വയനാട്ടിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്

പ്രകാശ് കാരാട്ടും പിണറായി വിജയനും നാളെയെത്തും. അമിത് ഷായും രാഹുലും 16ന്, സീതാറാം ചെയ്യൂരി 18ന്

വയനാട്ടിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്

ബിൻ സൂഫി

കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിലേക്ക് യു.പി.എക്ക് പുറമെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ദേശീയ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏപ്രിൽ നാലിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ രാഹുലും പ്രിയങ്കാ ഗാന്ധിയും ജില്ലയിലേക്കെത്തിയതോടെ ചിത്രം മാറിയ മണ്ഡലത്തിൽ ദിവസവും ഒന്നിലധികം ദേശീയ നേതാക്കളാണ് പ്രചരണത്തിനെത്തുന്നത്. വോട്ടെടുപ്പ് അടുത്തതോടെ കൂടുതൽ നേതാക്കളാണ് ജില്ലയിലേക്കെത്തുന്നത്.

നാളെ സി.പി.എം മുൻ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ മണ്ഡലത്തിലെത്തുന്നുണ്ട്. ഏറനാട്, മുക്കം മണ്ഡലങ്ങളിലെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രകാശ് കാരാട്ട് പങ്കെടുക്കുമ്പോൾ കൽപ്പറ്റയിൽ റോഡ് ഷോയുമായാണ് പിണറായി ഇടതു ശക്തി തെളിയിക്കാനെത്തുന്നത്. കാൽലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. 17ന് വൃന്ദാ കാരാട്ടും മണ്ഡലത്തിലെത്തും.

രാഹുൽ ഗാന്ധി 16നോ 17നോ ജില്ലയിൽ വീണ്ടുമെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. തിയ്യതി സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും സോണിയാ ഗാന്ധിയും മണ്ഡലത്തിൽ പ്രചരണത്തിനെത്തും. നിലവിൽ കോൺഗ്രസിന്റെ അരഡസനോളം ദേശീയ നേതാക്കളാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചരണപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഐ.ഐ.സി.സി പ്രവർത്തകസമിതി അംഗം എ.കെ ആന്റണി, മുൻ കേന്ദ്രമന്ത്രിമാരായ മണി ശങ്കർ അയ്യർ, സുദർശൻ നാച്ചിയപ്പൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി, മുൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷാക്കിർ സാനിഗി, മുൻ എൻ.എസ്.യു(ഐ) ദേശീയ പ്രസിഡന്റ് സലീം അഹമ്മദ്, തമിഴ്‌നാട്, കർണാട പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ ദിവസങ്ങളായി ജില്ലയിലുണ്ട്.എൻ.ഡി.എ ഉത്തരേന്ത്യയിലടക്കം തെരഞ്ഞെടുപ്പ് ക്യാമ്പയിൻ വിഷയമാക്കി മാറ്റുന്ന വയനാട് മണ്ഡലത്തിലേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നിരവധി നേതാക്കൾ പ്രചരണത്തിനെത്തുന്നുണ്ട്. 16ന് സുൽത്താൻ ബത്തേരിയിലെത്തുന്ന അമിത് ഷാ റോഡ് ഷോയിൽ പങ്കെടുക്കും.തൊട്ടടുത്ത ദിവസങ്ങളിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവരും ജില്ലയിലെത്തുമെന്ന് എൻ.ഡി.എ മണ്ഡലം മീഡിയ കോഡിനേറ്റർ അഡ്വ. സിനിൽ മുണ്ടംപ്പള്ളി പറഞ്ഞു. നേതാക്കളും റോഡ് ഷോകളും പതിവാകുന്നതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിന് കാഠിന്യമേറുകയാണ്. കേരളത്തില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More >>