എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ സോണിയക്ക് ലഭിച്ചത് 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി

എസ്.പി.ജി സുരക്ഷയുള്ള സമയം സോണിയക്കും പ്രിയങ്കയ്ക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്.

എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ സോണിയക്ക് ലഭിച്ചത് 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി

നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കൾക്കും ലഭിച്ചത് 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പൊലീസ് സുരക്ഷയും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി.

മുന്‍പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ്.പി.ജി സുരക്ഷയുള്ള സമയം സോണിയക്കും പ്രിയങ്കയ്ക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് സായുധ സംവിധാനമുള്ള വാഹനങ്ങള്‍ നല്‍കണമെന്ന് സി.ആര്‍.പി.എഫ് എസ്.പി.ജിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രതികരണം വന്നിട്ടില്ല.

ഈ മാസം ആദ്യത്തിലാണ് സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. നിലവില്‍ ഇസഡ് പ്ലസ് സെക്യൂരിറ്റി ഏർപ്പെടുത്തി നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്.പി.ജി പ്രകാരം ഉണ്ടായിരുന്നത്.

1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യത്തു നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തിത്തുടങ്ങിയത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇതോടെ ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിൽ ഇവരുടെ എസ്പിജി സുരക്ഷ ഒഴിവാക്കുകയായിരുന്നു.

നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ രാജ്യത്ത് എസ്പിജി സുരക്ഷയൊള്ളു. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റേയും എസ്‍പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. നെഹ്റു കുടംബത്തിന്‍റെ എസ്‍പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു.

Read More >>