നിഷ്‌കളങ്കനായ ശുണ്ഠിക്കാരൻ

വലിയ അക്കാദമിക സാക്ഷ്യപത്രങ്ങളില്ല. പക്ഷേ, ആകാശത്തിനു ചുവട്ടിലെ ഏതു വിഷയവും ജമാൽക്കയുടെ പേനയ്ക്കു വഴങ്ങും. നിരന്തരമായ വായനയും ഗൃഹപാഠവും എഴുത്തും ഇടപഴകലും കൊണ്ട് നേടിയെടുത്തതാണ് ആ അറിവുകൾ. നൂൽ പിരിച്ചതുപോലെയുള്ള മനോഹരമായ കൈയക്ഷരങ്ങൾ ശാന്തമായ ഒരു നദിപോലെ കടലാസിൽ ഒഴുകുന്നത് ആരും നോക്കിനിന്നുപോവും.

നിഷ്‌കളങ്കനായ ശുണ്ഠിക്കാരൻ

ടി.പി ചെറൂപ്പ

1975 ൽ മുസ്‌ലിംലീഗ് പിളർപ്പിനെത്തുടർന്ന് രൂപവൽക്കരിക്കപ്പെട്ട സംഘടനയായിരുന്നു അഖിലേന്ത്യാ മുസ്‌ലിംലീഗ്. അതിന്റെ മുഖപത്രമായി 1976 ജൂൺ ഒന്നിന് പന്നിയങ്കരയിൽ നിന്ന് ഒരു ദിനപത്രം ആരംഭിച്ചു-ലീഗ് ടൈംസ്.

സയ്യിദ് ഉമർ ബാഫഖി തങ്ങൾ, സി.കെ.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കർ, വി.പി മഹ്മൂദ് ഹാജി, സി.എച്ച് ഇബ്രാഹീം ഹാജി എന്നിവരായിരുന്നു ലീഗ് ടൈംസിന്റെ പിന്നണി പ്രവർത്തകർ. എന്നാൽ, പത്രം പുറത്തിറങ്ങുമ്പോഴേക്കും ഇവരൊക്കെയും കണ്ണൂർ സെൻട്രൽ ജയിലിലായി-അടിയന്തരാവസ്ഥയുടെ ഇരകൾ.

ഈ സമയത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് അലഹബാദ് ഹൈക്കോടതിയും അതിനെ ശരിവച്ച് സുപ്രിംകോടതിയും വിധിപറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയെ എതിർക്കുന്നവർക്ക് ജയിലായിരുന്നു അന്നത്തെ മറുപടി.

അഖിലേന്ത്യാ ലീഗിന്റെനേതാക്കൾ ജയിലിൽ കിടക്കുമ്പോൾ പുറത്ത് ഒരു ടീം, ലീഗ് ടൈംസിനുവേണ്ടി പ്രവർത്തിച്ചു. എം.കെ ഹാജി സാഹിബ്, എ.വി അബ്ദുർറഹ്മാൻ ഹാജി, വി.കെ.പി ഖാലിദ് ഹാജി, പീച്ചി മണ്ണിൽ മുഹമ്മദ് ഹാജി (മുൻ എം.എൽ.എ അഡ്വ. പി.എം.എ സലാമിന്റെ പിതാവ്), പി.ടി മൊയ്തീൻ കോയ, ഇ.ടി മുഹമ്മദ് ബഷീർ (ഇപ്പോൾ മുസ്‌ലിംലീഗ് എം.പി). തുടങ്ങി വലിയൊരു നിരതന്നെ ആ സംഘത്തിലുണ്ടായിരുന്നു.

ഒരു ദിനപത്രം തുടങ്ങുക, ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല അന്ന്. അടിയന്തരാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് പ്രത്യേകിച്ചും. പക്ഷേ സംഘടനയ്ക്കു വേണ്ടി എന്തു ത്യാഗത്തിനും സന്നദ്ധരായ ഒരുകൂട്ടം ചെറുപ്പക്കാരും നേതാക്കളും സമർപ്പിതരായി രംഗത്തുവന്നു. പി.കെ മുഹമ്മദ് (മാനുസാഹിബ്), കെ.കെ മുഹമ്മദ്, കെ.പി കുഞ്ഞിമ്മൂസ, എം. അലിക്കുഞ്ഞി സാഹിബ്, ഇ.കെ.കെ മുഹമ്മദ് തുടങ്ങിയവരായിരുന്നു പത്രത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. പാർട്ടിപിളർപ്പിനെ തുടർന്ന് ചന്ദ്രികയിൽ നിന്നു ജോലി ഉപേക്ഷിച്ചവരായിരുന്നു ലീഗ് ടൈംസിലെ ജേണലിസ്റ്റുകളിൽ അധികവും. സി.പി.എം നേതാവും എം.പിയുമായിരുന്ന കെ.ചാത്തുണ്ണി മാസ്റ്റർ മുൻകൈയെടുത്താണ് പന്നിയങ്കരയിൽ ലീഗ് ടൈംസിന് പ്രസ്സും സ്ഥലവും വാങ്ങിക്കൊടുത്തത്.

