അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണം: എഐവൈഎഫ് 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ തിരിച്ചെടുത്ത താര സംഘടന അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന്...

അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണം: എഐവൈഎഫ് 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ തിരിച്ചെടുത്ത താര സംഘടന അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശപ്പെട്ടു. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മുന്‍പ് നടനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന വാദം പരിഹാസ്യമാണ്.

അമ്മ ഈ നടപടിയിലൂടെ ഇരയ്ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരവാണ്. സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണം.

സിനിമ രംഗത്തെ എല്ലാ വിധ അനാരോഗ്യ പ്രവണതകളുടെയും സംരക്ഷകരായി മാറിയ അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അമ്മയുടെ നടപടിക്കെതിരെ രം​ഗത്തുവന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

Story by
Read More >>