കനാ ഇനി കൗസല്യ കൃഷ്ണമൂര്‍ത്തി; റിലീസ് ഓഗസ്റ്റ് 23ന്; ശിവകാർത്തികേയന്റേയും ഐശ്വര്യയുടേയും തെലുങ്ക് അരങ്ങേറ്റം

കെ.എ വല്ലഭ നിർമിച്ച് ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേന്ദ്ര പ്രസാദ്, ഐശ്വര്യ രാജേഷ്, ശിവകാർത്തികേയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കനാ ഇനി കൗസല്യ കൃഷ്ണമൂര്‍ത്തി; റിലീസ് ഓഗസ്റ്റ് 23ന്; ശിവകാർത്തികേയന്റേയും ഐശ്വര്യയുടേയും തെലുങ്ക് അരങ്ങേറ്റം

ഹൈദരാബാദ്: കഴിഞ്ഞ വർഷത്തെ മികച്ച തമിഴ് സിനിമകളിൽ ഒന്നായ കനാ ഇനി തെലുങ്കില്‍. ക്രിക്കറ്റിനെ ജീവനുതുല്യം സ്‌നേഹിച്ച ഒരച്ഛന്റേയും മകളുടേയും കഥയാണ് കനായിൽ പറഞ്ഞത്. ഐശ്വര്യ രാജേഷും സത്യരാജും ശിവകാർത്തികേയനും തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്കു റീമേക്ക് കൗസല്യ കൃഷ്ണമൂർത്തി ഓഗസ്റ്റ് 23ന് റിലീസ് ചെയ്യുകയാണ്.

കെ.എ വല്ലഭ നിർമിച്ച് ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേന്ദ്ര പ്രസാദ്, ഐശ്വര്യ രാജേഷ്, ശിവകാർത്തികേയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ദിബു നിനൻ തോമസ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഐശ്വര്യ രാജേഷിന്റെയും ശിവകാർത്തികേയന്റെയും തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. തമിഴിൽ ശിവകാർത്തികേയൻ ആണ് ചിത്രം നിർമിച്ചത്. തമിഴിൽ ഏറെ തിരക്കുള്ള നായികയാണ് ഐശ്വര്യ രാജേഷ്. തമിഴകത്തെന്ന പോലെ മലയാളത്തിലും ഐശ്വര്യയ്ക്ക് നിറയെ ആരാധകരുണ്ട്.ദുല്‍ഖര്‍ സല്മാ‍ന്‍ നായകനായ ജോമോന്‍റെ സുവിശേഷങ്ങളില്‍ ഐശ്വര്യ നായികയായിട്ടുണ്ട്.

ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് കനാ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം 2007 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ട് പുറത്താകുമ്പോൾ നെഞ്ച് തകർന്നു നിൽക്കുന്ന അച്ഛനെ (സത്യരാജ്) സന്തോഷിപ്പിക്കാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടുക എന്ന ലക്ഷ്യവുമായി ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുന്ന മകളാണ് കൗസല്യ (ഐശ്വര്യാ രാജേഷ്). സമൂഹത്തിന്റേയും സ്വന്തക്കാരുടേയും വെല്ലുവിളികളെ മറികടന്ന്, വെല്ലുവിളിച്ച്, തന്റെ മകളെ ക്രിക്കറ്റ് താരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് പിന്നാലെ പോകുന്ന അച്ഛനാണ് മുരുകേശൻ.

ഇരുവരുടേയും കഥയും സ്വപ്നവുമാണ് 'കനാ'.ഇന്ത്യൻ ടീമിലെത്തുക എന്ന മോഹവുമായി ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറയുമ്പോഴും അതിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ലെന്നതാണ് 'കനാ'യുടെ മറ്റൊരു സവിശേഷത. അച്ഛന്റെ കൃഷി നശിക്കുന്നതും തുടർന്ന് കടക്കാരാനായി മാറുകയും ചെയ്യുന്ന മുരുകേശന്റെ ജീവിതാവസ്ഥയും 'കനാ' കാണിച്ചു തരുന്നുണ്ട്.

Next Story
Read More >>