സാഹചര്യത്തിന് എന്താണ് ആവശ്യം അതാണ് ചിത്രീകരിക്കുന്നത്: ഗൗതം ശങ്കര്‍

രംഗങ്ങള്‍ക്കു ദൃശ്യഭംഗി വരുത്താനുള്ള ശ്രമങ്ങള്‍ കുറവാണ്. സഹാചര്യത്തിന് എന്താണ് ആവശ്യം എന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. എന്റെ കഴിവുകള്‍ മുഴുവനായും അതില്‍ കാണിക്കാന്‍ നോക്കാതിരിക്കുക, ഛായാഗ്രഹണം മാറി നില്‍ക്കാതെ തിരക്കഥയ്ക്ക് അ നുയോജ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രദ്ധിക്കുക അത്തരത്തിലാണ് ചെയ്യാറുള്ളത്. സംവിധായകന്റെ അനുമതിയോടെ മാത്രമെ ഛായാഗ്രഹണത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളു.

സാഹചര്യത്തിന് എന്താണ് ആവശ്യം അതാണ് ചിത്രീകരിക്കുന്നത്: ഗൗതം ശങ്കര്‍

ഛായാഗ്രഹണത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതു പോലെ പ്രേക്ഷകരുടെ അഭിരുചിയും മാറുന്നുണ്ട്. ഒരു ദൃശ്യം ഭംഗിയോടെ കാണിച്ചു തരുന്നവരെ മികച്ച ക്യാമറമാന്‍ എന്നു വിശേഷിപ്പിച്ചിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് കയ്യടിക്കുന്നു. സിനിമ മോശമായാലും ക്യാമറ സൂപ്പറാണെന്ന് പറഞ്ഞിരുന്നവര്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് മികച്ച ക്യാമറയെന്ന് അംഗീകരിച്ചു തുടങ്ങി. മഹാരഥന്‍മാരെ അംഗീകരിച്ച മലയാളികള്‍ പുതുമുഖങ്ങളെയും കയ്യടിച്ച് പ്രോത്സാഹിക്കുന്ന മാറ്റത്തിലാണ് മലയാള സിനിമ ഇപ്പോള്‍.

2017ല്‍ ഷാഹിദ് അഷറഫ് സംവിധാനം ചെയ്ത തീരം എന്ന ചിത്രത്തിലുടെ സ്വതന്ത്ര ഛായാഗ്രഹണ രംഗത്തേക്കു വന്നു തീവണ്ടിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയാണ് ഗൗതം ശങ്കര്‍. ചെറിയ കാലത്തിനിടയില്‍ തന്നെ മൂന്ന് ചിത്രങ്ങള്‍ ദൃശ്യവത്ക്കരിച്ച ഗൗതം തത്സമയത്തോട സംസാരിക്കുന്നു.
സിനിമ സ്വപ്നം കുട്ടിക്കാലം മുതല്‍ തന്നെ ഉണ്ടായിരുന്നോ, എങ്ങനെയാണ് സിനിമ രംഗത്തേക്കെത്തുന്നത്?

കുട്ടിക്കാലം മുതല്‍ തന്നെ സിനിമ കാണാന്‍ ഇഷ്ടാമായിരുന്നു. ചെറുപ്പം മുതല്‍ സിനിമ സ്വപ്നമൊന്നും ഉണ്ടായിട്ടില്ല. ചേതനയില്‍ ഛായാഗ്രഹണം പഠിക്കാന്‍ ആരംഭിക്കുന്നതിനു കുറച്ചു കാലം മുമ്പാണ് യഥാര്‍ത്ഥത്തില്‍ സിനിമ പ്രൊഡക്ഷന്‍ രംഗത്തേക്കു തല്‍പര്യം ഉണ്ടായി തുടങ്ങിയത്. പിന്നിട് പ്രഫഷനാക്കാമെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.

