അത്‌ലറ്റിക്കോ വിട്ടു; അന്റോണിയോ ഗ്രീസ്മെന്‍ ബാഴ്സയില്‍

12 കോടി യൂറോയോളം വരുന്ന തുകയ്ക്കാണ് കൈമാറ്റം. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍

അത്‌ലറ്റിക്കോ വിട്ടു; അന്റോണിയോ ഗ്രീസ്മെന്‍ ബാഴ്സയില്‍

അത്ലറ്റിക്കോ മാഡ്രിഡ മുന്‍ താരം അന്റോണിയോ ഗ്രീസ്മന്‍ ബാഴ്സലോണയില്‍. മാസങ്ങളോളം നീണ്ട ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗ്രീസ്മെനെ ടീമിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ബാഴ്സയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്. അത്ലറ്റികോ മാഡ്രിഡിന് ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നല്‍കി ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ബാഴ്സലോണ വ്യക്തമാക്കി. 12 കോടി യൂറോയോളം വരുന്ന തുകയ്ക്കാണ് കൈമാറ്റം. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ബാഴ്സയ്ക്ക് വേണ്ടി വേതനം കുറക്കാന്‍ താരം തയ്യാറായിട്ടുണ്ട്.

ലയണല്‍ മെസ്സി, ലൂയി സുവാരസ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ബാവ്സയ്ക്ക് കൂടുതല്‍ കരുത്തു പകരാന്‍ ഗ്രീസ്മെന് സാധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെന്‍. 255 മത്സരങ്ങളില്‍ നിന്നായി 133 ഗോളും 43 അസിസ്റ്റും ക്ലബ്ബിനായി നേടി. അത്ലറ്റിക്കോയ്ക്കൊപ്പം ഒരു യൂറോപ്പ ലീഗും, ഒരു യുവേഫ സൂപ്പര്‍ കപ്പും നേടി. ഡിസംബറോടെയാണ് താരം ബാഴ്സയിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഗ്രീസ്മെന്‍ ബാഴ്സലോണയില്‍ എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ പ്രതിസന്ധിയെത്തുടര്‍ന്ന് അത്ലറ്റിക്കോയില്‍തന്നെ തുടരുകയായിരുന്നു. ഗ്രീസ്മെനു പുറമേ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കായും ബാഴ്സ ശ്രമിച്ചിരുന്നു. 2017ല്‍ ബാഴ്സയില്‍ നിന്ന് പി.എസ്.ജിയിലേക്ക് പോയ താരം വീണ്ടും സ്പാനിഷ് ക്ലബ്ബിലെത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്ന് അതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അത്ലറ്റികോ മാഡ്രിഡ് പ്രതികരിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. 12 കോടിക്ക് പകരം 20 കോടിയായിരുന്നു ബാഴ്സ നല്‍കേണ്ടിയിരുന്നതെന്നും അത്ലറ്റികോ പറയുന്നു. ഗ്രീസ്മെന്റെ റിലീസ് ക്ലോസ് 1കുറയാന്‍ കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ. അങ്ങനെ ആയതിനു ശേഷമാണ് ബാഴ്സലോണ ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നല്‍കിയ. എന്നാല്‍ ചര്‍ച്ചകള്‍ നേരത്തേ തന്നേ പൂര്‍ത്തിയായിരുന്നതിനാല്‍ ആ സമയത്തെ റിലീസ് ക്ലോസായ 20 കോടി യൂറോ നല്‍കണമെന്നാണ് അത്ലറ്റികോ അധികൃതര്‍ പറയുന്നത്. ബാക്കിയുള്ള എട്ട് കോടി യൂറോ കൂടി നല്‍കണമെന്ന് ക്ലബ്ബ് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോവുമെന്ന് അത്ലറ്റികോ അധികൃതര്‍ വ്യക്തമാക്കി.

Read More >>