യഥാർത്ഥ വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യണം

1.3ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തെ നമുക്ക് അടഞ്ഞ മനസ്സോടെ കാണാൻ കഴിയില്ല. ആഗോള പ്രവണതകൾ മനസ്സിലാക്കാതെയും വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കാതെയും, ചില ആളുകൾ ജവഹർലാൽ നെഹ്‌റുവിനെ വിമർശിക്കുന്നതായി കാണാം. അവരോട് ഞാൻ പറയാറുള്ളത്, ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ഗൂഗിളോ ലൈബ്രറിയോ ഇല്ലാതെയാണ് നെഹ്‌റു 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എഴുതിയതെന്നാണ്. നെഹ്‌റുവിനെ വിമർശിക്കുന്ന അവർക്ക് ഇതുപോലെ രണ്ടു ഖണ്ഡിക പൂർണ്ണമായി എഴുതാൻ കഴിയുമോ?

യഥാർത്ഥ വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യണം

സാം പിത്രോഡ / സഞ്ജയ് കൗൾ

രാജീവ് ഗാന്ധിയുടെ കാലത്ത് രാജ്യത്ത് നടപ്പാക്കിയ വാർത്താവിനിമയ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു സാം പിത്രോഡ. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ മുഖ്യ ഉപദേശകാരിൽ ഒരാളായ അദ്ദേഹം പറയുന്നു:

ഉപരിപ്ലവമായ ചർച്ചകളിലൂടെ നാം സമയവും ഊർജ്ജവും നഷ്ടപ്പെടുത്തുകയാണ്. പകരം ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുകയാണ് നാം ചെയ്യേണ്ടത്

വികസനത്തിന്റെ രാഷ്ട്രീയം പിന്തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയാറുള്ളത്. വികസനത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല അറിവുണ്ട്, ഏതുതരത്തിലുള്ള അന്തരീക്ഷമാണ് സുസ്ഥിര വികസനത്തിനാവശ്യം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥമാണെന്ന് നിങ്ങൾ കാണുന്നുണ്ടോ

കഴിഞ്ഞ കുറേ നാളുകളായി ധാരാളം പൊള്ളയായ വാഗ്ദാനങ്ങളാണ് ഞാൻ കാണുന്നതും കേൾക്കുന്നതും. ഒരു പ്രൊഫഷണലെന്ന നിലയിൽ, വാഗ്ദാനം നൽകുകയാണെങ്കിൽ അത് പാലിക്കാനുള്ള ആത്മാർത്ഥത കാണിക്കേണ്ടതുണ്ടെന്നാണ് എന്റെ നിലപാട്. ഒപ്പം അതത് മേഖലകളിലെ വൈദഗ്ധ്യവും വേണം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഏതാണ്ട് 15 വർഷംമുമ്പ് അദ്ദേഹം അന്താരാഷ്ട്ര ഇടപാടുകൾ സാദ്ധ്യമാവുന്ന ഒരു ഗിഫ്റ്റ് നഗരത്തെക്കുറിച്ച് പറയുകയുണ്ടായി. ഇതിനായി 200ഏക്കറിലധികം ഭൂമിയാണ് കർഷകരിൽനിന്നും ഏറ്റെടുത്തത്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആരും ഇതേക്കുറിച്ച് എഴുതിയതോ സംസാരിച്ചതോ ഇല്ല. ഇതിനു വേണ്ടി ഫണ്ട് ചെലവഴിച്ച ഐ.എൽ.എഫ്.എസ് ബുദ്ധിമുട്ടിലുമായി. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. നിരവധി പൊങ്ങച്ച ആശയങ്ങൾ കൊണ്ടുവന്നെങ്കിലും ഒന്നുപോലും യാഥാർത്ഥ്യമായില്ല. ഗംഗാ ശുചീകരണം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. 10 കോടി തൊഴിൽ യാഥാർത്ഥ്യമാക്കുമെന്നു പറഞ്ഞെങ്കിലും തൊഴിൽ നശിപ്പിക്കുന്നതിലേക്കാണ് എത്തിയത്. മോദിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് ചോദ്യങ്ങളുയർത്തിയാൽ, നിങ്ങൾ ദേശദ്രോഹികളും ഒറ്റുകാരനുമാവും. ജനാധിപത്യത്തിൽ എനിക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമുണ്ട്. പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചാൽ, ഞാൻ രാജ്യദ്രോഹിയാവില്ല. നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയില്ലെങ്കിൽ, ഉത്തരമില്ലെന്നു പറഞ്ഞാൽ മതി. പക്ഷേ, ആളുകളിൽ ഭയം ജനിപ്പിക്കുന്നതു മൂലം ആളുകൾക്ക് മോദിയെ പ്രശംസിക്കാൻ മാത്രമേ കഴിയുന്നുള്ളൂ.വിദേശരാജ്യങ്ങളിലെ കോൺഗ്രസ്സിന്റെ ചുമതല നിങ്ങൾക്കാണല്ലോ. കൂടുതലും നിങ്ങൾ വിദേശത്താണല്ലോ കഴിയുന്നതും. അതുകൊണ്ടു തന്നെ വികസിത രാജ്യങ്ങളിലെ വെല്ലുവിളികളെയും പ്രതികരണങ്ങളെയും നിങ്ങൾക്ക് നന്നായി അറിയാം. പുതിയ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഒരുക്കമാണോ? നമ്മുടെ സമീപനങ്ങളും തയ്യാറെടുപ്പുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തോന്നുന്നുണ്ടോ

