നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് ആശ്വാസവുമായി സോണിയ

ശനിയാഴ്ച സോണിയാഗാന്ധി നേരിട്ടെത്തി അരുൺ ജെയ്റ്റ്‌ലിക്ക് അന്തിമോപചാരമർപ്പിച്ചിരുന്നു. ജെയ്റ്റിലുടെ ഭാര്യ സംഗീതയെ കെട്ടിപ്പിടിച്ച് സോണിയ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു

നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് ആശ്വാസവുമായി സോണിയ

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് ആശ്വാസവാക്കുകളുമായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീതയ്ക്ക് സോണിയാ ഗാന്ധി കത്തയച്ചു. 'നിങ്ങളുടെ പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗം എന്നെ ഏറെ ദുഃഖിപ്പിച്ചു.'-സോണിയ കത്തിൽ കുറിച്ചു.

രാഷ്ട്രീയ രംഗത്തും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുഹൃത്തുക്കളെയും ആരാധകരെയും ആകർഷിച്ച വ്യക്തിയാണ് അരുൺ ജെയ്റ്റ്ലി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ എന്നീ നിലകളിൽ അദ്ദേഹം വഹിച്ച ഓരോ സ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ മൂർച്ചയുള്ള ബുദ്ധിയും കഴിവും ആശയവിനിമയ കഴിവുകളും പ്രകടമായിരുന്നു.

അവസാനം വരെ രോഗത്തോട് അദ്ദേഹം ധൈര്യത്തോടെ പോരാടി. പെട്ടന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. ഇനിയും ഒരുപാട് നല്ല സംഭാവനകൾ രാജ്യത്തിന് തരാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. വാക്കുകൾക്ക് ഈ സമയത്ത് ആശ്വാസം നൽകാൻ കഴിയില്ലെന്ന് അറിയാം. എങ്കിലും നിങ്ങളുടേയും നിങ്ങളുടെ മകന്റേയും മകളുടേയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അരൺ ജെയ്റ്റ്‌ലിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ'-സോണിയ കത്തിൽ കുറിച്ചു.

ശനിയാഴ്ച സോണിയാഗാന്ധി നേരിട്ടെത്തി അരുൺ ജെയ്റ്റ്‌ലിക്ക് അന്തിമോപചാരമർപ്പിച്ചിരുന്നു. ജെയ്റ്റിലുടെ ഭാര്യ സംഗീതയെ കെട്ടിപ്പിടിച്ച് സോണിയ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി എം.പിയുടെ ജെയ്റ്റ്‌ലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ഇട്ടിരുന്നു.

അരുൺ ജയ്റ്റ്‌ലിയുടെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം പത്തരയോടെ ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ടുമണിവരെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരും നേതാക്കളും അന്തിമോപചാരം അർപ്പിക്കും. തുടർന്ന് യമുനാതീരത്തേക്ക് വിലാപയാത്ര. ഉച്ചയ്ക്കുശേഷം നിഗംബോധ്ഘട്ടിലാണ് സംസ്‌കാരം.

നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്നലെ ജയ്റ്റ്‌ലിയുടെ ഡൽഹിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ. പി. നഡ്ഡ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിക്കാൻ ജയ്റ്റ്‌ലിയുടെ വീട്ടിൽ എത്തിയിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റീത്ത് സമർപ്പിക്കും.

Next Story
Read More >>