നവാഗതരായ ഒരു കുട്ടം ആളുകളാണ് തീവണ്ടിയുടെ അണിയറയില്‍, എങ്ങനെയാണ് നിങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകുന്നത്, ചിത്രത്തിന്റെ സംവിധായകന്‍ ഫെലിനിയുമായി പരിചയപ്പെടുന്നതെങ്ങനെ?

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്രയെന്ന ചിത്രത്തില്‍ ഞാനും ഫെലിനിയും അസിസറ്റന്റ് ഡയറ്കടര്‍മാരായിരുന്നു. ചേതനയില്‍ സിനിമ പഠനം പൂര്‍ത്തിയാക്കിയ സമയമായിരുന്നു അത്. അവിടെ വച്ചാണ് ഫെലിനിയെ പരിചയപ്പെടുന്നത്. ഇലക്ട്രക്കു ശേഷം ഫെലിനി സെക്കന്റെ് ഷോയില്‍ അസിസ്റ്റന്റായി വര്‍ക്കു ചെയ്തിരുന്നു. ചിത്രത്തില്‍ വര്‍ക്കു ചെയ്തിരുന്നില്ലെങ്കിലും ഞാനും ആ ടീമിന്റെ ഭാഗമായിരുന്നു. സെക്കന്റ് ഷോയുടെ സമയത്താണ് തിരകഥാകൃത്ത് വിനി വിശ്വലാലിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളം ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. അതിനിടയില്‍ ഒരു പരസ്യ ചിത്രം ചെയ്തു. ചിത്രത്തിനു കൈലാസ് മേനോനായിരുന്ന സംഗീതം നല്‍കിയിരുന്നത്. അങ്ങനെയാണ് ഈ നവാഗത ഗ്രൂപ്പുണ്ടാകുന്നത്.

തീവണ്ടിയില്‍ ഒരു പ്രത്യേക കളര്‍ ടോണ്‍ ശ്രദ്ധിച്ചിരുന്നു. എന്താണ് ഇത്തരത്തിലുള്ള ഒരു കളര്‍ ടോണ്‍ സ്വകരിക്കാന്‍ കാരണം

ഷൂട്ടിനു മുമ്പുതന്നെ ഞങ്ങളൊരു കളര്‍ പലേറ്റ് തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പറയുന്നതു ഗ്രാമത്തിന്റെ കഥയായതിനാല്‍ പഴയകാലത്തെ ചിത്രങ്ങളിലെ കളര്‍ ടോണ്‍ ഉപയോഗിക്കാമെന്നായിരുന്നു തീരുമാനം. തൊണ്ണുറുകളിലൊക്കെ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടു ചിത്രങ്ങളാണ് പരാമര്‍ശമായി സ്വീകരിച്ചിരുന്നത്. ഗ്രാമപ്രദേശമായതിനാല്‍ തന്നെ പച്ചക്കളര്‍ കുറെ സമയം കണ്ടുകൊണ്ടിരുന്നാല്‍ പ്രക്ഷകനു പെട്ടന്നു മടുക്കാന്‍ സാധ്യതയുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു ഇളം ടങ്സ്റ്റണ്‍ ടോണ്‍ ആണ്. ചുവപ്പു നിറവും പൊതുവെ കുറവായിരിക്കും.
ചിത്രീകരണ വേളയില്‍ മറ്റെന്തെങ്കില്‍ വെല്ലുവിളികള്‍ ഉണ്ടായതായി ഓര്‍ക്കുന്നുണ്ടോ

പയ്യോളിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പഴയകാല ഗ്രാമങ്ങളുടെ പശ്ചാത്തലം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് പയ്യോളി. മറ്റ് വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാല്‍പത്തിയഞ്ച് ദിവസമാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും നാല്‍പ്പത്തി നാലു ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു.

