സിഎഎയ്ക്കെതിരെ വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് സിപിഎം; ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുതെന്നും ആഹ്വാനം

സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണറുടെ സ്ഥാനത്തിന് പ്രസക്തിയില്ലെന്നും ബ്രിട്ടീഷ് കാലത്തുള്ള പദവി എടുത്തുകളയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

സിഎഎയ്ക്കെതിരെ വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് സിപിഎം; ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുതെന്നും ആഹ്വാനം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് സിപിഎം. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍പിആറുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ യെച്ചൂരി വിശദീകരിച്ചത്.

സിഎഎയും എന്‍പിആറും എന്‍ആര്‍സിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. മൂന്നും ഒരൊറ്റ പാക്കേജായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും സിപിഎം ആരോപിച്ചു. ഒറ്റയ്ക്ക് പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത്. എല്ലാ പൗരത്വ പ്രക്ഷോഭങ്ങളോടൊപ്പവും സിപിഎം പങ്കാളിയാവും. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. തടങ്കൽ പാളയങ്ങൾ പൊളിച്ചുകളയണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും യെച്ചൂരി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണറുടെ സ്ഥാനത്തിന് പ്രസക്തിയില്ലെന്നും ബ്രിട്ടീഷ് കാലത്തുള്ള പദവി എടുത്തുകളയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍. പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ഗവര്‍ണര്‍ ഭരണഘടന വായിക്കണം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. പ്രളയ സഹായം നിഷേധിച്ചത് കടുത്ത വിവേചനമാണ്. കേന്ദ്രത്തിന് എതിരെ നില്‍ക്കുന്നതുകൊണ്ടാണ് ഈ വിവേചനമെന്നും യെച്ചൂരി പറഞ്ഞു.

Next Story
Read More >>