തുഷാറിനെ മനപ്പൂർവ്വം കുടുക്കി; നിയമപരമായി നേരിടും: വെള്ളാപ്പള്ളി

അതേസമയം പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം. ഇത് നിലനിൽക്കാൻ സാദ്ധ്യത കുറവാണ്

തുഷാറിനെ മനപ്പൂർവ്വം കുടുക്കി; നിയമപരമായി നേരിടും: വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശൻ. പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്‌നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി പറഞ്ഞു. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് ബി.ഡി.ജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യു.എ.ഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തു മില്യൺ യു.എ.ഇ ദിർഹത്തിന്റെ വണ്ടിചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ ഇപ്പോൾ അജ്മാൻ ജയിലിലാണ്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. വ്യവസായി എം. എ യൂസഫലിയുടെയും കേന്ദ്രസർക്കാരിന്റെയും സഹായവും തുഷാറിന്റെ കുടുംബം തേടുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് തുഷാർ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് നൽകിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.

പത്ത് മില്യൺ യു.എ.ഇ ദിർഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാർ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസിൽ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീർക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒടുവിൽ സ്വദേശിയുടെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസിൽ ഗൾഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിൻറെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം. ഇത് നിലനിൽക്കാൻ സാദ്ധ്യത കുറവാണ്.

Read More >>