രാഷ്ട്രീയം പഠനത്തിന്റെ ഭാഗമല്ലേ സാര്‍?

വി കെ പ്രസാദ് ( ഹൈക്കോടതി അഭിഭാഷകന്‍ ) നിലക്കാത്ത ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം തിരികൊളുത്തിയിരിക്കുന്നത്. ...

രാഷ്ട്രീയം പഠനത്തിന്റെ ഭാഗമല്ലേ സാര്‍?

വി കെ പ്രസാദ്

( ഹൈക്കോടതി അഭിഭാഷകന്‍ )

നിലക്കാത്ത ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം തിരികൊളുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നടന്ന സംഘട്ടനത്തിന്റെ ഇര മാത്രമായി അഭിമന്യുവിനെ ചുരുക്കാന്‍ കഴിയാത്തവിധം അനവധി തലങ്ങളിലേക്ക് അവന്റെ ജീവാഹുതി വികസിച്ചു കഴിഞ്ഞിരിക്കുന്നു. എസ്.എഫ്.ഐ യുടെ 'ഏകാധിപത്യ' ശൈലിക്കെതിരെയുള്ള പ്രതികരണമായി അഭിമന്യുവിന്റെ കൊലയെ ചിത്രീകരിക്കാനുള്ള എ.കെ.ആന്റണിയുടെയും മറ്റും ശ്രമം കേരള സമൂഹം പരിഗണിച്ചതേയില്ല. കേരളത്തില്‍ ആധിപത്യം പുലര്‍ത്താന്‍ വെമ്പുന്ന മതതീവ്രവാദത്തിന്റെ ഇരയാണ് അഭിമന്യു എന്ന് ഇന്ന് പൊതുവെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


എറണാകുളത്തെ കോളേജിലുണ്ടായ സംഭവം തന്നെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ കേരള ഗവര്‍ണറും ഇന്ത്യയുടെ മുന്‍ മുഖ്യ ന്യായാധിപനുമായ ജസ്റ്റിസ് പി. സദാശിവത്തിന്റെ വാക്കുകള്‍, പക്ഷേ, അതിന്റെ അപകടകരമായ ഉള്ളടക്കം കൊണ്ട് വേറിട്ടുനില്‍ക്കുന്നു. വിദ്യഭ്യാസകാലത്ത് പഠനത്തിലാണ് വ്യദ്യാര്‍ത്ഥികള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും ബിരുദം നേടിയ ശേഷം രാഷ്ട്രീയമടക്കം ഏതു മേഖലയും തെരഞ്ഞെടുക്കാമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. അഭിമന്യു എന്തോ വേണ്ടാത്തതു ചെയ്തതുകൊണ്ടാണ് അവന്‍ ദുരന്തം ഏറ്റുവാങ്ങിയതെന്ന ഒരു ധ്വനി ആ വാക്കുകളില്‍ നിങ്ങള്‍ ശ്രദ്ധിച്ചുവോ? പഠനത്തിന്റെ ഭാഗമല്ല രാഷ്ട്രീയമെന്നും പഠനശേഷം വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കേണ്ട മറ്റേതൊരു തൊഴിലും പോലെ ഒന്നാണ് രാഷ്ട്രീയമെന്നുമുള്ള അന്തര്‍ധാരയും നമ്മുടെ ചിന്തയില്‍ പോറാതെ പോകാനിടയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മിനിമം യോഗ്യതയും ഇതിലൂടെ ഗവര്‍ണര്‍ നിശ്ചയിച്ചുവെച്ചിരിക്കുന്നു. ചുരുക്കത്തില്‍, അഭിമന്യുവിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് ജസ്റ്റിസ് സദാശിവം ചെയ്തിരിക്കുന്നത്

.
ഇന്ത്യന്‍ വലതുപക്ഷം എക്കാലത്തും സ്വപ്നംകണ്ട അരാഷ്ട്രീയ കേരളത്തെ സാക്ഷാല്‍ക്കരിച്ചെടുക്കുന്നതില്‍ അവര്‍ക്ക് തടസ്സമായി നിന്നുപോന്നത് ഇവിടത്തെ ചടുലമായ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളും, അവര്‍ക്ക് ഊര്‍ജ്ജം നല്‍കിയ ഇടതുപക്ഷ സോഷ്യലിസ്റ്റ് ബോദ്ധ്യങ്ങളുമാണല്ലോ. അതിനെ മറികടക്കാന്‍ ചതുരുപായങ്ങളും പയറ്റി പരാജയപ്പെട്ടപ്പോള്‍ വലതുപക്ഷം ആവിഷ്‌ക്കരിച്ച മുദ്രാവാക്യമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഏറ്റുപാടുന്നത്. അത് സാധിച്ചെടുക്കാന്‍ അവര്‍ ആവിഷ്‌ക്കരിച്ച പ്രയോഗ രൂപങ്ങളായിരുന്നു കേന്ദ്ര സിലബസും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും സ്വാശ്രയ കലാലയങ്ങളും സ്വയംഭരണ സര്‍വ്വകലാശാലകളും. ഈ സ്ഥാപനങ്ങളിലൂടെയെല്ലാം അവര്‍ അഭ്യസിപ്പിക്കാന്‍ ശ്രമിച്ചതാകട്ടെ രാഷ്ട്രീയം തന്നെയായിരുന്നു. അരാഷ്ട്രീയതയുടെ രാഷ്ട്രീയം.