ലീഗ് ടൈംസ് പത്രം ആരംഭിക്കുന്നതിനു മുമ്പുതന്നെ അതിന്റെ സംഘാടകത്വത്തിൽ ചേർന്നിരുന്നു ഈ കുറിപ്പുകാരന്‍. കോഴിക്കോടു ലേഖകനായും പ്രൂഫ് റീഡറായുമായിരുന്നു തുടക്കം. 1980 ൽ ഇടതുമുന്നണിക്കൊപ്പം ചേർന്ന് അഖിലേന്ത്യാ മുസ്‌ലിംലീഗ് ഭരണത്തിൽ വന്നു. ഇ.കെ നായനാർ മുഖ്യമന്ത്രി, പി.എം അബൂബക്കർ പൊതുമരാമത്ത് മന്ത്രി. ഈ സാഹചര്യത്തിൽ ലീഗ് ടൈംസ് ലേഖകനായി ഞാൻ തിരുവനന്തപുരത്തേക്കു പോയി.

വാർത്താവിനിമയ സൗകര്യം വളരെ കുറഞ്ഞ കാലമായിരുന്നു അത്. നഗരങ്ങളിലെ അന്ന് എസ്.ടി.ഡി സൗകര്യം പോലുമുണ്ടായിരുന്നുള്ളൂ. നഗരവാസികൾക്കല്ലാതെ ടെലിഫോണിൽ നേർക്കുനേരെ വിളിക്കാൻ പറ്റുമായിരുന്നില്ല. ട്രങ്ക് കോൾ ബുക്ക് ചെയ്യണം. അല്ലെങ്കിൽ കത്തെഴുതണം.

പ്രസ് ഫെസിലിറ്റി കാർഡ് ഉപയോഗിച്ച് ദീർഘമായി ടെലഗ്രാം ചെയ്യാനുള്ള സൗകര്യം പത്രപ്രവർത്തകർക്ക് ടെലഗ്രാഫ് ഓഫീസുകളിലുണ്ടായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന സമയങ്ങളിൽ തിരുവനന്തപുരം സ്റ്റാച്യൂവിലെ ടെലഗ്രാഫ് ഓഫിസിനു മുമ്പിലെ ക്യൂ, കൗണ്ടർ കഴിഞ്ഞ് മുറ്റംവരെ എത്തുമായിരുന്നു. സ്വന്തമായി ടെലിപ്രിന്റർ സൗകര്യമില്ലാത്ത പത്രപ്രവർത്തകരുടെ ക്യൂ. അതിൽ മുംബൈ, ചെന്നൈ, ഡൽഹി മേഖലകളിലെ ഫ്രീ ലാൻസ് ജേണലിസ്റ്റുകൾ വരെ കാണും.

രാവിലെ നിയമസഭയിൽ ചോദ്യോത്തരവേളയിലെ വാർത്തകൾ ഈ ലേഖകനും ഇങ്ങനെത്തന്നെയാണ് കോഴിക്കോട്ടുള്ള പത്രത്തിന് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സഭാവലോകനം ടെലഫോണിൽ തന്നെ കൊടുക്കണം. നിയമസഭ ആരംഭിച്ച് അവസാനിക്കുന്നതിനിടയിലെ സർവസംഭവങ്ങളുടെയും നേർക്കാഴ്ചാ ചിത്രമാണ് സഭാവലോകനം.

എം.എൽ.എമാരും മന്ത്രിമാരും പരസ്പരം കളിയാക്കിയതും ചളിയെറിഞ്ഞതും പ്രാദേശികഭാഷാ പ്രയോഗങ്ങളും കവിതകളും ചൊല്ലുകളുമൊക്കെ അടങ്ങിയതാവും അത്. സഭയിലിരുന്ന് എല്ലാം കാണുന്ന പ്രതീതി വായനക്കാരിൽ ഉണ്ടാക്കുംവിധമുള്ള ഒരു അറ്റ്‌മോസ്ഫിയർ റിപോർട്ട്.

