ഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന് യോഗി ആദിത്യനാഥ്; അഞ്ചില്‍ നാലിലും തോല്‍വി

ലഖ്‌നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍നിരയില്‍ കാണുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് സ്വന്തം...

ഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന് യോഗി ആദിത്യനാഥ്; അഞ്ചില്‍ നാലിലും തോല്‍വി

ലഖ്‌നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍നിരയില്‍ കാണുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് സ്വന്തം സംസ്ഥാനത്ത് അടിതെറ്റുന്നു. യോഗി സര്‍ക്കാര്‍ സ്ഥാനമേറ്റതിന് ശേഷം സംസ്ഥാനത്ത് നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പി തോറ്റു. 2017 ഡിസംബറില്‍ നടന്ന സികാന്ത്ര അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. ഇത് യോഗി സര്‍ക്കാറിന്റെ തുടക്ക കാലത്തായിരുന്നു.

ഖേരക്പൂര്‍ ഫുല്‍പ്പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പു മുതലാണ് യു.പിയില്‍ ബി.ജെ.പിയുടെ ശുക്രദശ അവസാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരയുടെയും മണ്ഡലങ്ങളാണ് ഖേരക്പൂരും ഫുല്‍പ്പൂരും. പ്രതിപക്ഷമായ മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണ് ഇവിടെ ബി.ജെ.പിക്ക് അടിതെറ്റിയത്. രണ്ടിടത്തും എസ്.പി സ്ഥാനാര്‍ത്ഥികളാണ് വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഇതേ തന്ത്രം തന്നെയാണ് പ്രതിപക്ഷം ഇപ്പോള്‍ കൈരാനയിലും നൂര്‍പ്പൂരിലും വിജയിപ്പിച്ചിരിക്കുന്നത്. കൈരാനയില്‍ രാഷ്ട്രീയ ലോക് ദളിന്റെ സ്ഥാനാര്‍ത്ഥിക്കാണ് എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് കക്ഷികള്‍ പിന്തുണ നല്‍കിയത്. നൂര്‍പ്പൂരില്‍ എസ്.പി സ്ഥാനാര്‍ത്ഥിക്ക് മറ്റു കക്ഷികള്‍ തിരിച്ചും പിന്തുണ നല്‍കി. 2012 ലും 2017ലും ബി.ജെ.പി മികച്ച വിജയം നേടിയ മണ്ഡലമാണിത്. വരുന്ന പൊതുതെരഞ്ഞെടുപ്പിലും ഈ പ്രതിപക്ഷ ഐക്യം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ഭീഷണി തീര്‍ക്കും എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്.

Story by
Read More >>