അരാഷ്ട്രീയതയെന്നാല്‍ രാഷ്ട്രീയമില്ലായ്മയാണെന്നും, രാഷ്ട്രീയമില്ലായ്മ നിഷ്പക്ഷതയാണെന്നും, രാഷ്ട്രീയമെന്നത് മലീമസവും അധമവുമായ ഒരേര്‍പ്പാടാണെന്നുമെല്ലാമുള്ള മദ്ധ്യവര്‍ഗ്ഗ ബോദ്ധ്യങ്ങളിലാണ് വലതുപക്ഷം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ തങ്ങളുടെ നിലപാടുകളുടെ വിത്തുകള്‍ കിളിര്‍പ്പിച്ചെടുക്കുന്നത്. സാമൂഹ്യവിരുദ്ധതയോളമെത്തുന്ന രാഷ്ട്രീയ വിരുദ്ധതയാണ് സത്യത്തില്‍ അരാഷ്ട്രീയതയെന്ന പേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ആ രാഷ്ട്രീയ വിരുദ്ധതയാകട്ടെ കൃത്യമായ വലതുപക്ഷ രാഷ്ട്രീയം തന്നെയായിരുന്നു. മനുഷ്യന്റെ ജീവിതം തന്നെയാണ് അവന്റെ രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം തമസ്‌ക്കരിക്കപ്പെടുകയും കേവലം കക്ഷിരാഷ്ട്രീയം മാത്രമാണ് രാഷ്ട്രീയമെന്ന ദ്വന്ദ്വയുക്തി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയമെന്നാല്‍ ജീവിതം തന്നെയാണെന്നതിനു പകരം അത് കേവലമൊരു തൊഴില്‍ മാത്രമാണെന്ന ബോധം അടിച്ചേല്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ അരാഷ്ട്രീയ മുഖംമൂടിയുടെ പിന്നിലൂടെ അവര്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ സൂക്ഷ്മതലത്തില്‍ വരെ എത്തിച്ച് നടപ്പാക്കിയെടുക്കുകയുണ്ടായി. സംശയമുണ്ടെങ്കില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകളിലെ സി.ബി.എസ്.ഇ സിലബസിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. ധനതത്വശാസ്ത്രത്തിന്റെ സിലബസില്‍ ആഗോളീകരണ ഉദാരീകരണ സ്വകാര്യവല്‍ക്കരണ നയങ്ങളെ പുകഴ്ത്തുകയും സോഷ്യലിസം, മാര്‍ക്‌സിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ പാടെ പുച്ഛിക്കുകയും ചെയ്യുന്ന പാഠഭാഗങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സ്വന്തം മാതൃഭാഷ പഠിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഈ സിലബസ്സുകള്‍ക്ക് രാഷ്ട്രീയമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? വേഷഭൂഷാദികളിലും ഭാഷയിലും ഭക്ഷണത്തിലുമൊക്കെ പുലരുന്ന വൈവിദ്ധ്യത്തെയും നാനാത്വത്തെയും ഇല്ലാതാക്കണമെന്ന് ശഠിക്കുന്ന കേന്ദ്ര സിലബസ്സുകള്‍ രാജ്യത്തെയാകെ ഒരു ഏകീകൃത വിപണിയാക്കിയെടുക്കുകയെന്ന മൂലധന രാഷ്ട്രീയ ദൗത്യം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.


