അങ്ങാടിയില്‍ തോറ്റതിനു വീണ്ടും അമ്മയോട്

ബോബ് മാര്‍ലിയെ ലഹരിയുടെ പര്യായമായി മാത്രം കാണുന്ന പൊലീസും അതിനു കൂട്ടു നില്‍ക്കുന്ന മാദ്ധ്യമങ്ങളും യഥാര്‍ത്ഥ കുറ്റവാളികളില്‍ നിന്നും ഒളിച്ചോടുകയാണു

അങ്ങാടിയില്‍ തോറ്റതിനു വീണ്ടും അമ്മയോട്

കോഴിക്കോട് : ലഹരിയുടെ കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ തോറ്റു തൊപ്പിയിടുന്ന കേരള പൊലീസ് വീണ്ടും ഇതിഹാസ റെഗ്ഗെ സംഗീതഞ്ജന്‍ ബോബ് മാര്‍ലിക്കെതിരെ. മലയാളത്തിലെ ഒരു പ്രമുഖമാദ്ധ്യമത്തിന്റെ ഇന്റര്‍നെറ്റ് എഡിഷനിലാണു ബോബ് മാര്‍ലിക്കെതിരെ വീണ്ടും അധിക്ഷേപമുള്ളത് . ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ധനഞ്ജയ ദാസ് എന്ന സര്‍ക്കിള്‍ ഇന്‍സ് പെക്ടറുമായുള്ള അഭിമുഖത്തിലാണു സംഗീതകാരനെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഇങ്ങനെ

യുവതലമുറ ലഹരിയിലേക്ക് തിരിയുന്നതിന് എന്തെങ്കിലും പ്രത്യേകം കാരണം ?

ഒരിടക്കാലത്ത് യുവാക്കള്‍ക്കിടയില്‍ ബോബ് മാര്‍ലി എന്ന പോപ് ഗായകന്‍ തരംഗമായിരുന്നു.അദ്ദേഹത്തിന്റെ രീതികളെയും ഭാവങ്ങളെയും അനുകരിക്കാനുള്ള ഒരു പ്രവണത പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതുപോലെ താടിയും മുടിയും വളര്‍ത്തുകയും ആ രീതി പിന്തുടരുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടുട്ടുണ്ട്. അങ്ങനെ നടക്കുമ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നു, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വ്യതസ്തമായി നില്‍ക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുന്നു എന്നൊക്കയുള്ള തോന്നലുകള്‍ യുവാക്കള്‍ക്കിടയില്‍ ഉണ്ട് അങ്ങനെ ലഹരിയിലേക്ക് തിരിയുന്നവരുണ്ട്.കുട്ടികളും കേരളവും ലഹരിയും വിഷയമായ വലിയ അഭിമുഖത്തില്‍ ധനഞ്ജയ ദാസ് എന്ന സി ഐ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ബോബ് മാര്‍ലി പരാമര്‍ശം മാത്രം വലുതാക്കിയും, തലക്കെട്ടാക്കിയുമാണു പ്രമുഖ മാദ്ധ്യമം വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. ബോബ് മാര്‍ലിയെന്നാല്‍ ലഹരിയുടെ പ്രതീകമാണു എന്ന കേരള പൊലീസ് ധാരണക്കും അതിലൂടെ ഉണ്ടായ പൊതുധാരണയ്ക്കും വളം വച്ചുകൊണ്ടാണു ഈ മാദ്ധ്യമത്തിന്റെ ഇടപെടല്‍ . ബോബ് മാ‍ര്‍ലി പുകവലിച്ചിരിക്കുന്ന വലിയ ചിത്രമാണു വാര്‍ത്തയുടെ അനുബന്ധമായി കൊടുത്തിരിക്കുന്നതും. കേരളക്കരയിലെ ലഹരി ഉപയോഗത്തിന്റെ അപ്പസ്തോലന്‍ ബോബ് മാര്‍ലിയാണു എന്ന മട്ടിലാണു വാര്‍ത്തയുടെ വിന്യാസവും.