എസ്.ടി.ഡി സംവിധാനമുള്ള ഫോണുയോഗിച്ച് ഇതു വായിച്ചു കൊടുക്കുകയാണ് പതിവ്. നല്ല രാഷ്ട്രീയബോധവും ഹ്യൂമർസെൻസുമൊക്കെയുണ്ടെങ്കിലേ അതിന്റെ പകർപ്പെടുപ്പ് നേരെയാവുകയുള്ളൂ. കെ.പി കുഞ്ഞിമ്മൂസ, മുഹമ്മദ്കുട്ടി കാരട്ടിയാട്ടിൽ, പോക്കർ കടലുണ്ടി, സി അബ്ദുറഹ്മാൻ, ചിലപ്പോൾ ഉമർ പാണ്ടികശാല തുടങ്ങിയവരാണ് ഈ അവലോകന റിപോർട്ട് എഴുതിയെടുത്തിരുന്നത്. ഒരു ദിവസം ലീഗ് ടൈംസിലേക്കു വിളിച്ച് അവലോകനം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ കെ.പി കുഞ്ഞിമ്മൂസ പറഞ്ഞു: ചെറൂപ്പ, ഇന്നു ഞാൻ നിങ്ങൾക്ക് പുതിയൊരാളെ തരാം-ജമാൽ കൊച്ചങ്ങാടി.

ഞാൻ ജമാൽക്കയെ ആദ്യമായി പരിചയപ്പെടുന്നത് അന്നായിരുന്നു. 1980 ലെ ഒരു നിയമസഭാ വാർത്താ പകർപ്പു ദിവസം.

അഖിലേന്ത്യാ ലീഗ് നേതാവും 80കളിൽ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എം.ജെ സക്കറിയാ സേട്ടുവിനോട് അന്നു രാത്രി ഞാൻ ജമാൽക്കയെക്കുറിച്ച് സംസാരിച്ചു. സക്കരിയാ സേട്ടിന്റെ അടുത്ത സുഹൃത്തും നാട്ടുകാരനും ഒന്നിച്ച് പത്ര-മാസികകൾ ഇറക്കിയ ആളുമാണ് ജമാൽ കൊച്ചങ്ങാടി. മലയാളത്തിൽ നിങ്ങൾക്ക് ഇങ്ങനെയൊരു മുസ്‌ലിം പത്രപ്രവർത്തകനെ കിട്ടുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർഷങ്ങൾ കഴിഞ്ഞു. 1984 ലെ മുസ്‌ലിംലീഗ് ഐക്യത്തെ തുടർന്ന് ലീഗ് ടൈംസ് പത്രം നിർത്തൽ ചെയ്യാനും ലീഗ് ടൈംസ് സ്റ്റാഫിന് ചന്ദ്രികയിൽ ജോലിനൽകാനും മുസ്‌ലിംലീഗ് നേതൃത്വം തീരുമാനിച്ചു. ജമാൽ കൊച്ചങ്ങാടിയും പോക്കർ കടലുണ്ടിയും സൂപ്പി വാണിമേലും ഒഴിച്ചുള്ള ലീഗ് ടൈംസിലെ സർവ പത്രപ്രവർത്തകർക്കും ചന്ദ്രികയിൽ ജോലി ലഭിച്ചു. ഈ മൂന്നുപേർ എങ്ങനെ ഒഴിവായിപ്പോയി എന്ന് എനിക്കിപ്പോഴും അറിയില്ല. ജമാൽക്കയെ അക്കാലത്ത് നന്നായി പ്രമോട്ട് ചെയ്തിരുന്ന സയ്യിദ് ഉമർ ബാഫഖി തങ്ങളും എം.ജെ സക്കറിയാ സേട്ടും ലയിച്ച മുസ്‌ലിംലീഗിന്റെ തലപ്പത്തുണ്ടായിരുന്നിട്ടും അതെങ്ങനെ സംഭവിച്ചു? സ്വകാര്യ സംഭാഷണങ്ങളിൽ, ഞങ്ങൾ സുഹൃത്തുക്കൾ പറയാറുണ്ട്; ഒരുപക്ഷേ, നേരിട്ട് പാർട്ടി ബന്ധമില്ലാത്തതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന്. ഇടയ്ക്ക് ബന്ധപ്പെടുമ്പോൾ തന്നോടു കാണിച്ച ഈ അവഗണനയിൽ ജമാൽക്ക പരിഭവം പറയുക പതിവായിരുന്നു.