വിദ്യാര്‍ത്ഥി രാഷ്ട്രീയം സമം അക്രമമെന്ന കേവലയുക്തി ബോധപൂര്‍വ്വമായി പ്രചരിപ്പിക്കുന്നുണ്ടിവിടെ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഇടമേ ലഭിക്കാത്ത ഉത്തരേന്ത്യന്‍ കലാലയങ്ങളിലെ സ്ഥിതിയെന്താണെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ജാതിയില്‍ താഴ്ന്നവരായ പെണ്‍കുട്ടികള്‍ കക്കൂസ് കഴുകേണ്ട സ്ഥിതി നിലനില്‍ക്കുന്ന വിദ്യാലയങ്ങള്‍ വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. പോകട്ടെ, അവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുമോ? കയ്യൂക്കിന്റെയും അക്രമത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ഫ്യൂഡല്‍ ആധിപത്യവും സവര്‍ണ്ണ മേധാവിത്തവും അഭംഗരം വാഴുന്നയിടങ്ങളാണ് മിക്ക ഉത്തരേന്ത്യന്‍ പ്രദേശങ്ങളും. ഇനി കേരളത്തിലേക്കു വരാം. സിനിമാതാരം സ്വന്തം സഹജീവിയെ ബലാല്‍സംഗം ചെയ്യാന്‍ നല്കിയ ക്വട്ടേഷനോ, സൂര്യനെല്ലി മുതലിങ്ങോട്ട് സംസ്ഥാനത്ത് എത്രയോ ഇടങ്ങളില്‍ നടന്ന പീഡനങ്ങളോ, മയക്കുമരുന്ന് മുതല്‍ മണല്‍കടത്ത് വരെ നീളുന്ന മാഫിയകളോ, അനുദിനം പെരുകുന്ന സൈബര്‍കുറ്റകൃത്യങ്ങളോ, അടുത്തിടെ സംസ്ഥാനത്ത് തലപൊക്കിയ ദുരഭിമാന കൊലകളോ, മതതീവ്രവാദികള്‍ എതിരാളികളുടെ മേല്‍ വിധിച്ചു നടപ്പാക്കിയ അസംഖ്യം കൊലപാതകങ്ങളോ ഇതിലേതാണ് സര്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സൃഷ്ടിയായിട്ടുള്ളത്? അപ്പോള്‍ പിന്നെ വിദ്യാലയങ്ങളില്‍ മാത്രം അക്രമമുണ്ടാകരുതെന്ന് പറയാന്‍ ഇതെന്താ ഇവിടത്തെ വിദ്യാലയങ്ങള്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്ന പേടകമോ? നമ്മുടെ സമൂഹത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ അക്രമാത്മകതയും ഹിംസാത്മകതയും തന്നെയല്ലേ യഥാര്‍ത്ഥ പ്രശ്‌നം? ഈ അക്രമത്തിന്റെ പിന്നിലെ രാഷ്ട്രീയ യുക്തിയെന്താണെന്ന പരിശോധന അടിയന്തിരമായും നടത്തേണ്ടതല്ലേ?


അവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ അടിവേര് കിടക്കുന്നത്. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന സര്‍വ്വ ആക്രമങ്ങളുടെയും മൂലകാരണം മൂലധനം നടത്തുന്ന ചൂഷണാധിഷ്ഠിതമായ ആധിപത്യമോ, ജാതി ജന്മി നാടുവാഴി മേധാവിത്തത്തിന്റെ ശേഷിപ്പുകളോ ആണ്. അവക്കെതിരെ ഒരു ജനത നടത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണ് വിദ്യാലയങ്ങളില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനം. അതിനെ തകര്‍ത്തുകൊണ്ടേ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ കഴിയൂ എന്നറിയുന്ന മൂലധന ഫ്യൂഡല്‍ മേധാവിത്വത്തിന്റെ കുടില രാഷ്ട്രീയമാണ് അരാഷ്ട്രീയത.
ആസിയാന്‍ കരാര്‍ നിമിത്തം റബ്ബറിന്റെ വില ഇടിയുമ്പോള്‍ റബ്ബര്‍ കൃഷിക്കാരന്‍ മാത്രമല്ല അവന്റെ മക്കളും തങ്ങള്‍ മൂലധനത്തിന്റെ ഇരകളായി മാറിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നുണ്ട്. വിദേശ ട്രോളറുകള്‍ നമ്മുടെ കടലുകളിലെ മത്സ്യങ്ങളെ മുഴുവന്‍ കവര്‍ന്നെടുക്കുമ്പോള്‍ പട്ടിണിയാകുന്ന മുക്കുവന്റെ മക്കള്‍ മൂലധന ചൂഷണത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കുന്നുണ്ട്. ഊബറും ഒലെയും നിരത്തുകളെ കീഴടക്കുമ്പോള്‍ ഒരോട്ടം പോലും തരപ്പെടാതെ നെടുവീര്‍പ്പിടുന്ന ടാക്‌സി ഡ്രൈവറുടെ മക്കളും അതിന്റെ രാഷ്ട്രീയം തിരിച്ചറിയുകയാണ്. അവരോട് അതെല്ലാം മറന്ന് പോയി പഠിച്ച് മിടുക്കനായി ബിരുദം നേടൂ, എന്നിട്ട് നിങ്ങളുടെ രാഷ്ട്രീയം തെരഞ്ഞെടുക്കൂ എന്നു പറയുന്നത് അശ്ലീലമല്ലാതെ മറ്റെന്താണ് സര്‍?


അതുപോകട്ടെ, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗീതാ ക്ലാസിലേക്ക് അടിച്ചുതെളിക്കപ്പെട്ട അനുഭവം ഉള്ളവനാണ് ഈ ലേഖകന്‍. ഇന്ന് നമ്മുടെ കുട്ടികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ജാതി തിരിച്ചും ഗീതയും ഖുര്‍ആനും ബൈബിളും പഠിക്കുന്നു. തങ്ങളുടെ മതമോ ജാതിയോ ഒക്കെ മറ്റുള്ളവയെക്കാള്‍ മഹത്തരമാണെന്നും അവരെ പഠിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം പഠിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ ജാതിമതാടിസ്ഥാനത്തിലുള്ള ഈ പഠന പ്രക്രിയയെക്കുറിച്ച് എന്തു പറയുന്നു? അതോ, അവിടെ പഠിക്കുന്നത് അരാഷ്ട്രീയതയാണെന്നാണോ നിങ്ങളുടെ അഭിപ്രായം?

Story by
Read More >>