ജനിച്ചത് കോണ്‍ഗ്രസുകാരിയായാണ്, അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരിയായിരിക്കും; പാർട്ടി വിട്ട മുന്‍ ഹരിയാന അദ്ധ്യക്ഷന്റെ ഭാര്യ അവന്തിക മാക്കന്‍ തന്‍വാര്‍

ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളിൽ താൻ വളരെയധികം അസ്വസ്ഥയാണ്. ഭാര്യയെന്ന നിലയിൽ അശോക് തന്‍വാറിനോടൊപ്പമാണ്. പക്ഷെ രാഷ്ട്രീയപരമായി അദ്ദേഹത്തിന്റെ തീരുമാനത്തോടൊപ്പമല്ല.

ജനിച്ചത് കോണ്‍ഗ്രസുകാരിയായാണ്, അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരിയായിരിക്കും; പാർട്ടി വിട്ട മുന്‍ ഹരിയാന അദ്ധ്യക്ഷന്റെ ഭാര്യ അവന്തിക മാക്കന്‍ തന്‍വാര്‍

താന്‍ ജനിച്ചത് കോണ്‍ഗ്രസുകാരിയായാണെന്നും അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരിയായിരിക്കുമെന്നും ഹരിയാനയില്‍ പാര്‍ട്ടിവിട്ട് ജെജെപിയില്‍ ചേര്‍ന്ന മുന്‍ പിസിസി അദ്ധ്യക്ഷന്‍ അശോക് തന്‍വാറിന്റെ ഭാര്യ അവന്തിക മാക്കന്‍ തന്‍വാര്‍. സോണിയാ ഗാന്ധിയുടെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ളയാളാണ് അവന്തിക.

ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളിൽ താൻ വളരെയധികം അസ്വസ്ഥയാണ്. ഭാര്യയെന്ന നിലയിൽ അശോക് തന്‍വാറിനോടൊപ്പമാണ്. പക്ഷെ രാഷ്ട്രീയപരമായി അദ്ദേഹത്തിന്റെ തീരുമാനത്തോടൊപ്പമല്ല. എന്റെ ഭര്‍ത്താവ് കോണ്‍ഗ്രസിന് പുറത്തുപോകുന്നതിന് കാരണക്കാർ ആരെല്ലാമാണെന്ന് എല്ലാവർക്കുമറിയാം.

അതിന് ഗാന്ധി കുടുംബത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. പക്ഷെ ആര്‍ക്കും വേണ്ടി ഭർത്താവിനോടൊപ്പം പ്രചരണത്തിനിറങ്ങില്ലെന്നും അവന്തിക ദ ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബഹുമാനവും ആദരവും സ്വര്‍ഗത്തില്‍ ദൈവത്തിന് നല്‍കും. ഭൂമിയില്‍ അത് രാഹുല്‍ ഗാന്ധിക്കാണെന്നും അവന്തിക കൂട്ടിച്ചേർത്തു.

അവന്തികയുടെ മാതാപിതാക്കളായ ഗീതാഞ്ജലി, ലളിത് മാക്കന്‍ എന്നിവർ സിഖ് തീവ്രവാദികളാല്‍ വെടിവെച്ച് കൊല്ലപ്പെടുകയായിരുന്നു. 1985ല്‍ ഡൽഹിയിൽ നടന്ന സംഭവത്തിന് ശേഷം ആറുവയസുകാരിയായ അവന്തികയെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും സംരക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ അശോക് തന്‍വര്‍ രാജിവച്ചത്. അതീവ വേദനയോടെയാണ് കോണ്‍ഗ്രസ് വിടുന്നതെന്നും തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കാത്തതില്‍ നിരാശയുണ്ടെന്നും സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നും അതിന് ഉത്തരവാദികള്‍ രാഷ്ട്രീയ എതിരാളികള്‍ അല്ല, പാര്‍ട്ടിക്ക് അകത്തു നിന്നു തന്നെ ഉള്ളവരാണ് എന്നും അദ്ദേഹത്തിൻെറ കത്തിലുണ്ടായിരുന്നു.

Read More >>