' ഇവരിലാണ് പ്രത്യാശയും പ്രതീക്ഷയും': ഡൽഹി തീസ് ഹസാരി കോടതി ജഡ്ജ് കാമിനി ലോയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ജുഡീഷ്യറിയിലും ജനാധിപത്യത്തിലുമുള്ള പ്രത്യാശ നിലനിർത്തുന്നത് കാമിനി ലോയെപ്പോലുള്ള ന്യായാധിപന്മാരാണ്'

ഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഡൽഹി തീസ് ഹസാരി കോടതി ജഡ്ജ് കാമിനി ലോയെ അഭിനന്ദിച്ച് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

സുപ്രിം കോടതി പോലും പിന്‍വലിയുന്ന സമയത്ത് കീഴ്കോടതിയിലെ ജഡ്ജി അവരുടെ കര്‍ത്തവ്യം ഉയര്‍ത്തിപ്പിടിക്കുന്നത് പ്രശംസനീയമാണെന്നും ഇവരിലാണ് നിയമപീഠത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

'ഉന്നത നീതിപീഠമായ സുപ്രീം കോടതിപോലും പിന്മാറുന്ന സമയത്ത്, കീഴ്ക്കോടതിയിലെ ഒരു ജഡ്ജി അവരുടെ കർത്തവ്യത്തെ മെഴുതിരി പോലെ ഉയർത്തിപ്പിടിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും ജുഡീഷ്യറിയിലും ജനാധിപത്യത്തിലുമുള്ള പ്രത്യാശ നിലനിർത്തുന്നത് കാമിനി ലോയെപ്പോലുള്ള ന്യായാധിപന്മാരാണ്'- പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ചന്ദ്രശേഖർ ആസാദിന് പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നും ഏതൊരു പൗരനും ഈ അവകാശമുണ്ടെന്നും കാമിനി ലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസിനെ രൂക്ഷമായി വിമർശിച്ച അവർ നിങ്ങളോട് ആരാണ് പ്രതിഷേധിക്കാൻ പാടില്ലെന്ന് പറഞ്ഞതെന്നും നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലേയെന്നും ചോദിക്കുകയുണ്ടായി. ചന്ദ്രശേഖർ ആസാദിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

ജമാ മസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്. ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.'- ജഡ്ജ് പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് മുൻകൂർ അനുമതി വേണമെന്ന കാര്യം പ്രോസിക്യൂട്ടർ ഉന്നയിച്ചപ്പോൾ 144ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി. ഇതിന് പിന്നാലെ ജമ മസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, എവിടെയാണ് സംഘർഷമെന്നും ഈ പോസ്റ്റുകളിൽ എന്ത് തെറ്റാണ് ഉള്ളതെന്നും കാമിനി ലോ ചോദിക്കുകയുണ്ടായി.

Read More >>