ചിത്രത്തിന്റെ കുറച്ചു ഭാഗം ചിത്രീകരിച്ചിരുക്കുന്നത് ഒരു തുരുത്തിലാണ്. ചിത്രത്തില്‍ എഡിസണ്‍ തുരുത്തെന്നു പറയുന്നു. ഈ പ്രദേശത്തെ ചിത്രീകരണങ്ങള്‍ ഒന്നു വിശദീകരിക്കാമോ

പയ്യോളിയില്‍ തന്നെയുള്ള ഒരു തുരുത്താണത്. വലിയ ജലാശയത്തിനു നടുവില്‍ ചെറിയൊരു സ്ഥലം. എന്നും കാലത്തു ചിത്രീകരണ സാമഗ്രഹികള്‍ അവിടെ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. അതുകൊണ്ട് ഞങ്ങളൊരു ചങ്ങാടം ഉണ്ടാക്കി സാധനങ്ങള്‍ അതില്‍ കയറ്റി അങ്ങോട്ടു കൊണ്ടുപോകുന്നതായിരുന്നു പതിവ്. രാവിലെ എല്ലാവരും അങ്ങോട്ട് ചങ്ങാടത്തില്‍ പോകും വൈകിട്ട് തിരിച്ചു വരും. പാമ്പുകളൊക്കെയുള്ള പ്രദേശമായതിനാല്‍ രാത്രി വൈകിയുള്ള ചിത്രീകരണങ്ങളൊന്നും അവിടെ സാധ്യമായിരുന്നില്ല. ചിത്രത്തില്‍ തന്നെ ഒരു ഹെലിഷോട്ടില്‍ കിളികള്‍ പറന്നു പോകുന്ന സീന്‍ കാണം അതൊക്കെ അവിടെ നിന്നും ചിത്രീകരിച്ചതാണ്. വളരെ ഡ്രൈ ആയിട്ടുള്ള രംഗങ്ങളില്‍ അത്തരം സീനുകള്‍ വരുന്നതു പ്രക്ഷകന് ഒരു ഉല്ലാസം പകരും. മറ്റു സ്ഥലങ്ങളിലെ കളര്‍ ടോണ്‍ അല്ല തുരുത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധിച്ചാല്‍ മനസിലാകും തുരുത്തിലുള്ള രംഗങ്ങളില്‍ കളര്‍ ടോണില്‍ ചെറിയ മാറ്റം കാണം. അവിടുത്തെ ഭൂപ്രകൃതിയിലുള്ള മാറ്റം പ്രേക്ഷകനു അനുഭവിപ്പിക്കുകയെന്നതാണ് ഇതിലുടെ ഉദ്ദേശിച്ചിരുന്നത്.പഠനത്തിനു ശേഷം നേരെ സിനിമയിലേക്ക് എത്തുകയായിരുന്നോ, എങ്ങനെയാണ് ശ്യാമപ്രസാദ് സാറിനെ അസിസ്റ്റു ചെയ്യാനുള്ള തീരുമാനത്തിലെത്തുന്നത്

സിനിമാ പഠനത്തിനു ശേഷം കുറച്ചു പടങ്ങള്‍ അസിസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇലക്ട്രയില്‍ സാനു വര്‍ഗീസാണ് ഛായഗ്രഹണം എന്നറിഞ്ഞിരുന്നു. അങ്ങനെ ശ്യം സാറുമായി ബന്ധപ്പെട്ടപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞു. ഇലക്ട്രക്കു ശേഷം ഷാനു വര്‍ഗീസിനൊപ്പം വിശ്വരൂപം, ബോബെയില്‍ ചില പരസ്യ ചിത്രങ്ങള്‍ അവയിലൊക്കെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

ഛായാഗ്രഹണത്തില്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കാറുള്ളത്. ചില ചിത്രങ്ങളില്‍ എല്ലാറ്റിലും ഉപരി ഛായാഗ്രഹണം മികച്ചു നില്‍ക്കാറുണ്ട്. അത്തരത്തില്‍ ദൃശ്യഭംഗി വരുത്താന്‍ ശ്രമിക്കാറുണ്ടോ?