ആയിടയ്ക്കാണ് 1985 അവസാന നാളുകളിൽ തിരുവനന്തപുരത്തെ പി.മാഹിനും കൊണ്ടോട്ടിയിലെ ഗുലാം മൊയ്തീനും തിരുവനന്തപുരം കവടിയാറിലുള്ള എന്റെ വാടകവീട്ടിൽ വരുന്നത്. പി. മാഹിൻ എസ്.ഐ.ഒയുടെ നേതാവും ഗുലാം മൊയ്തീൻ സെക്രട്ടേറിയറ്റിൽ ഇദ്യോഗസ്ഥനുമായിരുന്നു.

ടി.പി, നമുക്ക് കുറച്ചു നല്ല പത്രപ്രവർത്തകരെ കിട്ടുമോ? ജമാഅത്തെ ഇസ്‌ലാമി മുൻകൈയെടുത്ത് ഒരു പത്രം തുടങ്ങാൻ പോവുന്നു.

ഒപ്പം ജോലി ചെയ്ത് ഒരവസരം വന്നപ്പോൾ ജോലി ന്‌ഷേധിക്കപ്പെട്ട ജമാൽക്കയും സൂപ്പിയും എന്നും മനസ്സിലുണ്ടായിരുന്നു. ഞാനവരോട് ആദ്യം നിർദേശിച്ച രണ്ടു പേരുകൾ അതായിരുന്നു. വേറെ ആളുകളെ ചൂണ്ടിക്കാണിക്കാൻ എന്റെ ഓർമയിൽ അപ്പോഴില്ലായിരുന്നു.

പിന്നീട് സംഭവിച്ചതൊന്നും എനിക്കറിയില്ല. അങ്ങനെയൊരു പത്രത്തെക്കുറിച്ച് കുറെ നാളത്തേക്ക് ഒന്നും കേട്ടുമില്ല. സെക്രട്ടേറിയറ്റിൽ വച്ചു ചിലപ്പോൾ ഗുലാം മൊയ്തീനെ കാണും അദ്ദേഹം പറയും; പത്രത്തിന്റെ പണി തകൃതിയായി നടക്കുന്നുണ്ടെന്ന്. ഞാനൊരു ജമാഅത്ത് ബന്ധമുള്ള ആളല്ലാഞ്ഞതിനാൽ അകത്തു നടക്കുന്ന കാര്യങ്ങൾ എനിക്കറിയില്ലായിരുന്നു.

1986, ഞാൻ ചന്ദ്രികയുടെ എറണാകുളം ബ്യൂറോയിലേക്ക് സ്ഥലംമാറ്റപ്പെട്ടു. ഇടയ്ക്കു നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ജമാഅത്ത് നേതാവും നിയുക്ത പത്രത്തിന്റെ മുഖ്യ ശിൽപ്പിയുമായ കെ.എ സിദ്ദീഖ് ഹസൻ സാഹിബിനെ കണ്ടുമുട്ടും. അദ്ദേഹം പറയും; തുടങ്ങാൻ പോവുന്ന പത്രത്തിലേക്കു നമുക്കു പരിചയസമ്പന്നരായ കുറച്ചാളുകളെ വേണ്ടിയിരുന്നു എന്ന്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം കൊടുക്കുന്ന ഒരു പത്രത്തിലേക്ക് വിശേഷിച്ച് അതൊരു പരീക്ഷണം ആയതുകൊണ്ടു കൂടി പത്രപ്രവർത്തകരെ കിട്ടുക ഒട്ടും എളുപ്പമായിരുന്നില്ല.

വിധിവൈപരീത്യമാവാം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കുള്ള തീവണ്ടിയാത്രയിൽ ഒരു ദിവസം സിദ്ദീഖ് ഹസൻ സാഹിബ് ചോദിച്ചു; ഞാൻ ചോദിക്കാൻ മടിച്ചിരിക്കുകയാണ്, ചെറൂപ്പയ്ക്ക് ഞങ്ങളുടെ കൂടെ വരുന്നതിനു തടസ്സമുണ്ടോ?

