രാഷ്ട്രീയത്തിൽ വന്നാൽ സിനിമയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കണം, വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ചിലർ ശ്രമിക്കുന്നു- ചന്ദ്രശേഖർ

മുമ്പ് രജനികാന്തിനെയും കമൽഹാസനെയും പിന്തുണച്ചതിൽ ഇപ്പോൾ ദു:ഖിക്കുന്നുവെന്നും രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

രാഷ്ട്രീയത്തിൽ വന്നാൽ സിനിമയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കണം, വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ചിലർ ശ്രമിക്കുന്നു- ചന്ദ്രശേഖർ

ചെന്നൈ: തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുന്നുവെന്ന് പിതാവ് എസ്.എ ചന്ദ്രശേഖർ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖർ വ്യക്തമാക്കി.

"മക്കൾ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാൽ ഞാൻ അത് നിറവേറ്റിനൽകും. ഒരു നാൾ അത് സംഭവിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾ പലകാര്യങ്ങളിലും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. വിജയിയുടെ സിനിമകൾ അക്കാര്യങ്ങൾ ചർച്ച ചെയ്യുകയും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാരിനെ എതിർക്കുകയല്ല വിജയ് ചെയ്യുന്നത്. ചില നയങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്.വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ചിലർ ശ്രമിക്കുന്നു. എന്നാൽ അതിനനുസരിച്ച് വിജയ് വളരുകയാണ്. സിനിമയിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് എന്റെ ആഗ്രഹം. നാളെ വിജയ് രാഷ്ട്രീയത്തിൽ വന്നാലും ഇന്ന് സിനിമയിൽ പറയുന്നത് നടപ്പിലാക്കണം"-അദ്ദേഹം പറഞ്ഞു.

മുമ്പ് രജനികാന്തിനെയും കമൽഹാസനെയും പിന്തുണച്ചതിൽ ഇപ്പോൾ ദു:ഖിക്കുന്നുവെന്നും രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൂത്തുക്കുടിയിൽ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴർ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖർ ആരോപിച്ചു.

Story by
Next Story
Read More >>