ഇന്ന് നവംബർ 15; ലോക ക്രിക്കറ്റിൽ ''ദെെവം'' അവതരിച്ച ദിവസം

1989ലെ നവംബർ 15നാണ് 16കാരനായ അദ്ദേഹം കറാച്ചിൽ പാകിസ്താനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്.

ഇന്ന് നവംബർ 15; ലോക ക്രിക്കറ്റിൽ

ഏതൊരു ഇന്ത്യക്കാരന്റേയും സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ അരങ്ങേറ്റം കുറിച്ചതിന്റെ 30–ാം വാർഷികമാണിന്ന്. 1989ലെ നവംബർ 15നാണ് 16കാരനായ അദ്ദേഹം കറാച്ചിൽ പാകിസ്താനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ല. 15 റൺസ് നേടിയ അത്ഭുതബാലന്‍ പാകിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ച വഖാർ യൂനിസിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു.

രണ്ടാം ടെസ്റ്റില്‍ കൗമാരക്കാരൻ തൻെറ വരവറിയിച്ചു. ഇമ്രാന്‍ ഖാനേയും വസീം അക്രത്തേയും പോലെയുളള പേരുകേട്ട പാക് പേസ് പടയെ ഏറെ ക്ഷമയോടെ നേരിട്ട അദ്ദേഹം 172 പന്തില്‍ 59 റണ്‍സ് എടുത്തു. പരമ്പരയിലെ അവസാന ടെസ്റ്റിലും സച്ചിൻ അര്‍ധസെഞ്ച്വറി നേടി. പിന്നീടങ്ങോട്ട് സച്ചിന്‍ രമേശ് ടെണ്ടുൽക്കർ എന്ന ആ ബാറ്റ്‌സ്മാന്‍ രണ്ടര പതിറ്റാണ്ട് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പര്യായം തന്നെയായി മാറി. 200 ടെസ്റ്റ് മത്സരങ്ങള്‍, 463 ഏകദിന മത്സരങ്ങളിലും സച്ചിൻ ബറ്റേന്തി.


2013ൽ വിരമിച്ചെങ്കിലും രാജ്യാന്തരക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകളിൽ പലതും ഇപ്പോഴും സച്ചിന്റെ പേരിൽ തന്നെ. ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ റൺസ്, കൂടുതൽ സെഞ്ചുറികൾ തുടങ്ങിയ നേട്ടങ്ങളെല്ലാം ഇന്നും സച്ചിന്റെ പേരിൽ തകർക്കപ്പെടാതെ നിൽക്കുന്നു. ക്രിക്കറ്റ് ലോകം അപ്രാപ്യമെന്ന് പറഞ്ഞ ചില കണക്കുകളും നിസാരമെന്ന് കാട്ടിത്തരാനും താരത്തിനായി. ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയും ടെസ്റ്റിലും ഏകദിന മത്സരങ്ങളിലുമായി 100 സെഞ്ച്വറികളും ഇതിഹാസം തൻെറ ബാറ്റിൽ നിന്നും ഉതിർത്തു.

51 ടെസ്റ്റ് സെഞ്ച്വറികളും 49 ഏകദിന സെഞ്ച്വറികളുമായിരുന്നു സച്ചിൻെറ നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിന്‍. പത്മ വിഭൂഷണ്‍ നേടുന്ന ആദ്യത്തെ കായിക താരങ്ങളുടെ പട്ടികയിൽ സച്ചിനും ഉൾപ്പെട്ടു. ഇന്നും ഇന്ത്യാക്കാർക്ക് നിലക്കാത്ത ആവേശമാണ് സച്ചിൻ.

Next Story
Read More >>