സ്മിത്ത് തുണച്ചു; ഇം​ഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം

ഒരറ്റത്ത് സ്റ്റീവൻ സ്മിത്ത് (85) നടത്തിയ ചെറുത്തു നിൽപ്പാണ് ഓസീസിന് കരുത്തായത്.

സ്മിത്ത് തുണച്ചു; ഇം​ഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം

ലോകകപ്പിലെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഇം​ഗ്ലണ്ടിന് റൺസ് 224 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 223 റൺസിന് ഓൾഔട്ടായി

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. സ്കോർ 15-ൽ എത്തും മുമ്പെ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, പീറ്റർ ഹാൻസ്കോമ്പ് എന്നിവർ പുറത്തായി.

എന്നാൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്ത് സ്റ്റീവൻ സ്മിത്ത് (85) നടത്തിയ ചെറുത്തു നിൽപ്പാണ് ഓസീസിന് കരുത്തായത്. നാലാം വിക്കറ്റിൽ സ്മിത്തും അലക്സ് കാരിയും ചേർന്ന് 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 70 പന്തിൽ 46 റൺസെടുത്ത് കാരിയെ ആദിൽ റാഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് വന്ന മാർക്കസ് സ്റ്റോയിനിസിൻ ഉടൻ തന്നെ പോയി.

തുടർന്ന് വന്ന ​ഗ്ലെൻ മാക്സ്വെൽ 22 റൺസെടുത്തു പുറത്തായി, പിന്നാലെ വന്ന പാറ്റ് കമ്മിൻസും കൂടി വീണതോടെ ഓസീസ് സ്കോർ 167-ന് ഏഴ് എന്ന നിലയിലായി. എട്ടാം വിക്കറ്റിൽ സ്മിത്തിനൊപ്പം മിച്ചൽ സ്റ്റാർക്ക് ചേർന്നതോടെ സ്കോർ ഉയർന്നു

ഈ കൂട്ടുകെട്ട് അമ്പത് പിന്നിട്ടതിന് പിന്നാലെ 85 റൺസെടുത്ത സ്മിത്ത് റണ്ണൗട്ടായി. പിന്നാലെ തന്നെ 29 റൺസെടുത്ത സ്റ്റാർക്കും പുറത്തായതോടെ ഓസീസ് ചെറുത്തുനിൽപ്പ് അവസാനിച്ചു. ഇം​ഗ്ലണ്ടിനായി ആദിൽ റാഷിദും ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ രണ്ടും മാർക്ക് വുഡ് ഒന്നും വിക്കറ്റെടുത്തു

Read More >>