കോഴിക്കോട് പാളയം ജയന്തി ബിൽഡിങ്ങിൽ കെ.പി.യു അലിയുടെ 'ഡ്രമ്മേഴ്‌സ്' എന്നൊരു അഡ്വർടൈസ്‌മെന്റ് ഏജൻസി ഓഫിസുണ്ടായിരുന്നു. നടൻ മമ്മൂട്ടിയോടൊപ്പം സ്വന്തമായി നടത്താൻ മമ്മൂട്ടിയുടെ സുഹൃത്ത് ജമാൽ കൊച്ചങ്ങാടി കണ്ടെത്തിയ പേരായിരുന്നു ഡ്രമ്മേഴ്‌സ്. ഒടുവിൽ അതു തുടങ്ങിയത് കെ.പി.യു അലിയാണ്; കോഴിക്കോട്ട്.

വൈകുന്നേരങ്ങളിൽ ഞങ്ങൾ കുറെ സുഹൃത്തുക്കൾ ഡ്രമ്മേഴ്‌സിൽ സന്ധിക്കുന്ന പതിവുണ്ട്. ഇപ്പോൾ എം.എൽ.എയായ പുരുഷൻ കടലുണ്ടി, എം.പി.യായ ഇ.ടി മുഹമ്മദ് ബഷീർ, മുൻ മേയർ ടി.പി ദാസൻ, വി.മൂസ, ആർട്ടിസ്റ്റ് വിനു നായർ, ടോമൻജെറി ഗിരീഷ്, ജമാൽക്ക തുടങ്ങിയവരൊക്കെ ഡ്രമ്മേഴ്‌സിൽ വരുമായിരുന്നു. അവിടെ കണ്ടുമുട്ടുമ്പോഴൊക്കെ ജമാൽക്ക അന്വേഷിച്ചിരുന്നത് മാധ്യമത്തിൽ ഒരു ജോലി ശരിയാവുമോ എന്നാണ്. അദ്ദേഹം ലീഗ് ടൈംസ് വിട്ടു ജോലിയില്ലാതെ ഏറെ പ്രയാസപ്പെട്ട നാളുകൾ.

വളരെ വൈകാതെ ഞാൻ ചന്ദ്രിക വിടാൻ തീരുമാനിക്കേണ്ടി വന്നു. അന്നു പത്രാധിപരായിരുന്ന സി.കെ താനൂരിന് രാജിക്കത്ത് നൽകി. ജമാഅത്തെ ഇസ്‌ലാമി തുടങ്ങാൻ പോവുന്ന പത്രത്തിന് അപ്പോൾ ഓഫീസോ പേരോ പത്രാധിപരോ ഒന്നും ഉണ്ടായിരുന്നില്ല. തീർത്തും ഗർഭഗൃഹത്തിലെ ഒരു കുഞ്ഞ്. 1985ൽ കവടിയാറിലെ എന്റെ വീട്ടിൽ വന്ന പി. മാഹിൻ മാത്രമാണ് മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ അക്കാലത്തുണ്ടായിരുന്നത്. അദ്ദേഹം അതിനിടയിൽ അലിഗഡിൽ പോയി പത്രപ്രവർത്തനത്തിൽ ബിരുദമെടുത്തിരുന്നു.

കോഴിക്കോട് സ്‌റ്റേഡിയം ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് എസ്.ഐ.ഒ ഓഫിസിനകത്തെ 100-120 സ്‌ക്വയർഫീറ്റിൽ കൂടുതലില്ലാത്ത ഒരു മുറിയിലാണ് ഞങ്ങൾ ഇരുന്നത്. താൽപ്പര്യമുള്ളവരെ കണ്ടെത്തി ഒരു പുതിയ ട്രെയിനിങ് കോഴ്‌സ് പാരമൗണ്ട് ടവറിൽ ഇതിനകം ആരംഭിച്ചിരുന്നു. അപ്പോൾ വീണ്ടും വന്നു; പുതുതായി എടുക്കേണ്ട പത്രപ്രവർത്തകരുടെ പട്ടികയിൽ ജമാൽക്കയുടെ പേര്.

പി. മാഹിനും അതിനകം മാതൃഭൂമി വിട്ടു വന്നു മാധ്യമത്തിൽ ചേർന്ന പി.എ.എം ഹാരിസിനും യോജിപ്പായിരുന്നു. അതിനിടയ്ക്ക് സുകുമാർ അഴീക്കോടും വൈക്കം മുഹമ്മദ് ബഷീറും മാധ്യമത്തിലെ ബന്ധപ്പെട്ടവരോടു ജമാൽക്കയുടെ പേര് ശുപാർശ ചെയ്തുകഴിഞ്ഞിരുന്നു. 1987 ജൂൺ ഒന്നിന് മാധ്യമം അച്ചടിച്ചിറങ്ങുമ്പോൾ ജമാൽക്ക ഞങ്ങളുടെ കൂടെയുണ്ടായി. വളരെ വൈകാതെ സൂപ്പി വാണിമേലും പോക്കർ കടലുണ്ടിയും മാധ്യമത്തിലെത്തി.

