പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ 25,000 വിദ്യാർത്ഥികൾ നിരാഹാരമിരിക്കും; പ്രതികരിക്കാത്തതിന് എഎംയുവിലെ വിസിക്ക് വിദ്യാർത്ഥികളുടെ കാരണം കാണിക്കൽ നോട്ടീസ്

ബില്ലില്‍ പ്രതികരിക്കാതിരുന്നതിന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂറിനും മറ്റ് പ്രഫസര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ 25,000 വിദ്യാർത്ഥികൾ നിരാഹാരമിരിക്കും; പ്രതികരിക്കാത്തതിന് എഎംയുവിലെ വിസിക്ക് വിദ്യാർത്ഥികളുടെ കാരണം കാണിക്കൽ നോട്ടീസ്

തിങ്കളാഴ്ച അർദ്ധരാത്രിയോടെ ലോക്‌സഭ പാസാക്കിയ മതാധിഷ്ഠിത പൗരത്വ ഭേദ​ഗതി ബില്ലി( സിഎബി)നെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും (എൻആർസി) അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ 25,000 വിദ്യാർത്ഥികൾ നിരാഹാര സമരമിരിക്കും. എല്ലാ ഡൈനിംഗ് ഹാളുകളും അടച്ചിടുമെന്നും ആകെ 25,000 റെസിഡൻഷ്യൽ വിദ്യാർത്ഥികളും നിരാഹാരമിരിക്കുമെന്നും സംഘാടകരിലൊരാൾ മക്തൂബ് മീഡിയയോട് പറഞ്ഞു.

ബില്ലില്‍ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കുന്നതും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ ശ്രമിക്കുന്നതും വഴി വംശീയമായി ഇല്ലാതാക്കനുള്ള സർക്കാറിൻെറ ഉദ്ദേശമാണ് വെളിപ്പെടുന്നതെന്നും ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.പ്രതിഷേധത്തിൻെറ ഭാ​ഗമായി സർവകലാശാല പൂർണമായും അടച്ചിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അവസാന സെമസ്റ്റർ പരീക്ഷകൾ ബഹിഷ്കരിക്കാനും വിദ്യാർത്ഥികൾ പദ്ധതിയിടുന്നു.

ബില്ലില്‍ പ്രതികരിക്കാതിരുന്നതിന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ താരീഖ് മന്‍സൂറിനും മറ്റ് പ്രഫസര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബില്ലിനെതിരായുള്ള പോരാട്ടത്തില്‍ തങ്ങളോടൊപ്പം ചേരുവാനും, അല്ലെങ്കില്‍ ബില്ലിനെ അനുകൂലിക്കുന്നവരായി നിങ്ങളെയും കണക്കാക്കുമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഒരു കാരണവശാലും ബില്ലിനെ അനുകൂലിക്കില്ല. ഇത് ഞങ്ങള്‍ക്ക് ജീവന്‍ മരണപ്പോരാട്ടമാണെന്നും ആരുടെ പക്ഷത്താണ് പ്രഫസര്‍മാരെന്ന് തീര്‍ച്ചയായും വെളിപ്പെടുത്തണമെന്നും ഒരു നിയമ വിദ്യാര്‍ത്ഥി പറഞ്ഞു.

കനത്ത പ്രതിഷേധം വകവെയ്ക്കാതെ 80നെതിരെ 311 വോട്ടുകള്‍ക്കാണ് തിങ്കളാഴ്ച ബില്ല് ലോക്‌സഭ കടന്നത്. ബംഗ്ലാദേശ്, പാക്കിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് രേഖകൾ ഒന്നുമില്ലെങ്കിലും ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തിൽ പൗരത്വം നൽകുകയും ചെയ്യുന്നതാണ് പൗരത്വ ഭേ​ദ​ഗതി ബില്ല്.

Read More >>