തൊഴിലുറപ്പ് പദ്ധതിയെ കൊല്ലരുത്

ഗ്രാമീണവാസികളുടെ ദാരിദ്ര്യം തടയുന്നതിന് ഫലപ്രദമെന്ന് പല പഠനങ്ങളും കണ്ടെത്തിയ തൊഴിലുറപ്പ് പദ്ധതിയെ ഞെക്കികൊല്ലാനുള്ള കേന്ദ്രനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടിയിരിക്കുന്നു

തൊഴിലുറപ്പ്  പദ്ധതിയെ കൊല്ലരുത്


ലോകത്ത് പൊതുവായി കണ്ടുവരുന്നതാണ് ദാരിദ്ര്യം-ചില രാജ്യങ്ങളിൽ കൂടിയിരിക്കും ചിലേടത്ത് കുറഞ്ഞിരിക്കും എന്നേയുള്ളു വ്യത്യാസം. ദാരിദ്ര്യത്തിന് മതം, ജാതി, വർഗ്ഗം, ലിംഗം എന്നീ വേർതിരിവുകളില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കൂടിവരികയാണ്-ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ കോടികൾ വരും. പ്രതിമാസം 816 രൂപയെങ്കിലും നേടാൻ കഴിയാത്തവരെയാണ് സർക്കാർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. പട്ടണപ്രദേശങ്ങളിൽ ഇത് പ്രതിമാസം 1000 രൂപയാണ്. സ്വാതന്ത്ര്യാനന്തരം ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യംവെച്ച് ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയുണ്ടായി. അവയിൽ ഒന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; നിരവധി ഗുണങ്ങൾ ഗ്രാമീണർക്ക് ഈ പദ്ധതികൊണ്ടുണ്ടായിട്ടുണ്ട്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയെ നിർത്തലാക്കാനാണ് നരേന്ദ്രമോദി സർക്കാറിന്റെ നീക്കം.

തൊഴിലുറപ്പ് പദ്ധതി എക്കാലത്തേക്കുമായി തുടരാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമാർ പാർലമെന്റിൽ പറഞ്ഞത്. ലോക്സഭയിൽ ഗ്രാമവികസന-കൃഷിവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം ദാരിദ്ര്യ നിർമ്മാർജനമാണെന്നും ആ ദിശയിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന് ഈ പദ്ധതി തുടരാനാകില്ലെന്നുമാണ് തോമാറിന്റെ ന്യായീകരണം. തൊഴിലുറപ്പ് പദ്ധതിക്കുള്ള 2018-2019 വിഹിതത്തിൽ 1084 കോടി രൂപ കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുകയും ചെയ്തു.

ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളിൽ പെടുന്നതാണ്. അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാവണമെന്ന് സുപ്രിം കോടതി ഒരു വിധിയിൽ പരാമർശിക്കുകയുണ്ടായി. തൊഴിലിനുള്ള അവകാശം എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമം കൂടിയാണ് തൊഴിലുറപ്പ് പദ്ധതി. 2005 ലെ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമാണ് പദ്ധതിയുടെ നിർവ്വഹണം. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

1983 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഭൂരഹിത ഗ്രാമീണർക്കായി ഒരു തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നൽകിയിരുന്നു- ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പ് പദ്ധതി (ആർ.എൽ.ഇ.ജി.പി) എന്ന പേരിൽ. ഈ പദ്ധതി ഉദ്ദേശിച്ചത്ര നേട്ടമുണ്ടാക്കിയില്ല. 1991 ൽ പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് നിയമത്തിന് രൂപം നൽകിയെങ്കിലും അതും ഫലവത്തായില്ല. 2004 ലെ കോൺഗ്രസ് മാനിഫെസ്റ്റോയിലെ ഒരിനമായിരുന്നു തൊഴിലുറപ്പ് പദ്ധതി. തുടർന്ന് അധികാരത്തിൽ വന്ന യു.പി.എ സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയായിരുന്നു. യു.പി.എ സർക്കാരിന് പിന്തുണ നൽകിയിരുന്ന ഇടതുപാർട്ടികളുടെ സമ്മർദ്ദവും പദ്ധതി ത്വരിതപ്പെടുത്തുന്നതിലെ ഒരു ഘടകമത്രെ. പദ്ധതി നടപ്പിലാവുന്നത് ഓഗസ്റ്റ് 25 നാണ്. തുടർന്ന് 2006 ൽ കേന്ദ്രസർക്കാർ 200 ജില്ലകളെ പദ്ധതി നടപ്പിൽ വരുത്താനായി തെരഞ്ഞെടുത്തു. പാലക്കാട്, വയനാട് ജില്ലകൾ അവയിൽ ഉൾപ്പെട്ടിരുന്നു. 2007 ൽ പദ്ധതി വ്യാപിപ്പിക്കാൻ തെരഞ്ഞെടുത്ത ജില്ലകളിൽ കാസർകോടും ഇടുക്കിയും ഉൾപ്പെട്ടു. 2008 ൽ കേരളത്തിൽ അവശേഷിക്കുന്ന 10 ജില്ലകളെകൂടി പദ്ധതിയിൽ ചേർത്തു.

