എ.എ.പിക്ക് വളരണം; വിടില്ലെന്ന് കോണ്‍ഗ്രസ്

എ.എ.പി - കോൺഗ്രസ് സഖ്യത്തെ ഡൽഹി കോൺഗ്രസ് ഘടകം തുടക്കം മുതൽ എതിർത്തിരന്നു. മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതൽ എതിർത്തത്. സഖ്യത്തിന്റെ ഭാഗമായി എ.എ.പി നൽകുന്ന രണ്ടോ മൂന്നോ സീറ്റ് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അവരുടെ വാദം

എ.എ.പിക്ക് വളരണം; വിടില്ലെന്ന് കോണ്‍ഗ്രസ്

കെ സിദ്ദിഖ്

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാനുള്ള 'പെടാപ്പാടി'ലാണ് രാജ്യ തലസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി (എ.എ.പി)യും അവരുടെ ബദ്ധവൈരികളായ കോൺഗ്രസ്സും. ബി.ജെ.പിയേക്കാൾ ഒരിഞ്ചെങ്കിലും കോൺഗ്രസ്സിനോടാണ് എ.എ.പിക്ക് കലിപ്പൊരൽപ്പം കൂടുതൽ എന്ന് തോന്നുമാറാണ് അവരുടെ പ്രവർത്തനം. എന്തായാലും ഡൽഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്താൻ എ.എ.പിക്കും കോൺഗ്രസ്സിനും ഇതുവരെ സാധിച്ചിട്ടില്ല. കോൺഗ്രസിനെതിരായ അഴിമതി വിരുദ്ധ വികാരം ശക്തമായ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ധൈര്യത്തിലാണ് എ.എ.പിയുടെ വിലപേശൽ. എന്നാൽ, കഴിഞ്ഞകാല ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ജയപരാജയ ചരിത്രങ്ങളാണ് കോൺഗ്രസ്സിന്റെ കരുത്ത്. യു.പി.എ സർക്കാരിന്റെ തുടർച്ചയായ 10വർഷത്തെ ഭരണം നൽകിയ പാഠം കോൺഗ്രസ്സിനെ ഇനിയും പഠിപ്പിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.എ.പിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. എ.എ.പിയ്ക്ക് പിടിവാശിയാണെന്നും സഖ്യസാദ്ധ്യത മങ്ങിയെന്നും ആരോപിച്ചാണ് കോൺഗ്രസ്സിന്റെ പിന്മാറ്റം. ആം ആദ്മി പാർട്ടിയുമായി ഇനി ചർച്ച സാദ്ധ്യമല്ലെന്നും ഏഴ് സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, ചർച്ചകളിൽ നിന്ന് കോൺഗ്രസ് അവസാനം പിന്മാറുകയായിരുന്നുവെന്നാണ് എ.എ.പി നേതാവ് ഗോപാൽ റായ് പറയുന്നത്. അവസാന ശ്രമമെന്ന നിലയ്ക്ക് പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്നും കോൺഗ്രസ് പിന്മാറാൻ കാരണമെന്താണെന്ന് മനസ്സിലായില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന സഖ്യ ചർച്ചകളാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഡൽഹിയെ കൂടാതെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന വ്യവസ്ഥയാണ് എ.എ.പി മുന്നോട്ടു വച്ചിരുന്നത്.

എ.എ.പി - കോൺഗ്രസ് സഖ്യത്തിന് എതിർ നിൽക്കുന്നത് ഷീല ദീക്ഷിത്ത് അടക്കമുള്ള സംസ്ഥാന നേതൃത്വമാണെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ എ.എ.പി യുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചാൽ അത് സ്വീകരിക്കുമെന്ന് ഷീല ദീക്ഷിത് വ്യക്തമാക്കിയിരുന്നു. എ.എ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ എന്തു തീരുമാനം എടുത്താലും അത് സ്വീകരിക്കുമെന്നായിരുന്നു ഷീല ദീക്ഷിത്തിന്റെ പ്രതികരണം.

അതിമോഹവും സീറ്റ് മോഹവും

പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റുള്ളവരും ചേർന്ന് തീരുമാനം എടുക്കുമെന്നായിരുന്നു അവർ പറഞ്ഞത്. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇത് വരെ പാർട്ടി തീരുമാനിച്ചിട്ടില്ല എന്നായിരുന്നു എ.എ.പി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് നേരത്തെ പറഞ്ഞത്. തെരഞ്ഞടുപ്പ് സഖ്യം ഡൽഹിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് കോൺഗ്രസ് നിലപാട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എ.എ.പി മുന്നോട്ടു വച്ച അപ്രായോഗികമായ നിബന്ധനകളാണ് ഡൽഹിയയിൽ തനിച്ച് മത്സരിക്കാൻ പാർട്ടിയെ നിർബന്ധിതമാക്കിയതെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പി.സി ചാക്കോ തത്സമയത്തോട് പറഞ്ഞത്. ഡൽഹിയിൽ എ.എ.പി സഖ്യത്തിന് തയ്യാറാണെങ്കിൽ ഞങ്ങൾക്ക് ഇപ്പോഴും സമ്മതമാണ്.