ഇതിനു മുന്‍പും ലഹരി സംബന്ധിച്ച വാര്‍ത്തകളില്‍ ചേര്‍ത്ത് ബോബ് മാര്‍ലിയെ അപമാനിക്കാനുള്ള ശ്രമം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കഞ്ചാവിന്റെ പ്രചാരണത്തിന് ബോബ് മാര്‍ലിയുടെ ചിത്രം ഉപയോഗിക്കുന്നുവെന്ന് യുവജനക്കമ്മീഷന്‍ സര്‍ക്കാരിന് പരാതികൊടുത്ത സാഹചര്യം 2014 ലാണു കേരളത്തില്‍ ഉണ്ടായത് . 2010 നു ശേഷമാണു ബോബ് മാര്‍ലിയുടെ ആരാധകരെല്ലാം ലഹരിയുടെ വക്താക്കളും പ്രചാരകരും വില്‍പ്പനക്കാരുമാണ് എന്ന കള്ളം പൊലീസ് പ്രചരിപ്പിക്കാനും അത്തരം ആളുകളെ വേട്ടയാടാനും തുടങ്ങിയത്. തന്റെ പാട്ടുകളിലൂടെ ലോകം മുഴുവന്‍ വേദികള്‍ നേടിയ മാര്‍ട്ടിന്‍ ഊരാളിക്കും അദ്ദേഹത്തിന്റെ ബാന്‍ഡായ ഊരാളി ടീമിനും വരെ ഈ തരത്തിലുള്ള പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.

വാര്‍ത്തയെക്കുറിച്ച് പൊതുപ്രവര്‍ത്തകനായ ജെയ്സണ്‍ സി കൂപ്പര്‍ പ്രതികരിക്കുന്നു

വാസ്തവത്തിൽ ഏതെങ്കിലുമൊരു പോലീസുദ്യോഗസ്ഥന്റെ കേവലം ആവേശമായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല ലഹരിമരുന്ന് വേട്ട. തീർച്ചയായും കുട്ടികളും മറ്റും ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയേണ്ടതാണ്. പക്ഷെ ഇവിടെ ഭരണകൂടങ്ങളുടെ ഈ വിഷയത്തിലുള്ള താൽപര്യം സംശയാസ്പദമാണ്. ലഹരിക്ക് അടിമയാകുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാതെ നടത്തുന്ന ഒരു നീക്കവും ഫലം ചെയ്യില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ആഗോളതലത്തിൽ തന്നെ അമേരിക്ക തുടങ്ങിവെച്ച ലഹരിമരുന്നിനെതിരായ യുദ്ധം കൃത്യമായും രാഷ്ട്രീയ വിമതരെയും തങ്ങളുടെ വരുതിയിൽ നിൽക്കാത്ത രാഷ്ട്രങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നു. ഇത് പിന്നീട് മറ്റ് ഭരണകൂടങ്ങളും നടപ്പിലാക്കി എന്ന് മാത്രം.

ഭരണകൂടങ്ങൾ അവരുടെ നല്ല കുട്ടികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഇത്തരം ലഹരിമരുന്ന് വേട്ട നടത്തിപ്പോരുന്നത് . അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഏതൊന്നിനെയും ഭയപ്പാടോടൊയും കൂടിയേ അവർക്ക് വീക്ഷിക്കാൻ കഴിയൂ. അതിനെ ഇല്ലായ്മ ചെയ്യലും നന്നാക്കിയെടുക്കലും അവരുടെ കർത്തവ്യമായി അവർ കാണുന്നു. നമ്മുടെ നാട്ടിലെ ബോബ് മാർലി പേടിയും അങ്ങനെ തന്നെ. ലോകം ആദരിക്കുന്ന ഒരു വിമത ഗായകൻ നമ്മുടെ ഭരണകൂടങ്ങൾക്ക് പേടി സ്വപ്നമാണ്. ബോബ് മാർലിയെ അനുകരിക്കാൻ ശ്രമിക്കുന്ന യുവതലമുറ അവർക്ക് വഴിപിഴച്ചവരാണ്.

