രാഹുൽഗാന്ധി പിണറായിയെ കണ്ടു; രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കും

ഇന്നലെ രാഹുൽ ഗാന്ധിവയനാട്ടിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

രാഹുൽഗാന്ധി പിണറായിയെ കണ്ടു; രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കും

തിരുവനന്തപുരം: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും ബന്ദിപൂർ-വയനാട് വനമേഖലയിലെ രാത്രിയാത്രാ നിരോധനവും ചർച്ചയായതായി രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. രാത്രിയാത്രാ നിരോധനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വ്യാഴാഴ്ച സമരപ്പന്തലിൽ എത്തുമെന്ന് രാഹുൽ പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ എത്രയും വേഗമുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ ബന്ദിപൂർ വനമേഖലയിൽ രാത്രി ഒൻപത് മുതൽ രാവിലെ 6 വരെ വാഹനങ്ങൾ നിരോധിച്ചതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരത്തിൽ ഇരിക്കുന്ന കേരളീയരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാഹുൽ ഗാന്ധിവയനാട്ടിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വയനാട്-കൊല്ലഗൽ ദേശീയപാത 766ൽ പൂർണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെയാണ് വയനാട്ടിൽ സമരം ശക്തമാകുന്നത്. കോഴിക്കോട് വയനാട് വഴി മൈസൂരിലേക്ക് പ്രവേശിക്കുന്ന കേരള-കർണാടക 766 ദേശീയ പാതയാണ് വയനാട്-കൊല്ലഗൽ. 272 കിമി നീളമുള്ള പാതയുടെ 117 കിമി കേരളത്തിലും 155 കിമി കർണാടകയിലുമായാണുള്ളത്. ഈ പാതയുടെ 19.7 കിലോമീറ്റർ ദൂരമാണ് വയനായ്-ബന്ദിപ്പൂർ വനങ്ങളിലൂടെ കടന്നുപോകുന്നുത്. കൊല്ലഗലിൽ വെച്ച് ഈ പാത ദേശീയ പാത 948മായി കൂടിച്ചേരും.

നിലവിലെ യാത്രാ നിരോധനം തന്നെ കേരളത്തിലെയും കർണാടകയിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് കടുത്ത പ്രയാസമുണ്ടാക്കുന്നതാണ്. കാര്യക്ഷമമായ ബദൽ മാർഗമില്ലാതെ നിരോധനം നിലവിൽ വന്നാൽ വയനാട് തീർത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ സമരം ശക്തമാവുന്നത്. ബത്തേരിയിൽ രാഷ്ട്രീയ പാർട്ടികളുൾപ്പെടെയുള്ള വിവിധ യുവജന കൂട്ടായ്മകൾ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. എന്നാൽ രാത്രിയാത്ര നിരോധനം നീക്കുന്നതിനെതിരെ പരിസ്ഥിതിസ്‌നേഹികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിജയം കാണും വരെ നിരാഹാര സമരം തുടരാൻ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം. ഇതിനിടെയാണ് നിരോധനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി എം.പി എത്തുമെന്ന സൂചനയാണ് ഇപ്പോളുള്ളത്. ബന്ദിപൂർ കടുവ സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചതിന് ബദലായി പുതിയ പാത സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ച്ചക്കകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. ബന്ദിപൂർ വഴിയുള്ള പാത പൂർണമായും അടയ്ക്കുന്നതിന് വേണ്ടിയാണിത്. ബന്ദിപൂർ വഴിയുള്ള രാത്രിയാത്ര നിരോധിക്കണമെന്ന നിലപാടാണ് കർണാടകത്തിനും തമിഴ്‌നാടിനും. എന്നാൽ കേരളം ഇതിനെ എതിർക്കുന്നു. കേരളത്തിന്റെ വ്യാപാരത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വാദം. ബദൽപാത 75 കോടി രൂപ ചെലവിൽ നിർമിക്കുകയാണെന്ന് കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മൈസൂരു വഴി പുതിയ പാത നിർമ്മിക്കുന്നുവെന്നാണ് കർണാടക പറയുന്നത്.

Next Story
Read More >>