ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഐ.എൻ.എക്സ്. മീഡിയ കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് സി.ബി.ഐ. സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്

ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രിയാണ് ജോർബാഗിലെ വസതിയിൽനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഡൽഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് അദ്ദേഹത്തെ ഒന്നരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

അർധരാത്രിയോടെ ആദ്യഘട്ട ചോദ്യംചെയ്യൽ അവസാനിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിനുശേഷമായിരിക്കും കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുക.

ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സി.ബി.ഐ. സംഘം കോടതിയിൽ ആവശ്യമുന്നയിക്കും. കേസിൽ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി.ബി.ഐ. കസ്റ്റഡി അപേക്ഷ നൽകുക. ഇന്ദ്രാണി മുഖർജി ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കും.

ഐ.എൻ.എക്സ്. മീഡിയ കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് സി.ബി.ഐ. സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ സി.ബി.ഐ. സംഘം കഴിഞ്ഞദിവസങ്ങളിലായി മൂന്നുതവണ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരം ഒളിവിൽപോയെന്നും വാർത്തകൾ വന്നു.

ഇതിനിടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചിദംബരത്തിന്റെ ഹർജി വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്ന് സുപ്രിം കോടതി രജിസ്ട്രി വ്യക്തമാക്കി. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റ് ഉറപ്പായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി കോൺഗ്രസ് ആസ്ഥാനത്തെത്തി പത്രസമ്മേളനം നടത്തിയ അദ്ദേഹത്തെ തൊട്ടുപിന്നാലെ ജോർബാഗിലെ വസതിയിലെത്തിയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്.

Next Story
Read More >>