അതേസമയം, ഡൽഹിയിൽ മാത്രം ധാരണയുണ്ടാക്കിയതു കൊണ്ട് രാജ്യത്തെ ബി.ജെ.പിയിൽ നിന്ന് രക്ഷിക്കാനാവില്ലെന്നായിരുന്നു എ.എ.പി ഡൽഹി കൺവീനർ ഗോപാൽ റായിയുടെ പ്രതികരണം. ഗോവ, പഞ്ചാബ്, ഡൽഹി, ഹരിയാന എന്നീ നാലു സംസ്ഥാനങ്ങളിലെ 33 ലോക്‌സഭാ സീറ്റുകളിലും പരസ്പരം സഹകരിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നാണ് എ.എ.പിയുടെ ആവശ്യം. എന്നാൽ, ഇത് കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ വിശാലമായ ഒരു സഖ്യം കോൺഗ്രസ്സിന് ദേശീയതലത്തിൽ നഷ്ടക്കച്ചവടമായിരിക്കുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ, എ.എ.പിക്ക് ഇത് ദേശീയ പാർട്ടിയായി വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറുകയും ചെയ്യും. എ.എ.പിയുടെ വളർച്ച ഭാവിയിൽ തങ്ങൾക്ക് ശക്തമായ ഭീഷണിയാവും എന്നാണ് കോൺഗ്രസ് കരുതുന്നത്.

ബി.ജെ.പിയെ നേരിടാൻ എ.എ.പിയും കോൺഗ്രസ്സും സഖ്യം വേണമെന്ന ആവശ്യം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തള്ളിയെന്ന് സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുമായി കൂടിക്കാ്‌ഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നുമാണ് കെജരിവാൾ വ്യക്തമാക്കിയിരുന്നത്. കെജരിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ ഷീലാ ദിക്ഷിതിന്റെ പരാമാർശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവർ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങൾ രാഹുൽ ഗാന്ധിയുമായിട്ടാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എ.എ.പി - കോൺഗ്രസ് സഖ്യത്തെ ഡൽഹി കോൺഗ്രസ് ഘടകം തുടക്കം മുതൽ എതിർത്തിരന്നു. മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതൽ എതിർത്തത്. സഖ്യത്തിന്റെ ഭാഗമായി എ.എ.പി നൽകുന്ന രണ്ടോ മൂന്നോ സീറ്റ് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അവരുടെ വാദം.

രാജ്യതലസ്ഥാനത്ത് എ.എ.പിയുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടാകില്ലെന്ന സൂചന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പാർട്ടി അണികൾക്ക് നൽകിയിരുന്നു. ഡൽഹിയിലെ ഏഴു ലോക്‌സഭാ സീറ്റിലും കോൺഗ്രസ്സിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ബുത്തു തല പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ബൂത്തു തല പ്രവർത്തകർ ഉറപ്പുവരുത്തണമെന്നും ഡൽഹിയിലെ ബൂത്ത് പ്രവർത്തകർ പങ്കെടുത്ത മേരാ ബൂത്ത്, മേരാ ഗൗരവ് പരിപാടിയിൽ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഏഴു ഘട്ടമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിൽ മെയ് 12നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.

അതേസമയം, പാർട്ടിയിലെ സീറ്റ് മോഹികളുടെ വടംവലിയാണ് ബി.ജെ.പി ഡൽഹിയിൽ നേരിടുന്ന വെല്ലുവിളി. ഏഴു സീറ്റുകളുള്ള രാജ്യ തലസ്ഥാനത്ത് ടിക്കറ്റിനുള്ള പിടിവലി മൂലം ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ ഏഴു സീറ്റിലും ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്. ഇക്കുറി സംസ്ഥാനത്തെ മുതിർന്ന രണ്ടു ഡസനോളം നേതാക്കളാണ് സ്ഥാനാർത്ഥിത്വത്തിനായി ചരടുവലിക്കുന്നത്. കോൺഗ്രസ് - എ.എ.പി സഖ്യം സംബന്ധിച്ച ചർച്ചകൾ നീളുന്നതും ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയം നീളാൻ കാരണമായെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാവ് വ്യക്തമാക്കിയത്. 75 പിന്നിട്ട നേതാക്കളുടെയും യുവ നേതാക്കളുടെയും സീറ്റ് മോഹം മറ്റിടങ്ങളിലെന്നപോലെ ഡൽഹിയിലും ബി.ജെ.പിക്ക് ഭീഷണിയാണ്.

Read More >>