ഇക്കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിന്റെ പത്താം ക്ലാസുകാരനായ മകനെ അവന്റെ ഫോൺ കവറിൽ ബോബ് മാർലിയുടെ ചിത്രം ഉണ്ടെന്നതിന്റെ പേരിൽ മട്ടാഞ്ചേരിയിൽ പോലീസ് വിരട്ടിയിരുന്നു. കുറച്ചു നാൾ മുമ്പ് കേരളത്തിൽ പൊലീസ് ബോബ് മാർലിയെ പിടിക്കാൻ നടന്ന കഥ നമ്മൾ കേട്ടതുമാണു

കോഴിക്കോട്ടെ ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥി നിഷ. എ. എസിന്റെ പ്രതികരണം

കാശും അധികാരവുമുള്ളവരെ പേടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പറ്റി എഴുതുമ്പോഴും പറയുമ്പോഴും വമ്പന്‍ സ്രാവുകളെ കാണുമ്പോള്‍ കണ്ണടയ്ക്കുന്നവര്‍ എന്ന പ്രയോഗം അറിയാതെ വരാറുണ്ട്. കേരള പൊലീസിന്റെയും അതിനു കുഴലൂത്ത് നടത്തുന്ന മാദ്ധ്യമങ്ങളുടെയും കാര്യം മറ്റൊന്നല്ല. സ്ക്കൂളുകള്‍ക്ക് മുന്നിലുള്ള പെട്ടിക്കടകള്‍ റെയ്ഡ് നടത്തുന്ന ഏമാന്മാര്‍, ബോബ് മാര്‍ലിയുടെ ടീ ഷര്‍ട്ടിട്ട, മുടി വളര്‍ത്തിയ കുട്ടികളെ പിടിച്ച് പേടിപ്പിക്കുന്ന പൊലീസുകാര്‍, പക്ഷേ, ഇതിന്റെ പുറകിലുള്ള വന്‍ റാക്കറ്റുകളെ കണ്ടില്ലെന്ന് നടിക്കുകയാണു. അവരെ കണ്ടെത്താനും നിയമത്തിനു മുന്നില്‍ കൊണ്ട് വരാനും അല്‍പ്പം മേലും മനസ്സും അനങ്ങി പണിയെടുക്കേണ്ടി വരും. എന്ന് മാത്രവുമല്ല അതിനു തുനിഞ്ഞാല്‍ തലയിലുള്ള തൊപ്പി അധിക കാലം കാണുകയുമില്ല.

മുടി നീട്ടി വളര്‍ത്തി , ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാക്കളാണു ലഹരിയുടെ വാഹകര്‍ എന്നാണു പൊലീസ് നമ്മെ പഠിപ്പിക്കുന്നത്. 30 ലക്ഷത്തിലധികം വിലയുള്ള കാര്‍ കൈ കാട്ടി , പരിശോധന നടത്താന്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ എന്ന കാര്യം സംശയമാണു. നമ്മുടെ നിരത്തുകളിലൂടെ ഓടുന്ന ആഡംബര കാറുകളില്‍ എന്തൊക്കെയാണു കൊണ്ട് പോകുന്നതെന്നും നടക്കുന്നതെന്നും പരിശോധിക്കാന്‍ നിന്നാല്‍ ഈ പറയുന്ന ധീരന്മാരുടെ പൊടി പോലും ഉണ്ടാകില്ല . സ്ക്കൂള്‍ ഇടവഴികളിലെ പെട്ടിക്കടകളില്‍ റെയ്ഡ് നടത്താന്‍ മിടുക്കരാണു നമ്മുടെ ശൂരവീര പരാക്രമികളായ പൊലീസുകാര്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിയുന്ന ലഹരിയുടെ മുതലാളിമാരെ തൊടാന്‍ ഇവര്‍ പല ജന്മം ജനിക്കേണ്ടി വരും.

ഇതിനു മുന്‍പും ബോബ് മാര്‍ലിയെ ലഹരിയുടെ പേരു കൂട്ടി കലര്‍ത്തി അപമാനിക്കാനുള്ള ശ്രമം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ചെറിയ ഇടവേളക്ക് ശേഷം അത് വീണ്ടും തലപ്പൊക്കുകയാണു .

Read More >>