രംഗങ്ങള്‍ക്കു ദൃശ്യഭംഗി വരുത്താനുള്ള ശ്രമങ്ങള്‍ കുറവാണ്. സഹാചര്യത്തിന് എന്താണ് ആവശ്യം എന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. എന്റെ കഴിവുകള്‍ മുഴുവനായും അതില്‍ കാണിക്കാന്‍ നോക്കാതിക്കുക, ഛായാഗ്രഹണം മാറി നില്‍ക്കാതെ തിരക്കഥയിക്ക് അനുയോജ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രദ്ധിക്കുക അത്തരത്തിലാണ് ചെയ്യാറുള്ളത്. സംവിധായകന്റെ അനുമതിയോടെ മാത്രമെ ഛായാഗ്രഹണത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളു. കാരണം എല്ലാത്തിനും അവസാനം ചിത്രം നല്ലതാവുക എന്നതിലാണലോ കാര്യം അതിനാല്‍ ആ രീതിയിലാണ് ചെയ്യാറുള്ളത്.

മുന്നാമത്തെ ചിത്രമാണല്ലൊ തീവണ്ടി, മറ്റു ചിത്രങ്ങളെക്കുറിച്ചു വിശദീകരിക്കാമോ

തീരമായിരുന്നു ആദ്യം സ്വതന്ത്രമായി ചെയ്ത ചിത്രം. തീയറ്ററുകളില്‍ ചിത്രം അങ്ങനെ ശ്രദ്ധിക്കപ്പെട്ടിലെങ്കിലും. നെറ്റ്ഫ്‌ലിക്‌സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കണ്ടവര്‍ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. രണ്ടാമത്തെ ചിത്രം റിലീസ് ആയിട്ടില്ല. അടുത്തമാസമാണ് റിലീസ് പ്രതിക്ഷിക്കുന്നത്. ലഡു എന്നാണ് ചിത്രത്തിന്റെ പേര്. മസാല റിപ്ലബ്ലിക്കിന്റെ എഴുത്തുകാരനായിരുന്ന അരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ നായകനാവുന്ന കല്‍ക്കി എന്ന ചിത്രമാണ് അടുത്തു ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുന്നത്. തിവണ്ടിയിലെ അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്‍ക്കി.

ചിത്രത്തില്‍ ചെയ്ന്‍ സ്‌മോക്കറായ ഒരാളിലൂടെയാണ് കഥ പറയുന്നത്. പക്ഷെ പുകവലി രംഗങ്ങള്‍ കൊണ്ടു മടുപ്പിക്കുന്നുമില്ല. ഈ രംഗങ്ങളുടെ ചിത്രീകരണം എങ്ങനെയായിരുന്നു?

പുകവലിക്കുന്ന ഒരാളിലുടെ പറയുന്ന ചിത്രമാണ് തീവണ്ടി. തുടര്‍ച്ചായായി പുകവലി തന്നെ കാണിച്ചാല്‍ ചിലപ്പോള്‍ പ്രക്ഷകന് അതു ബോറിങ്ങായി തോന്നിയേക്കാം. അതിനാല്‍ തന്നെ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കന്‍ കടുതലും വൈഡര്‍ ലെന്‍സുകളാണ് ഉപയോഗിച്ചിരുന്നത്. അല്ലാതെ ചെയ്താല്‍ സിഗരറ്റ് മാത്രമായി ഫോക്കസില്‍ നില്‍ക്കും. സിഗരറ്റ് അധികം ശ്രദ്ധിക്കപ്പെടാത്ത രിതിയിലും എന്നാല്‍ സിഗരറ്റ് വലിക്കുന്നു എന്നു മനസ്സിലാകുന്ന രീതിയിലുമാണ് ചിത്രീകരണം നടന്നത്.

സംവിധായകന്‍ മനസില്‍ കാണുന്ന രംഗങ്ങള്‍ ദ്യശ്യ വത്ക്കരിക്കുന്നത് ഒരു ഛായാഗ്രാഹകനാണ്. അത്തരത്തിലുള്ള ആശയവിനിമയങ്ങള്‍ സംഭവ്യമാകുന്നതെങ്ങനെയാണ്?