1.3ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തെ നമുക്ക് അടഞ്ഞ മനസ്സോടെ കാണാൻ കഴിയില്ല. ആഗോള പ്രവണതകൾ മനസ്സിലാക്കാതെയും വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കാതെയും, ചില ആളുകൾ ജവഹർലാൽ നെഹ്‌റുവിനെ വിമർശിക്കുന്നതായി കാണാം. അവരോട് ഞാൻ പറയാറുള്ളത്, ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ഗൂഗിളോ ലൈബ്രറിയോ ഇല്ലാതെയാണ് നെഹ്‌റു 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എഴുതിയതെന്നാണ്. നെഹ്‌റുവിനെ വിമർശിക്കുന്ന അവർക്ക് ഇതുപോലെ രണ്ടു ഖണ്ഡിക പൂർണ്ണമായി എഴുതാൻ കഴിയുമോ?

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് നമുക്ക് ധാരണയില്ലെന്നാണോ നിങ്ങൾ പറയുന്നത്?

എന്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും സംസാരിക്കുന്നത്? സൂക്ഷ്മമായി അവരുടെ പ്രസംഗം നിരീക്ഷിച്ചാൽ വസ്തുത നമുക്ക് ബോദ്ധ്യപ്പെടും. അവർക്ക് പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശേഷിയില്ല. അതിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും കൃത്യമായ ധാരണ അവർക്കില്ല. ലോകത്ത് യഥാർത്ഥ പ്രശ്നങ്ങളുടെയെല്ലാം ഉറവിടം സാങ്കേതികവിദ്യയാണ്.

പ്രധാനമന്ത്രി ചർച്ചചെയ്യുന്ന വെല്ലുവിളികൾക്ക് യഥാർത്ഥ വെല്ലുവിളികളുമായി യാതൊരു ബന്ധവുമില്ല. ഭാവി ലോകത്തെ നയിക്കുന്നത് വിവര സാങ്കേതിക വിദ്യ, ബയോ ടെക്‌നോളജി, റോബോട്ടിക്‌സ്, പ്രതിരോധ സാങ്കേതിക വിദ്യ, സൈബർ സെക്യൂരിറ്റി, ജെനറ്റിക്‌സ് തുടങ്ങിയവയാണ്. ഇത് തൊഴിലിൽ പ്രത്യാഘാതം സൃഷ്ടിക്കും. സ്വയം പ്രവർത്തിക്കുന്ന കാറിനെ നമുക്ക് ഉദാഹരണമായെടുക്കാം; അത് വൈകാതെ യാഥാർത്ഥ്യമാവും. ഡ്രൈവർമാർ, പാർക്കു ചെയ്യുന്ന സ്ഥലം, ഇൻഷ്വറൻസ് എന്നിവക്ക് അപ്പോൾ എന്തു സംഭവിക്കും? ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും നേരെ നമ്മൾ കണ്ണടക്കുന്നു. നമ്മൾ സഞ്ചരിക്കുന്നത് ചരിത്രത്തിലേക്കും പൈതൃകത്തിലേക്കുമാണ്.
നിങ്ങൾ രാജീവ് ഗാന്ധിക്കൊപ്പം പ്രവർത്തിച്ചു. ഇപ്പോൾ രാഹുലിനോടൊപ്പം പ്രവർത്തിക്കുന്നു. ഈ രണ്ടു വ്യക്തികളുടെയും സാമ്യങ്ങളും വ്യത്യാസങ്ങളും എന്താണ്?

