സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ തിളക്കം കുറയുന്നു; കഫേ കോഫി ഡേ ഏറ്റെടുക്കാനാലോചിച്ച് കൊക്കകോള

രാജ്യാന്തര കോഫി ചെയിനായ കോസ്റ്റ കോഫി നേരത്തെ കൊക്കകോള ഏറ്റെടുത്തിരുന്നു.

സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ തിളക്കം കുറയുന്നു; കഫേ കോഫി ഡേ ഏറ്റെടുക്കാനാലോചിച്ച് കൊക്കകോള

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ക്ക് പ്രിയം കുറയുന്നതോടെ ലഹരി പകരുന്ന കോഫി ബിസിനസിനെ കുറിച്ചാലോചിക്കുകയാണ് കൊക്ക കോള. കോഫി വിതരണ രംഗത്ത് പുതിയ ബ്രാന്‍ഡ് രംഗത്തിറക്കാന്‍ ലക്ഷ്യമിട്ട് കൊക്കകൊള കഫേ കോഫി ഡേ യുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണ്. കടബാധ്യത മൂലം കഫേ കോഫി ഡേ യുടെ ഉടമസ്ഥന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതോടെ മുടങ്ങിയ ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുകയാണ് കൊക്ക കോള.

ഇന്ത്യയിലെങ്ങും ശാഖകളുള്ള യുവാക്കളുടെ ഹരമായ കോഫി ചെയിനാണ് കഫേ കോഫി ഡേ. കടബാധ്യത മൂലം ഉടമസ്ഥന്‍ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യം ചെയ്തത് അടുത്തിടെയാണ്. അതിന് തൊട്ടുമുന്‍പ് വരെ കടബാധ്യതയുള്ള സ്ഥാപനത്തെ ഏറ്റെടുക്കുന്ന കാര്യം ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. കൊക്ക-കോള, ഐ.ടി.സി എന്നീ ഗ്രൂപ്പുകളുമായി ഓപ്പറേഷണല്‍ പാര്‍ട്ട്ണര്‍ ഷിപ്പിലേര്‍പ്പെടുന്ന കാര്യം ആലോചിക്കുകയാണെന്ന് കാണാതാകുന്നതിന്റെ മുന്‍പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ് വിശദികരിക്കുന്നുണ്ട്.

മാര്‍ക്കറ്റില്‍ 25000 മുതല്‍ 30000 ടണ്‍ കോഫി വരെ കഫേ കോഫി ഡേ വഴി എത്തിക്കുന്നുണ്ട്. പുതുതായി ആരംഭിച്ച റോസ്റ്റിങ്ങ് സംവിധാനം വഴി 15000 ടണ്‍ കോഫി റോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും സിദ്ധാര്‍ത്ഥ് കത്തില്‍ പറയുന്നു. രാജ്യത്താകെ 1,750 വില്‍പനശാലകളുള്ള സിസിഡിയുടെ ഓഹരികള്‍ കോക്കകോളയ്ക്കു 10,000 കോടി രൂപയ്ക്കു വില്‍ക്കാനായിരുന്നു സിദ്ധാര്‍ഥയുടെ ശ്രമം. എന്നാല്‍ കമ്പനിയുടെ പൂര്‍ണ നിയന്ത്രണം കൊക്കകോള ആവശ്യപ്പെട്ടതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

സിദ്ധാര്‍ത്ഥിന്റ മരണത്തോടെ വഴിമുട്ടിയ ചര്‍ച്ച പുനരാരംഭിച്ചിരിക്കുകയാണ് ഇരുക്കൂട്ടരും. കാര്‍ബണേറ്റഡ് ശീതള പാനീയങ്ങളുടെ മയക്കവും തിളക്കവും സമൂഹത്തില്‍ കുറഞ്ഞതോടെയാണ് ഇന്ത്യയെങ്ങും ശാഖകളുള്ള കോഫീ ചെയിനില്‍ കൊക്ക കോളയുടെ കണ്ണു പതിച്ചത്. 8000 മുതല്‍ 10000 കോടി വരെയാണ് സിദ്ധാര്‍ത്ഥ കഫേ കോഫി ഡേ യുടെ വിലപ്പെട്ട ഷെയറുകള്‍ക്കായി കോക്ക് കമ്പനിക്കാരോട് ആവശ്യപ്പെട്ടത്. രണ്ട് പതിറ്റാണ്ട് കൊണ്ട് വളര്‍ത്തിയെടുത്ത തന്റെ ബ്രാന്‍ഡിന്റെ പൂര്‍ണ്ണമായ നിയന്ത്രണം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ സിദ്ധാര്‍ത്ഥ് ഇഷ്ടപ്പെട്ടിരുന്നില്ല.

ശീതള പാനീയങ്ങളോടുള്ള ജനങ്ങളുടെ താല്‍പര്യം കുറഞ്ഞുതുടങ്ങിയതോടെ നിരവധി ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്താന്‍ കോക്ക് ഗ്രൂപ്പ് ശ്രമിച്ചിരുന്നു. മിനിറ്റ് മെയ്ഡ് വിറ്റിങ്കോ, വിയോ ഡയറി ഡ്രിങ്ക്, സികോ കോക്ക്‌നട്ട് വാട്ടര്‍.പ്രാദേശിക പാനീയങ്ങളായ ജല്‍ ജീര, ആം പാന എന്നിവ അവയില്‍ ചിലതാണ്. രാജ്യാന്തര കോഫി ചെയിനായ കോസ്റ്റ കോഫി നേരത്തെ കോക്ക കോള ഏറ്റെടുത്തിരുന്നു. കടുപ്പവും ലഹരിയും നുരയുന്ന കോഫി ബിസിനസ്സില്‍ കോക്കിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമായി ഉണ്ടാവുമോയെന്ന് അടുത്ത് തന്നെ അറിയാം.

Next Story
Read More >>