ന്യൂസ് ഡസ്‌കിലാണ് ജമാൽക്ക ആദ്യകാലങ്ങളിലുണ്ടായിരുന്നത്. പിന്നീട് വാരാദ്യമാധ്യമത്തിൽ കെ.എ കൊടുങ്ങല്ലൂരിനെ അസിസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിന്റെ മരണശേഷം വാരാദ്യമാധ്യമത്തിന്റെ ചുമതലക്കാരനായി. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരെ മാധ്യമവുമായി ബന്ധിപ്പിക്കുന്നതിൽ ഈ സന്ദർഭത്തിൽ ജമാൽക്ക ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. മൂന്നു തലമുറയിലെയും എഴുത്തുകാരുടെ മേഖലയിൽ ജമാൽക്കയെ അറിയാത്തവരോ അദ്ദേഹം അറിയാത്തവരോ ആയി ആരുമുണ്ടായിരുന്നില്ല. മാഗസിൻ എഡിറ്റിങ്, കല, ഈ കുറിപ്പുകാരൻ പഠിച്ചത് ജമാൽക്കയുടെ കൂടെ നിന്നാണ്.

വലിയ അക്കാദമിക സാക്ഷ്യപത്രങ്ങളില്ല. പക്ഷേ, ആകാശത്തിനു ചുവട്ടിലെ ഏതു വിഷയവും ജമാൽക്കയുടെ പേനയ്ക്കു വഴങ്ങും. നിരന്തരമായ വായനയും ഗൃഹപാഠവും എഴുത്തും ഇടപഴകലും കൊണ്ട് നേടിയെടുത്തതാണ് ആ അറിവുകൾ. നൂൽ പിരിച്ചതുപോലെയുള്ള മനോഹരമായ കൈയക്ഷരങ്ങൾ ശാന്തമായ ഒരു നദിപോലെ കടലാസിൽ ഒഴുകുന്നത് ആരും നോക്കിനിന്നുപോവും.

ഏറ്റെടുത്ത ഏതു ജോലിയും ചെയ്തുതീർക്കാൻ ജമാൽക്കയ്ക്ക് ആരുടെയും തള്ളൽ ആവശ്യമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും വികസന പദ്ധതികൾ ഉണ്ടാക്കിക്കൊടുത്ത ജമാൽക്കയുടെ പരാജയം സ്വന്തമായി ഒരു പദ്ധതി ഉണ്ടാക്കിയെടുത്തില്ല എന്നതാണ്.

സുഹൃത്തുക്കൾ പലരും ജമാൽക്കയെ മനസ്സിലാക്കുന്നതിൽ തോറ്റുപോയതായി തോന്നാറുണ്ട്. പരാതിക്കാരൻ, പരിഭവക്കാരൻ എന്നൊക്കെയാണ് അവർ പറയുക. ജമാൽക്ക നല്ല പിണക്കമുള്ള ആളാണ്. എത്ര ഇണങ്ങിക്കഴിയുന്നവരോടും അദ്ദേഹം പിണങ്ങും. വെറുതെയാവില്ല അതൊന്നും. ജമാൽക്കയെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായ ഒരു കൈയടക്കം വേണം. എത്രയോ വർഷങ്ങളായി ഒന്നിച്ചിരുന്നിട്ടും ഒരുമിച്ചു പ്രവർത്തിച്ചിട്ടും ഞങ്ങൾ തെറ്റിപ്പിരിഞ്ഞിട്ടില്ല. ഒരുപക്ഷേ അങ്ങനെയൊരു കൈയടക്കമുണ്ടെന്ന എന്റെ തോന്നലോ അഹങ്കാരമോ ആയിരിക്കാം അതിനു കാരണം.

