ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുള്ള രാജിക്കത്ത് രാഹുൽ ഗാന്ധിക്കു കൈമാറി.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായും ഉത്തരവാദിത്തം ഏറ്റെടുത്താണു രാജിയെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പ്രതികരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുള്ള രാജിക്കത്ത് രാഹുൽ ഗാന്ധിക്കു കൈമാറി.

പടിഞ്ഞാറൻ യുപിയുടെ ചുമതല ജോതിരാദിത്യയ്ക്കായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായിരുന്ന ദീപക് ഛാബ്രിയ, ഹരീഷ് റാവത്ത് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗുണയിൽ സിന്ധ്യ ബിജെപിയുടെ കെ.പി. യാദവിനോട് 1,25, 549 വോട്ടുകൾക്കു തോറ്റിരുന്നു. രാഹുൽഗാന്ധിക്കു പകരം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വന്ന പേരുകളിൽ ജ്യോതിരാദിത്യയുമുണ്ട്.

പാർട്ടിയെ സേവിക്കാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നതായും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നേതാക്കൾ പദവികൾ രാജിവച്ചു. മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദിയോറയും പാർട്ടി പദവി ഞായറാഴ്ച രാജിവച്ചു.

രാഹുൽ ഗാന്ധിയെ കണ്ടശേഷമാണു രാജി വയ്ക്കാൻ തീരുമാനിച്ചതെന്ന് മിലിന്ദ് പ്രതികരിച്ചു. മുംബൈയിലെ പാർട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കും. മുംബൈ കോൺഗ്രസ് ഘടകത്തിന് ആവശ്യമായ നിർദേശങ്ങൾ നല്‍കുമെന്നും മിലിന്ദ് ദിയോറ വ്യക്തമാക്കി.

Read More >>