നരോദാപാട്യ കൂട്ടകൊലക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

അഹമ്മദാബാദ്: നരോദാപാട്യ കൂട്ടകൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. ഗുജറാത്ത് മുന്‍മന്ത്രി മായ...

നരോദാപാട്യ കൂട്ടകൊലക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

അഹമ്മദാബാദ്: നരോദാപാട്യ കൂട്ടകൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. ഗുജറാത്ത് മുന്‍മന്ത്രി മായ കൊട്‌നാനിയടക്കം 32 പേരെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് കോടതി ഇന്നു വിധി പറയുക.

വംശഹത്യയുടെ ബുദ്ധികേന്ദ്രം കൊട്‌നാനിയാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക കോടതി 2012ല്‍ കൊട്‌നാനിക്ക് 28 വര്‍ഷം തടവു വിധിച്ചു. കൊട്‌നാനിക്ക് പിന്നീട് ജാമ്യം ലഭിച്ചു. ബജ്‌റംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്‌റംഗിക്ക് മരണം വരെ തടവാണ് കോടതി വിധിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് 21 വര്‍ഷം ജീവപര്യന്തവും ബാക്കി പ്രതികള്‍ക്ക് 14 വര്‍ഷം വീതം ജീവപര്യന്തവുമാണ് വിധിച്ചത്.

കേസില്‍ 29 പ്രതികളെ വിചാരണക്കോടതി തെളിവിന്റെ അഭാവത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം, ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരേ എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗോധ്ര തീവണ്ടി തീവയ്പില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി പിറ്റേ ദിവസം വിഎച്ച്പിയും ബജ്‌റംഗ്ദളും ആഹ്വാനം ചെയ്ത ബന്ദിനിടെ 97 മുസ്ലിംകളെ കൂട്ടക്കൊല നടത്തിയ സംഭവമാണ് നരോദപാട്യ കൂട്ടക്കൊല. മരിച്ചവരില്‍ 35 പേര്‍ കുട്ടികളും 36 പേര്‍ സ്ത്രീകളുമായിരുന്നു.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>