മാധ്യമത്തിൽ ഞാനും ജമാൽക്കയും പി.കെ പാറക്കടവും വർഷങ്ങളോളം ഒരു കാബിനിലാണ് ഉണ്ടായിരുന്നത്. മുഖാമുഖം ഇട്ട കസേരകളിൽ. ഞങ്ങളുടെ തത്ത്വശാസ്ത്രങ്ങള്‍ വ്യത്യസ്തമായിരിക്കാം; പക്ഷേ, കെമിസ്ട്രി ഒന്നായിരുന്നു. മാധ്യമത്തിന്റെ ആദ്യകാലങ്ങളിൽ രാപകലില്ലാതെ ചെറിയ ശമ്പളത്തിന് പണിയെടുത്ത നാളുകളിൽ, രുചിയും വൃത്തിയുമുള്ള കുറച്ചു ഭക്ഷണം കഴിക്കാൻ വെള്ളിമാടുകുന്നിൽ നിന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇതു കണ്ടറിഞ്ഞു ഞങ്ങളിൽ പലരെയും വാടകയ്ക്കു കഴിയുന്ന വീട്ടിലേക്ക് ജമാൽക്ക കൊണ്ടുപോവുമായിരുന്നു. അടുക്കളയിലെ ദാരിദ്ര്യം സുപ്രയിൽ കാണിക്കാതെയുള്ള ആ വിളമ്പലിന് അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ എന്തൊരു ജാഗ്രതയാണ് കാണിച്ചിരുന്നത്.

അതിനിടയിൽ ജമാൽക്ക മാധ്യമത്തിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. എന്നിട്ടും ആറുമാസത്തോളം ആ കസേരയും മേശയും ഞങ്ങൾ വെറുതെയിട്ടു. വല്ലപ്പോഴും കയറിവരുമ്പോൾ ജമാൽക്കയ്ക്ക് പ്രയാസം തോന്നരുതെന്നു വിചാരിച്ചായിരുന്നു അത്. ചില നേരങ്ങളിൽ ഇരിപ്പിടം കിട്ടാതെ ആർട്ടിസ്റ്റ് സഗീർ വന്ന് ആ കസേരയിൽ ചിത്രം വരയ്ക്കാനിരിക്കും. ഞങ്ങൾ പറയും: ''ജമാൽക്ക കാണണ്ട''.

മിടുക്കുള്ള പത്രപ്രവർത്തകർ വിരമിച്ചാലും നിശ്ചിത കാലംവരെ അവരെ അവിടെത്തന്നെ നിർത്തുന്ന പതിവ് സാമർഥ്യമുള്ള പത്രമാനേജ്‌മെന്റുകൾ തുടരുന്നുണ്ട്. രണ്ടു ലക്ഷ്യമാണ് ഇതിനുള്ളത്. ഒന്ന്, വർഷങ്ങളായുള്ള അവരുടെ അറിവും തഴക്കവുംപ്രയോജനപ്പെടുത്തുക. രണ്ട്, അവരെ മറ്റു മാധ്യമങ്ങൾ ഉപയോഗിച്ചുകളയുന്നതു തടയുക. എന്തോ അറിയില്ല. വിരമിച്ച ശേഷം മാധ്യമം ജമാൽക്കയ്ക്ക് സർവീസ് നീട്ടിക്കൊടുത്തില്ല. എന്തുകൊണ്ടായിരുന്നു അതെന്ന് അറിയാത്തതിൽ അസ്വസ്ഥനായാണ് തുടർന്നുള്ള നാളുകളിൽ അദ്ദേഹം കഴിഞ്ഞത്. മാധ്യമത്തിൽ നിന്നു വിളിപ്പാടകലെയാണ് കുടുംബസമേതം അദ്ദേഹം താമസിച്ചിരുന്നത്. എപ്പോൾ വേണമെങ്കിലും നടന്നുവരാവുന്ന ദൂരം. പിന്നെപ്പിന്നെ മാധ്യമത്തിലേക്കുള്ള സൗഹൃദസന്ദർശനവും നിലച്ചു. ഞങ്ങളെയൊക്കെ കാണുന്നതു അദ്ദേഹത്തിനു വെറുപ്പായിരുന്നു. ചിലപ്പോൾ ഞങ്ങളിൽ ചിലർ ചായ കഴിക്കാൻ മാധ്യമത്തിൽ നിന്നു രാമന്റെ കടയിലേക്ക് ഇറങ്ങുമ്പോൾ റോഡിൽ കൈപ്പാടകലെയുള്ള ബസ് സ്റ്റോപ്പിൽ ജമാൽക്ക നിൽക്കുന്നുണ്ടാവും. സിറ്റിയിലേക്ക് ബസ് കാത്തുള്ള നിൽപ്പാണ്. പരസ്പരം കണ്ടില്ലെന്നു നടിച്ച നാളുകൾ.

