ചിദംബരവും ശിവകുമാറും ജയിലില്‍ തൊട്ടടുത്ത മുറികളില്‍

സെപ്തംബർ അഞ്ചു മുതൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരം ജയിൽ നമ്പർ ഏഴിലാണുള്ളതെന്നും ഇതേ ജയിൽ നമ്പറിലേക്കാണ് ശിവകുമാറിനെ കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു

ചിദംബരവും ശിവകുമാറും ജയിലില്‍ തൊട്ടടുത്ത മുറികളില്‍

ന്യൂഡൽഹി: വിവിധ കേസുകളിലായി തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും ഡി.കെ ശിവകുമാറും തൊട്ടടുത്ത മുറികളിലാണ് താമസമെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതും സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇന്നു രാവിലെയാണ് കർണാടക മുൻ മന്ത്രിയായ ശിവകുമാറിനെ ആർ.എം.എൽ ആശുപത്രിയിൽ നിന്നും പേരുവെട്ടി തിഹാർ ജയിലിൽ എത്തിച്ചത്.

സെപ്തംബർ അഞ്ചു മുതൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരം ജയിൽ നമ്പർ ഏഴിലാണുള്ളതെന്നും ഇതേ ജയിൽ നമ്പറിലേക്കാണ് ശിവകുമാറിനെ കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ജയിലിനുള്ളിൽ ഇരുവർക്കും സംസാരിക്കാനുള്ള അവസരം ഉണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു. കശ്മിർ വിഘടനനേതാവ് യാസിൻ മാലിക്, ബ്രിട്ടിഷ് ബിസിനസ് കാരനും അഗസ്ത വെസ്റ്റ്‌ലാന്റ് കേസ് പ്രതിയുമായ ക്രിസ്ത്യൻ മിഷേൽ, കോർപ്പറേറ്റ് ലോബിയിസ്റ്റ് ദിപക് തൽവാർ എന്നിവരെയും നേരത്തെ 7ാം നമ്പർ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. 7ാം നമ്പർ ജയിലിലെ 15ാം സെല്ലിലാണ് ചിദംബരം.

ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സി.ബി.ഐ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തതിന് ശേഷം ഇതേ ജയിലിലായിരുന്നു പാർപ്പിച്ചത്.

കള്ളപ്പണക്കേസിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയ്ത ശിവകുമാറിനെ കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം തൃപ്തികരമായതോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

ഒക്ടോബർ 1 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.ഇതിനിടെ പി.ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി ഒക്ടോബർ മൂന്നുവരെ നീട്ടിയിട്ടുണ്ട്.

Next Story
Read More >>