സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തിയ അനസ് എടത്തൊടിക, തിരിച്ചു വിളിച്ച് ആരാധകര്‍

സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നതു പോലെയാണ് അനസ് എടത്തൊടികയുടെ വിരമിക്കല്‍ തീരുമാനം. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് അനസ്...

സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തിയ അനസ് എടത്തൊടിക, തിരിച്ചു വിളിച്ച് ആരാധകര്‍

സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നതു പോലെയാണ് അനസ് എടത്തൊടികയുടെ വിരമിക്കല്‍ തീരുമാനം. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാനുള്ള പ്രതിരോധ താരം അനസ് എടത്തൊടികയുടെ തീരുമാനം ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം എതിരേറ്റത്. ഏഷ്യന്‍ കപ്പില്‍ അനസിന്റെയും ജിംഗാന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിരോധ നിര മികച്ചു നിന്നതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പുറത്താകലിന് കാരണമായ ബഹറൈനെതിരെ തോറ്റ മത്സരത്തില്‍ നിന്ന് അനസ് പരിക്കിനെ തുടര്‍ന്ന് ആദ്യ മിനുട്ടുകളില്‍ തന്നെ പിന്മാറിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരയണമെന്നാാണ് ആരാധകരുടെ ആവശ്യം.

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അനസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തി. ''ഇങ്ങളിതെന്ത് വര്‍ത്താനമ ഈ പറയുന്നേ,,,ഇന്ത്യയില്‍ ജനങ്ങള്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റി വരുവ,, ഇങ്ങളൊക്കെയാ അതിന് കാരണം ആ സമയത്തു ഇട്ടിട് പോകുവാണെന്നോ... ഓലക്കെമേലെ ഒരു തീരുമാനം,,,എന്റെ അനസിക്ക ഇങ്ങള്‍ക് ഇനിയും ഒരുപാട് ചെയ്യാന്‍ ഉണ്ട്'' ആരാധകൻറെ വാക്കുകള്‍. മെസിയുടെ തിരിച്ചു വരവു പോലെ അനസും തിരിച്ചു വരുമെന്നാണ് മറ്റൊരു ആരാധകന്റെ പ്രതീക്ഷ.കഴിവുള്ള യുവതാരങ്ങള്‍ക്കായാണ് സ്ഥാനം ഒഴിഞ്ഞു നല്‍കുന്നതെന്നാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറയുന്നത്. ഇന്ത്യയ്ക്കായി 19 മത്സരങ്ങളാണ് അനസ് എടത്തൊടിക കളിച്ചിട്ടുള്ളത്. ഇന്‍ര്‍കോണ്ടിനന്റല്‍ കപ്പില്‍ കിരീടം നേടിയ ടീമില്‍ അനസ് അംഗമായിരുന്നു.

Read More >>