വിരമിച്ചു മാസങ്ങൾ കഴിഞ്ഞു ജമാൽക്ക മാധ്യമത്തിനടുത്തുള്ള വീട് വിറ്റു. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ: 'വെറുപ്പാണ്, ബസ് കയറാൻ വരുമ്പോൾ മാധ്യമത്തിന്റെ ആ ഭാഗത്തേക്കു നോക്കുന്നതുതന്നെ ദുഃഖമാണ്. വിറ്റുപോന്നാൽ പിന്നെ അതു കാണേണ്ടല്ലോ.'

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്; എഴുത്തിലും ചിന്തയിലും സൗഹൃദത്തിലും മഹാനാണ് ജമാൽക്ക. പക്ഷേ, തൊഴിൽരഹിതനായി നടന്ന ഒരുകാലത്ത് ജീവിതം കൊടുത്ത ഒരു സ്ഥാപനത്തെ അദ്ദേഹം എന്തിനിങ്ങനെ വെറുക്കണം! വെറുക്കാൻ കഴിയാത്ത കുറച്ചുപേരെങ്കിലും അതിനകത്തുണ്ടല്ലോ.

ജമാൽക്കയിൽ കണ്ട സൽക്കാരപ്രിയനെ, മാന്യനെ, അർപ്പിതനെ, അഭിമാനിയെ, പ്രതിഭാധനനെ വേറെയൊരു എഴുത്തുകാരനിൽ-പത്രാധിപരിൽ കാണുക വളരെ പ്രയാസമാണ്. ഒരു പക്ഷേ, തന്നെക്കുറിച്ചുള്ള ഈ തിരിച്ചറിവ് അദ്ദേഹത്തിൽ അളവിൽ കൂടുതൽ പതഞ്ഞുതൂവിയോ?

മലയാള പത്രമേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ എഴുത്തുകാരും ലേഖകരും എഡിറ്റോറിയൽ മാനേജ്‌മെന്റ് അറിയുന്നവരുമൊക്കെയായി കുറച്ചുപേരെയെങ്കിലും കണ്ടെത്താനാവും. എന്നാൽ, നല്ല പത്രാധിപൻമാർ (ശരിക്കും എഡിറ്റിങ് പ്രവൃത്തി നിർവഹിക്കുന്നവർ) എത്ര പേരുണ്ടാവും! നമ്മുടെ പത്രാധിപൻമാർക്ക് ഒരു പരീക്ഷ കൊടുത്താലേ അതു കണ്ടെത്താനാവൂ. എന്നാൽ, എപ്പോഴും ധൈര്യപൂർവം ഒരാളെ ചൂണ്ടിക്കാണിക്കാനാവും. അത് ജമാൽ കൊച്ചങ്ങാടിയാണ്. ജമാലിന്റെ ബോയ്‌ലറിലേക്ക് ഒരു ലോഡ് മുളയും തടിക്കഷണങ്ങളും ഇട്ടുകൊടുത്താൽ അത് ശുദ്ധമായ പൾപ്പായി പുറത്തേക്കു വരും. ആരോടെത്ര പരിഭവിച്ചാലും ആരെത്ര പിണങ്ങിയാലും വിശുദ്ധമായി നിലനിർത്താവുന്ന സർഗാത്മകതയുടെ ഒരു സ്രാണം തന്നെയുണ്ട് അദ്ദേഹത്തിൽ.

കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോവേണ്ടിവന്നിട്ടും ഒന്നിലധികം തവണ മരണം വന്നു പിടിച്ചുകുലുക്കിയിട്ടും അല്ലാഹുവിന്റെ അനുഗ്രഹം ജമാൽക്കയുടെ ആയുസ്സിനെ വെടിയാതെ നിന്നിട്ടുണ്ട്. ആളുകൾ മുഷിപ്പ് പറയുന്നതിനിടയിലും ജമാൽക്ക സൂക്ഷിച്ചുപോരുന്ന നൻമയുടെ പ്രതിഫലനമാവാം അത്.

സ്നേഹപൂര്‍വ്വം ജമാല്‍ക്കക്ക് എന്ന പുസ്തകത്തില്‍ നിന്ന് എഡിറ്റര്‍ എ.പി കുഞ്ഞാമു, തനത് സാംസ്കാരിക വേദി, ഖത്തര്‍. വിതരണം: തേജസ് ബുക്സ്

Read More >>