ഞാന്‍ ഫെലിനിയും കുറെകാലമായിട്ടു അറിയുന്നവരാണ്. അതുകൊണ്ടു തന്നെ ആശയ വിനിമയത്തില്‍ വലിയ ബുധിമുട്ടുകള്‍ ഒന്നു തന്നെ ഉണ്ടായിരുന്നില്ല.

ചിത്രത്തില്‍ നിരവധി രാത്രികാല രംഗങ്ങളുണ്ട്. രാത്രികാല രംഗങ്ങള്‍ ചിത്രീകരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?


പയ്യോളിയിലായിരുന്നു ചിത്രികരണമെന്നു പറഞ്ഞലോ. അവിടങ്ങളില്‍ അധികം സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാത്രികാല ചിത്രീകരണങ്ങള്‍ വളരെ ശ്രമകരമായിരുന്നു. നമ്മള്‍ തന്നെ കൃത്രിമ ലൈറ്റുകള്‍ ഉണ്ടാക്കണം. ആര്‍ട്ട് ഡയറക്ഷന്‍ ടീം കൂറെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സെറ്റ് ചെയ്തിരുന്നു. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ റോഡു സൈഡുകളില്‍ അവ വച്ചു കെട്ടും. അതൊരു ചാലഞ്ചായിരുന്നു. ടീമായിട്ടുള്ള പരിശ്രമത്തിലൂടെയാണ് അവ സാധിച്ചത്. തുരുത്തിലേക്കെത്തുമ്പോഴാണ് കുടുതലും നാചുറല്‍ ലൈറ്റിങ്ങ് ഉപയോഗിച്ചിരിക്കുന്നത്. തുരുത്തില്‍ ലൈറ്റിങ്ങ് സംവിധാനങ്ങള്‍ കുറവായിരുന്നു. തുരുത്തായതിനാല്‍ മറ്റ് ലൈറ്റുകളുടെ സാന്നിധ്യം പ്രേക്ഷകനു അരോചകമായേക്കാം. അതിനാല്‍ നിലാവെന്നു തോന്നുന്ന ലൈറ്റിങ്ങ് സംവിധാനങ്ങളൊരുക്കിയാണ് അവിടുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഛായഗ്രഹരണ രംഗത്തു പ്രചോദനമായ വ്യക്തി അങ്ങനെ ആരെങ്കിലുമുണ്ടോ?

സിനിമയിലേക്കെത്തിയതിനു ശേഷം സാനു വര്‍ഗീസാണ് പ്രചോദനം. അദ്ദേഹവും തിരകഥക്കനുസരിച്ച് ഷൂട്ടു ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒരോന്നും വ്യത്യസ്തമായിരിക്കും. കൂടെ വര്‍ക്കു ചെയ്ത എല്ലാവരിലും ഇന്‍സ്‌പെയേര്‍ഡാണ്.ചില ചിത്രങ്ങളില്‍ ഷോട്ടുകള്‍ നമ്മെ വല്ലാതെ അതിശയിപ്പിക്കാറുണ്ട്. എതു തരം സാഹചര്യങ്ങളിലാണ് ഇത്തരം ഷോട്ടുകള്‍ ഉണ്ടാകാറുള്ളത്?

ഒരോ വിഷയം പോലെയാണു അതിശയിപ്പിക്കുന്നു തരത്തിലുള്ള ഷോട്ടുകള്‍ ഉണ്ടാകുന്നത്. ഇപ്പോ കല്‍ക്കിയില്‍ ആണെങ്കില്‍ അത്തരത്തില്‍ ക്യാമറ ടെക്‌നിക്‌സും ഷോട്ടുകളും ചെയ്താല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം. പക്ഷെ ഈ ചിത്രത്തില്‍ അത്തരത്തിലുള്ള ആവശ്യമില്ല. പടം നന്നായി എന്നു പറയുന്നിടത്താണു കാര്യം. ഛായഗ്രഹണം നന്നായി സിനിമ നന്നായില്ല എന്നു പറയുന്നതില്‍ കാര്യമില്ലലോ എല്ലാം നന്നാകുന്നതല്ലെ ഭംഗി.