വിശ്വാസ ചൂഷണത്തെ തുറന്നുകാണിക്കും; കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമെന്ന് സമസ്ത

ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍ നിന്നും മുഫ്തി പദവി വ്യാജമെന്ന് സമസ്തയെ രേഖാമൂലം അറിയിച്ചതായും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിശ്വാസ ചൂഷണത്തെ തുറന്നുകാണിക്കും;  കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമെന്ന് സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍ അറിയിച്ചു. ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍ നിന്നും ഇക്കാര്യം സമസ്തയെ രേഖാമൂലം അറിയിച്ചതായും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബറേല്‍വി നേതൃത്വം നിയമിച്ചുവെന്ന് ഫെബ്രുവരി അവസാനത്തിലാണ് എ.പി വിഭാഗം സുന്നികള്‍ അവകാശപ്പെട്ടു തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരില്‍ സംഘടിപ്പിക്കുകയും ഗ്രാന്റ് മുഫ്തിയായി വിവിധ രാജ്യങ്ങളില്‍ കാന്തപുരം സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പിന്റെ ഭാഗമാണെന്നാണ് സമസ്ത പറയുന്നത്. ഗ്രാന്റ് മുഫ്തി തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സമസ്ത മൂന്നംഗ പണ്ഡിത സമിതിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ഔദ്യോഗിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സമസ്തയുടെ വെളിപ്പെടുത്തലെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. ഇതുസംബന്ധമായി ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി കൈമാറിയ കുറിപ്പ് സമസ്ത നേതാക്കള്‍ മാദ്ധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ജമാഅത്തെ റസായെ മുസ്തഫ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരിയാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാന്‍ഡ് മുഫ്തി അസ്ജദ് റസാഖാനാണ് സംഘടനയുടെ അദ്ധ്യക്ഷന്‍.

കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രന്‍ മുഫ്തി അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേല്‍വി മുസ്ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും. ഗ്രാന്‍ഡ് മുഫ്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തുടക്കത്തില്‍ നടത്തിയ നിയമനം ബറേല്‍വി നേതൃത്വം ഒറ്റക്കെട്ടായാണ് നടത്തിയിരിക്കുന്നതെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചരണം ശുദ്ധ അസംബന്ധവും ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണ്. സമസ്തയുടെ ലക്ഷ്യം ചൂഷണത്തില്‍ നിന്നും വിശ്വാസികളെ രക്ഷപ്പെടുത്തലാണെന്നും വേണ്ടിവന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കാന്തപുരം വിഭാ?ഗമായുള്ള ഐക്യ ചര്‍ച്ചകള്‍ക്ക് സമസ്ത അനുകൂലമാണെന്നും എന്നാല്‍ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷം കെട്ടലുകളോടും ഒരു നിലക്കും യോജിക്കാന്‍ സാദ്ധ്യമല്ലെന്നും പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുഫ്തി റഫീഖ് അഹ്മ്മദ് ഹുദവി കോലാര്‍ എന്നിവരും പങ്കെടുത്തു.

Read More >>