1980കാലഘട്ടത്തിലാണ് ഞാൻ രാജീവ് ഗാന്ധിയോടൊപ്പം പ്രവർത്തിച്ചത്. ആ സമയത്ത് സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, സ്വതന്ത്ര കമ്പോള വ്യവസ്ഥ എന്നിവയെ ആളുകൾ അംഗീകരിച്ചിരുന്നില്ല. ടെലികോം വിപ്ലവം കൊണ്ടുവന്നതു തന്നെ വളരെ പാടുപെട്ടാണ്. രാജീവ് ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നതു കൊണ്ട് നമുക്കതു സാധിച്ചു. എന്നാൽ, രാഹുൽ വളരെ വ്യത്യസ്തമായ കാലഘട്ടത്തിലാണ് ഉള്ളത്. വർഷങ്ങളായി അദ്ദേഹം ബി.ജെ.പിയുടെയും മാദ്ധ്യമങ്ങളുടെയും ആക്രമണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോൾ സാങ്കേതികവിദ്യയും ഉപകരണങ്ങളും വളരെ വ്യത്യസ്തമാണ്.

രാഹുൽ ഇവയെ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടരിക്കുകയാണ്. പ്രതികൂലാവസ്ഥയെ അനുഭവം നേടാനായി ഉപയോഗിക്കുകയാണ് അദ്ദേഹം. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ് രാഹുൽഗാന്ധി ആളുകളുമായി ആഴത്തിൽ സമ്പർക്കം നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അടിസ്ഥാന യാഥാർഥ്യങ്ങളെ പറ്റി തന്റെ പിതാവിനേക്കാൾ രാഹുലിന് ഗഹനമായ ധാരണയുണ്ട്. രാജീവ് പ്രധാനമന്ത്രിയായത് ദുരന്തപൂർണ്ണമായ ഒരു സാഹചര്യത്തിൽ ആയിരുന്നല്ലോ.

കഴിഞ്ഞ 60വർഷങ്ങളായി ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന മോദിയുടെ വാക്കുകളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

ഇത് ഇന്ത്യയിലെ ജനങ്ങളെ അവഹേളിക്കുന്നതാണ്. ഒന്നുകിൽ അജ്ഞനായ ഒരാളുടെ സംസാരമാണ് അത്. അല്ലെങ്കിൽ അയാൾ പറയുന്നതെല്ലാം നുണയാണ്. അല്ലെങ്കിൽ അദ്ദേഹം ഇവ രണ്ടിനും ഇടയിലാണ്. ഹരിത വിപ്ലവം, ക്ഷീര വിപ്ലവം, ടെലികോം വിപ്ലവം എന്നിവയെ നോക്കൂ. നമ്മുടെ ഔഷധനിർമ്മാണ വ്യവസായം വളരെ വലുതാണ്. ലോകത്തു തന്നെ ഏറ്റവുമധികം വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത് നമ്മളാണ്. ശൂന്യാകാശം, ആണവോർർജ്ജം, ഐ.ടി, ഐ.ഐ.ടി, ഐ.ഐ.എം, ഓട്ടോമൊബൈൽ വ്യവസായം എന്നിവയിലും നമ്മൾ മുന്നിട്ടുനിൽക്കുന്നു.

കോൺഗ്രസ്സിന്റെ പ്രധാന വാഗ്ദാനമാണ് ന്യായ് പദ്ധതി. ഇത് എത്രത്തോളം പ്രായോഗികമാണ്. ഗുണഭോക്താക്കളെ നിർണ്ണയിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നമ്മൾ ചെയ്തതിന് ഏറെ സമാനമാണിത്. ഭാഗ്യവശാൽ നമുക്ക് ആധാറുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്താൻ നമുക്ക് സംവിധാനം വേണം. ഗുണഭോക്താക്കളെ കണ്ടെത്താൻ നമുക്ക് വഴികളുണ്ട്. വരുമാനം നിശ്ചയിക്കുന്നതിൽ തീർച്ചയായും പ്രശ്നങ്ങൾ ഉണ്ടാവും. ഒറ്റരാത്രികൊണ്ട് ഇതു സാദ്ധ്യമല്ല. ഇത് നടപ്പാക്കുന്നതിനിടയിൽ പലതും പഠിക്കാനാവും. തെറ്റുകളും ഇതിനിടയിൽ സംഭവിക്കും. അതു സാരമില്ല. നടപ്പാക്കുകയാണ് പ്രധാനം. അതിന് നമുക്ക് കഴിയും.


വിവർത്തനം: പി.ഷബീബ് മുഹമ്മദ് / കടപ്പാട്: ടെലഗ്രാഫ്

Read More >>