ്ങൾ ഉണ്ടാക്കുമെന്നും, അത് വോട്ടാക്കാമെന്നും നിർദ്ദേശിച്ച PR & Election Management -ടീമിനെ ചെറുതായി കാണേണ്ട. അത്രത്തോളം വർഗീയ-അന്ധവിശ്വാസ-അടിമത്വ മനോഭാവമാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾ കൊണ്ട് ഉത്തരേന്ത്യയിലെ ഭൂരിപക്ഷ മനസ്സുകളിൽ കുത്തിക്കയറ്റിയിരിക്കുന്നത്.

ഈ ജനതയെ ബോധമുള്ളവരാക്കൽ ഇനിയത്ര എളുപ്പമല്ല. എന്തായാലും, അത് 23-ന് ശേഷം തീരുമാനിക്കാം.

Read More >>