2014 ൽ അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ പദ്ധതിയോട് നിഷേധസമീപനമാണ് പുലർത്തിവന്നത്. ഫണ്ട് അനുവദിക്കുന്നതിൽ എൻ.ഡി.എ സർക്കാർ തുടർച്ചയായി കാലതാമസം വരുത്തി. ആവശ്യത്തിനനുസരിച്ച് തൊഴിൽ നൽകുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിക്കൊണ്ടിരിക്കുകയുമാണ്. വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ, 15 ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം തുടങ്ങിയ വ്യവസ്ഥകളെല്ലാം ഒന്നൊന്നായി ലംഘിക്കപ്പെടുന്നു. ദാരിദ്ര്യനിർമ്മാർജനത്തിൽ വർഷങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരുകൾക്കുണ്ടായ പരാജയത്തിന്റെ സ്മാരകമാണ് തൊഴിലുറപ്പ് പദ്ധതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ വിശേഷിപ്പിച്ചത്. ആടിയും പാടിയും പെരുമ്പറ മുഴക്കിയും ഈ പദ്ധതി തുടരുമെന്ന് അദ്ദേഹം പരിഹാസ്യരൂപേണ പറയുകയുണ്ടായി. പദ്ധതിയോടുള്ള എൻ.ഡി.എ സർക്കാറിന്റെ പ്രതികൂല നിലപാടിന്റെ പ്രത്യക്ഷ പ്രഖ്യാപനമാണ് ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമർ ലോക്സഭയിൽ നടത്തിയത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, വികസന പ്രവർത്തന സ്ഥലനിർണയം തുടങ്ങിയവ ഗ്രാമസഭകളുടെ സഹകരണത്തോടെ നിർവ്വഹിക്കും. സ്ത്രീ പുരുഷന്മാർക്ക് മിനിമം കൂലിയും തുല്യവേതനവും ഉറപ്പുവരുത്തുകയെന്നതും തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേകതകളിൽ പെടുന്നു. ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും സാദ്ധ്യമാക്കാൻ ഒരു പരിധിവരെ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഗുണം കൂടുതൽ ലഭിച്ചത് സ്ത്രീകൾക്കായിരുന്നു. തുടക്കം മുതൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം തന്നെ പദ്ധതിയിലുണ്ടായി. 2006-2007 കാലഘട്ടത്തിൽ 40.06 ശതമാനം സ്ത്രീകൾ ഇതിന്റെ ഭാഗമായിരുന്നു. 2014-15 ആയപ്പോൾ അത് 55.5 ശതമാനമായി ഉയർന്നു. പദ്ധതി, സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ലഭ്യമാക്കി. അത് അവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തി. സ്ത്രീശാക്തീകരണത്തിന് സഹായകമായി. കുടുംബത്തിന്റെ സാമ്പത്തികമായ തീരുമാനങ്ങളിൽ വനിതകൾക്കും ചെറിയ തോതിലുള്ള സ്വാധീനമുണ്ടായി. ഗ്രാമീണവാസികളുടെ ദാരിദ്ര്യം തടയുന്നതിന് ഫലപ്രദമെന്ന് പല പഠനങ്ങളും കണ്ടെത്തിയ തൊഴിലുറപ്പ് പദ്ധതിയെ ഞെക്കികൊല്ലാനുള്ള കേന്ദ്രനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടിയിരിക്കുന്നു.

Read More >>